ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
ഭാഷാ ക്ലാസ്സില്‍
മാഷ് പറഞ്ഞ ചിഹ്നവ്യവസ്ഥകളില്‍
എനിക്കേറ്റവും ബോധിച്ചത്
ചോദ്യചിഹ്നങ്ങളാണ്
ആരുമറിയാതെ
മനസ്സിന്റെ ലോക്കറില്‍
പണ്ടേ ഞാനവ
താഴിട്ടു പൂട്ടിയെങ്കിലും
അലങ്കാരബള്‍ബ് പോലെ
ഇടയ്ക്കിടെയവ
മിന്നിക്കത്തുമായിരുന്നു
കടന്നുപോന്ന
വളവുതിരിവുകളിലൊക്കെ
ഞാന്‍ കണ്ട കൈചൂണ്ടികളില്‍
അവയുണ്ടായിരുന്നു
കാത്തിരുന്നു കിട്ടിയ
ഇരയെപ്പോലെ
പലപ്പോഴുമവയെന്നെ
പൂണ്ടടക്കം പിടിച്ചു
ഒരു മീന്‍ പോയേ... കളിച്ചപ്പോള്‍
ഊഴ്ന്നുരക്ഷപെട്ടപോലെ
ചിലപ്പോഴൊക്കെ ഞാന്‍ തടിതപ്പി
കൂര്‍ത്തയഗ്രം
അകത്തേക്കാക്കി അമര്‍ത്തിപ്പിടിച്ചാലും
അവയെന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു
അമ്മയുടെ ഒക്കത്തിരുന്ന്
വെടിക്കെട്ടുകണ്ടു കരയുന്ന
കുഞ്ഞിനെപ്പോലെ
കണ്ണുകളടച്ച്
ഞാനുറക്കെ കരഞ്ഞത്
ശ്രവണപരിധിക്കു പുറത്തായതിനാല്‍
ആരും കേട്ടിട്ടുണ്ടാവില്ല
ചൂണ്ടയില്‍ കൊളുത്തപ്പെട്ടയിരയായി
തൂങ്ങിയാടുമ്പോഴും
തത്വശാസ്ത്രങ്ങളില്‍ത്തട്ടി
ബൂമറാങ്ങ് പോലെയെത്തുന്ന
ചോദ്യചിഹ്നങ്ങളെ
അനുസന്ധാനം ചെയ്യാതിരിക്കാന്‍
എനിക്കാവുന്നില്ല