ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രതീഷ് കൃഷ്ണ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മഴപ്പാറ്റകള്‍ എന്തിനാണെന്നെ
പിന്തുടരുന്നത്?
നിങ്ങളുടെ ഉത്ഭവകാരണമാകുന്ന
മണ്ണോ ആഘോഷവും
നശ്വര ഹേതുവുമായ അഗ്‌നിയോ
അല്ല ഞാന്‍.
നിങ്ങള്‍ എന്നില്‍നിന്ന്
ഉരുവപ്പെടുന്നതെന്തിന്;
വിഷപ്പാമ്പിന്‍
പുറ്റില്‍നിന്നെന്നപോലെ
ചിറകുകളെന്നില്‍
കുടഞ്ഞെറിയുന്നതെന്തിന്,
കൂരയിലെയൊറ്റ
വിളക്കിലേക്കെന്നപോലെ.
ചിറകുകള്‍ കളഞ്ഞ്
നിങ്ങള്‍ ഇണചേരുന്നു
ഏത് അസ്തിത്വ തത്ത്വമിത്!
ഈയലുകളേ,
ഇത് അരയാല്‍ വേരുകളല്ല
എന്റെ മുടി ജടയാവുന്നതാണ്.
ഇത് മഴക്കാലമല്ല
ഈറനിറ്റുന്നതാണ്
ഞാന്‍ രാത്രിയോ
പകലോ അല്ല
നിങ്ങള്‍ക്ക് ഋതുക്കള്‍
തെറ്റിയിരിക്കുന്നു.
അഗ്‌നിയിലേക്കും
മണ്ണിലേക്കും നിങ്ങള്‍ മടങ്ങിപ്പോകുന്നു
ഇണചേരുന്നവ, പ്രാണന്‍ വെടിഞ്ഞവ
ഞാന്‍ ദീര്‍ഘശ്വാസമെടുത്ത്
ആകാശത്തിലേക്ക് നോക്കുന്നു
മഞ്ഞുകാലത്തെ നക്ഷത്രങ്ങള്‍
ചെറുതായി തണുത്ത്
വിറകൊള്ളുന്നു.