ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രഞ്ജിത് മഠത്തും പടിക്കല്‍ എഴുതിയ മൂന്ന് കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
പറഞ്ഞുതരാമോ?
ചേക്കേറാനൊരുങ്ങുന്ന പറവകളേ,
ആകാശത്ത്
നിങ്ങള്‍
കൂട്ടംകൂടി
ചിത്രമെഴുതുന്നതെങ്ങനെയാണെന്ന്
എനിക്ക് പറഞ്ഞുതരാമോ?
അച്ചടക്കമില്ലാത്ത
ഈ ആള്‍ക്കൂട്ടത്തിനെ
ആ സൂത്രമുപയോഗിച്ച്
ഒരുവേള
നൃത്തംചെയ്യിക്കാന്‍ പറ്റിയിരുന്നെങ്കില്‍
എന്ത് രസമായേനെ.
വരിവരിയായി നീങ്ങുന്ന ഉറുമ്പുകളേ,
ഈ ഒരുമയുടെ
ഉറവിടമേതാണെന്ന്
പറഞ്ഞുതരാമോ?
ക്യൂ നില്‍ക്കാന്‍പോലുമറിയാത്തവരാണ്
ഞങ്ങള്‍ പാവം മനുഷ്യര്‍.
ഒരേ വീട്ടില്‍ അന്തിയുറങ്ങുന്ന തേനീച്ചകളേ,
ഇത്രയും വലിയ കൂട്ടുകുടുംബത്തിനെ
നിങ്ങളെങ്ങനെയാണ്
മധുരിക്കുന്ന
ഒരു തേന്‍കൂടാക്കിമാറ്റിയത്?
നിങ്ങള്‍ പറഞ്ഞുതന്നാലും
ഞങ്ങള്‍ക്കത്
ജീവിതത്തില്‍ പകര്‍ത്താനാവില്ലെന്നറിയാം!
കുപ്പായം
സ്‌നേഹത്തിന്റെ കുപ്പായത്തിന്
വെള്ളനിറമാണ്.
കറവീണാല്‍പ്പിന്നെ
മായ്ക്കാന്‍ പാടാണ്.
പുതിയത്
റെഡിമേഡ് വാങ്ങാന്‍കിട്ടില്ല,
അളവെടുത്ത് തയ്പ്പിക്കാനും പറ്റില്ല.
അതുകൊണ്ടാണ്
ഞാനിപ്പോഴും
ആ പഴയ
കീറക്കുപ്പായം ധരിക്കുന്നത്.
അടയാളങ്ങള്‍
മേഘങ്ങള്‍
മരിച്ചുപോവുന്നത്
കണ്ടിട്ടില്ലേ,
ആകാശത്ത്
ഓര്‍മ്മകളൊന്നും
ബാക്കിവയ്ക്കാതെ,
ഉടല്‍
ഭൂമിയില്‍ ഉപേക്ഷിച്ചുകൊണ്ട്.
ഇന്നലെരാത്രി
അവര്‍
ജീവിച്ചിരുന്നതിന്റെ അടയാളങ്ങള്‍
ഒരു മുറ്റംനിറയെ
ഇപ്പോള്‍
നനഞ്ഞുകിടപ്പുണ്ട്.
അയയില്‍
ഉണക്കാനിട്ടിരുന്ന
കുറച്ചു തുണികള്‍ക്ക്
ജലദോഷം പിടിച്ചിട്ടുണ്ട്.
ചെടിച്ചട്ടിയില്‍നിന്നും
ഒരു വിത്ത്
ഉറക്കമെണീറ്റ്
അന്തംവിട്ടിരിപ്പുണ്ട്.
കിണര്‍
ഒന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല,
പക്ഷേ തൊട്ടടുത്ത്
ഒരു പ്ലാസ്റ്റിക്ക് ബക്കറ്റിന്റെകയ്യില്‍
രാത്രി സംഭവിച്ചതിന്റെ
കൃത്യമായ കണക്കുകളുണ്ട്.
കുറച്ചുകഴിഞ്ഞാല്‍
ആ മുറ്റം
വീണ്ടും പഴയതുപോലെയാവും.
മഴ അതിന്റെയോര്‍മ്മകളെല്ലാം പെറുക്കിക്കൂട്ടി
ആകാശത്തിലേക്ക് മടങ്ങിപ്പോകും.
മനുഷ്യര്‍ ജീവിച്ചതിന്റെ
അടയാളങ്ങള്‍മാത്രം
ഭൂമിയിലും
മേഘങ്ങള്‍ക്കപ്പുറത്ത്
ഓസോണ്‍പാളികളിലും
മായാതെ കിടക്കും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...