ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രംനേഷ് പി വി എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
തീ തൊടുമ്പോള്‍
നീയുള്ളപ്പോഴാണ്
എനിക്ക് തീപ്പിടിക്കുക.
അപ്പോഴാണ് ചൂടേറ്റെന്റെ
വിത്തു പൊട്ടുക
നീയില്ലാത്തപ്പോള്‍
ഞാനൊരു നനഞ്ഞ
വിറകുകൊള്ളിയാണ്
എന്റെ ശവദാഹത്തിന്
വന്നവരുടെ കൂട്ടത്തില്‍
നീയില്ലേയെന്ന് അക്ഷമയോടെ ഞാനന്വേഷിക്കും
മരണത്തിന്റെ ക്ഷീണത്തില്‍
എനിക്ക് വരാന്‍
കഴിഞ്ഞെന്നുവരില്ല
പരിണിത പ്രജ്ഞനായ
ഒരു ബലിക്കാക്കയോട്
ഞാന്‍ ചോദിക്കും,
പിതൃക്കളുടെ
ഉപ്പും ചോറും തിന്നവര്‍
കള്ളം പറയില്ല.
അന്യഗ്രഹജീവികള്‍
അനന്തകോടി
പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം
ഭാഷ കണ്ടുപിടിക്കാത്ത
ഏതോ ഗ്രഹത്തില്‍ നിന്നും
അവര്‍ നമ്മെ നിരീക്ഷിക്കുന്നു.
കുഴിമാടത്തിലിരുന്ന് നമ്മള്‍
കെട്ടിപിടിക്കുമ്പോള്‍
ജീവന്‍ കണ്ടെത്തിയെന്ന്
ആഹ്ലാദിക്കുന്നു.
വിയര്‍പ്പില്‍ക്കുളിച്ച്
നാം നനയുമ്പോള്‍
നദിയൊഴുകിയിട്ടുണ്ടെന്ന്
അവര്‍ അനുമാനിക്കുന്നു
കിതപ്പുകളുടെ
ഉപഗ്രഹചിത്രം കണ്ട്
കാറ്റുണ്ടെന്ന് സ്ഥിരീകരിക്കുന്നു
കുഴിമാടത്തിലിരുന്ന് നമ്മള്‍
ചുംബിക്കുമ്പോള്‍
ദ്രവ്യത്തിന്റെ ഏറ്റവും പുതിയ
അവസ്ഥയെക്കുറിച്ച്
ചൂടുള്ളൊരു വാര്‍ത്ത പരക്കും
മോക്ഷം
അനാദിയിലെ
വനാന്തരങ്ങളില്‍
നിന്നുത്ഭവിക്കുന്ന നിന്റെ
ചുവന്ന പുഴയില്‍
മുങ്ങിയല്ലാതെ
മറ്റൊരു മോക്ഷവും വേണ്ട.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...