ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. രാജന്‍ സി എച്ച് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
രാത്രി
പുറത്തൊരു നിലാവുമരം
പൂത്തിരിക്കുന്നു.
ഇല്ലാത്തൊരു കിളിവാതിലിലൂടെയെന്ന്
ഞങ്ങളതു നോക്കി നില്‍ക്കുന്നു.
കതകുകളില്ലാത്ത വാതിലുകളിലൂടെ
പുറത്തിറങ്ങാനാവാതെ നില്‍ക്കുമ്പോള്‍
പൂമണമുടലില്‍ പൂശിയൊരു കാറ്റു വന്ന്
ഞങ്ങളെ കെട്ടിപ്പിടിക്കുന്നു.
മണം കൊണ്ട് ഞങ്ങളുടെ
മൂക്കടച്ചു പിടിച്ച്
കാറ്റ് ഞങ്ങളെ പുറത്തേക്ക്
വലിച്ചു കൊണ്ടു പോകുന്നു.
നിഴലുകള്‍ വിചിത്രചിത്രങ്ങള്‍
വരച്ചൊതുക്കിയ പാതയാണ്.
മുകളില്‍ നക്ഷത്രമൊട്ടുകള്‍
നിലാവു മരത്തില്‍ നിറയെ.
കൈ നീട്ടിയാല്‍ത്തൊടാമെന്നവള്‍
നീട്ടിയ കൈകള്‍ ഒരമ്പായി
എന്റെ ഹൃദത്തിലൂടെ തുളച്ച്
ചന്ദ്രനില്‍ കല വീഴ്ത്തുന്നു.
സ്വപ്നമാകുമോയെന്ന്
ഞാനവളെ തൊട്ടു നോക്കി.
സ്വപ്നമല്ലെന്ന്
അവളുണ്ട്.
നിലാവിന്റെ മരമുണ്ട്
ആകാശം മൂടി.
നടക്കുകയോ ഒഴുകുകയോ
എന്നറിയുന്നില്ല പാതയില്‍,
നിലംതൊടാതെ കാലുകള്‍.
പെട്ടെന്ന്
നിലാവിന്റെ മരം
കടപുഴകി വീണു.
നക്ഷത്രങ്ങള്‍ പലപാട് തെറിച്ച്
അപ്രത്യക്ഷരായി.
തോളില്‍ കൈയിട്ടിരുന്ന കാറ്റും
അവളും ഇരുട്ടിലായി.
പാതകളില്ലാതായി.
ഇരുട്ടിന്റെ ചുവരുകളുയര്‍ന്നുയര്‍ന്ന്
ആകാശത്തെ മറച്ചു.
ചന്ദ്രന്റെ പാതിമുഖം
ഇതുവരെ കണ്ടിട്ടില്ലാത്തൊരു മൃഗത്തിന്റെ
തുറന്ന വായയായി നേരെ വന്നു.
ഞാനോ പിന്നോട്ടേക്കേ
ഓടിയോടി
ഏതോ താഴ്ച്ചയിലേക്കു
വീണു വീണ്...
വീഴുന്നതാരായാലും
കണ്ടു കണ്ട് ഞാനും.