Malayalam Poem : നാല് ലോക ചിത്രങ്ങള്‍, ആര്‍ ശ്രീജിത്ത് വര്‍മ്മ എഴുതിയ കവിത

By Chilla Lit Space  |  First Published Apr 9, 2022, 3:18 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആര്‍ ശ്രീജിത്ത് വര്‍മ്മ എഴുതിയ കവിത

 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

1.

പുരാവൃത്തത്തില്‍ 
പുഴു കൊല്ലും തക്ഷകനാകുന്നു.
ഡിസ്റ്റോപിയയില്‍
ജീവിക്കുന്ന കുട്ടി
കടുകു മണിയിലും
ചെറിയൊരണുവിനാല്‍
ഇപ്പോള്‍ അനാഥനാക്കപ്പെട്ടിരിക്കുന്നു.

അവന്‍ ഇപ്പോഴും
അടച്ച മുറിയിലാണ്.

അവന്റെ അന്ത്യചുംബനവും
യാത്രാമൊഴിയും
കുപ്പായക്കീശയിലെ
ഫോട്ടോ നോക്കിയാണ്.


 2.

ദുര്യോധന സഭയില്‍
നിന്നിറങ്ങിയ പെണ്ണ്
ഇപ്പോള്‍ സഹസ്രം പെണ്ണുങ്ങള്‍.

വിദ്യാര്‍ത്ഥിനി, ജോലിക്കാരി, യാത്രിക.
ആ രാത്രിയില്‍
വീടെത്താത്തവര്‍ക്ക്
ദുഃഖത്തിന്റെ തവിട്ടു ചെടികള്‍ പോലെ
എങ്ങും ശവകുടീരങ്ങള്‍ മുളയ്ക്കുന്നു.

3

കലിംഗ, ഹിരോഷിമ
ബാഗ്ദാദ്, യുക്രൈന്‍.

യുദ്ധനാമാവലി ഒരിക്കലും
അവസാനിയ്ക്കുന്നില്ലെന്ന്  
പുതിയ അധിനിവേശങ്ങളുടെ
പീരങ്കിപ്പെരുക്കം.

എളുപ്പം വെട്ടാവുന്ന
എളിയ മരങ്ങള്‍ പോലെ
മനുഷ്യര്‍  ഇരുപുറവും പെയ്യുന്നു.
ചുറ്റിനും ചുടല പോലെ
'പുതിയ വെയില്‍' [1] ആളിക്കത്തുന്നു!

 

4.

നിസ്സീമമായ മരുപ്പരപ്പിന്റെ
ഒത്ത നടുവില്‍ ഒരു ഒറ്റമരം
ഓര്‍മ്മ തിന്ന് ജീവിക്കുന്നു.

അവസാനത്തെ ഇല[2]
പഞ്ചാരഫലങ്ങള്‍  
ഖരവ്യൂഹത്തിലെ വെള്ളം
ബോധത്തിന്റെ സര്‍പ്പമെന്ന പോലെ
പൊഴിച്ചു കളയുന്നു
കാലത്തിന്റെ  അന്ത്യം
നിര്‍ദ്ദയം പ്രവചനം ചെയ്യുന്നു!

[1] കാലാവസ്ഥ വ്യതിയാനം മൂലം നാമിന്നനുഭവിക്കുന്നത് 'പുതിയ വേനലാ'ണെന്ന ബില്‍ മക്കിബന്റെ പരാമര്‍ശം

[2] ഒ. ഹെന്റിയുടെ 'അവസാനത്തെ ഇല' എന്ന ചെറുകഥയുടെ ഓര്‍മ്മ. 
 

click me!