ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രിയാമാളു എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഞാനില്ലായ്മയാണെന്റെ
വേവലാതി.
എന്റെ നിഴലുതട്ടാതെ
പൂത്തുപോയേക്കാവുന്ന
വെളിച്ചത്തെക്കുറിച്ചോര്‍ത്ത്,
എന്റെ മറവികളില്‍
ക്ലാവു പിടിച്ചേക്കാവുന്ന
ഓര്‍മ്മകളെക്കുറിച്ചോര്‍ത്തുള്ള
തീരാവേവലാതി.
ഞാനില്ലായ്മയില്‍
നിശ്ചലമായേക്കാവുന്ന
ഹൃദയം,
ഞാനില്ലായ്മയാല്‍
തുരുമ്പെടുത്തുപോകുന്ന
ചിരികള്‍.
ഞാനെന്നിങ്ങനെ-
യാവര്‍ത്തിച്ചുപറയുമ്പോള്‍
ഞാനില്ലായ്മയിലെ
ശൂന്യതയെ ഞാ-
നാട്ടിപ്പായ്ക്കാന്‍
ശ്രമിക്കുന്നു.
നിത്യശാന്തിയുടെ
അങ്ങേയറ്റത്ത്
ഞാന്‍ ശേഷിക്കുമെങ്കില്‍
എന്റെ വേദനകളെക്കുറിച്ചോര്‍ത്ത്,
പാതിക്കു തുപ്പിയ വരികളോര്‍ത്ത്,
ഒന്നിച്ചു വിഴുങ്ങിയ രഹസ്യങ്ങളോര്‍ത്ത്
വേവലാതിപ്പെടുന്ന്
മറ്റാരായിരിക്കും?
ഉപാധികളില്ലാത്ത
എന്റെ സ്‌നേഹം
അവകാശികളില്ലാതെ
ചത്തുനാറുമ്പോള്‍
കുഴികുത്തിമൂടുന്നത്
ആരായിരിക്കും?
ഞാനില്ലായ്മയിലെ
വേവലാതികള്‍
തീരുന്നില്ല.
എന്റെയവസാനം വരെ
അവയൊഴുകും.