Malayalam Poem : ക്യാമറക്കണ്ണില്‍, പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Jan 20, 2023, 5:32 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


ഓരോ  ഫോട്ടോക്ക് പിന്നിലും 
ഒരു കഥയുണ്ടാവും,
മുന്നിലും.

ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍
എന്തൊക്കെ കാഴ്ചകളാവും 
ഫോക്കസ് ചെയ്യുക?

മാറുന്ന കാലത്തിന്റെ 
ഒഴുക്കിനനുസരിച്ച്,
മാറുന്ന മുഖത്തിന്റെ 
ചുളിവുകള്‍, ഘടനകള്‍
മഷിപടര്‍ന്ന കണ്ണുകള്‍
വെള്ളിനൂല്‍ പാകിയ
മുടിയിഴകള്‍ 
അര്‍ത്ഥവും, ഉച്ചാരണവും
വിവര്‍ത്തനവും ഒറ്റ ക്ലിക്കില്‍.

അതുമല്ലെങ്കില്‍
കറുകത്തുമ്പില്‍
ഉതിര്‍ന്നു വീഴാനൊരുങ്ങുന്ന
കുഞ്ഞു ഹിമ കണം.

ചില്ലുജാലകത്തിലെ
കണ്ണീര്‍ മഴത്തുള്ളി.

അതുമല്ലെങ്കില്‍
വാകച്ചാര്‍ത്തുകള്‍
ഇലപൊഴിച്ച, 
ശിശിര സ്മൃതികള്‍ 
ഓര്‍മ്മയില്‍ പേറുന്ന -
രാജമല്ലി.
കാഴ്ചകള്‍ ഒപ്പിയെടുത്ത
പൂപ്പല്‍ ചിതറിയ ഓര്‍മ്മാള്‍.  


തെരുവോരം
പിഞ്ഞിക്കീറിയ
കുട്ടിയുടുപ്പിട്ട
പാറിപറന്ന, 
മുടിയിഴകളോടെ,
പശിയകറ്റാന്‍ പഴുതറിയാതെ
കയ്യിലെ നാണയത്തുട്ടില്‍
നോക്കിയിരിക്കുന്ന 
ബാല്യമാവും 
കറുപ്പും വെളുപ്പും ഫോട്ടോക്ക് 
പ്രചോദനമായിട്ടുണ്ടാവുക.


അവളുടെയോ, അവന്റെയോ
രുചി മുകുളങ്ങളൊരിക്കലും 
അറിയാത്ത ലഡ്ഡുവും ജിലേബിയും
മധുരിക്കുന്ന കാഴ്ച.

ഐസ് ക്രീം നുണയാത്ത
ചുണ്ടുകളില്‍ 
അവളറിയാതെയൊരു തണുപ്പിന്റെ 
നനവിറക്കുന്ന കൊതിപൂണ്ട നോട്ടം.

ഇറയത്തു തൂങ്ങിയാടുന്ന
പുകയേറ്റ് മഞ്ഞച്ച
ബ്ലാക്ക് ആന്‍ഡ് വൈറ്റ്
കല്യാണ ഫോട്ടോയില്‍
നോക്കവേ,
അച്ഛന്റെ ശൂന്യത 
അമ്മയുടെ കണ്ണുകളെ  
കുതിര്‍ക്കാറുള്ള കാഴ്ച.

ഒരു കറുത്ത കാലന്‍കുട
പൊക്കിയെടുക്കാന്‍ നോക്കുന്ന
ഒരു  വയസുള്ള വട്ടപ്പൊട്ടുകാരി
കുസൃതി കണ്ണുകളോടെ
നുണക്കുഴി തീര്‍ത്ത
ചിരിയുമായി.

ക്യാമറയില്‍
ഒപ്പിയെടുത്ത ചിത്രം
തൊട്ടുതാഴെ മിഴിവോടെ.

നനുത്ത മേനിയില്‍
അഴകോലും 
വെള്ളിയരിഞ്ഞാണം.
കരിമഷി പടര്‍ന്നകണ്ണുമായി
വട്ടകസേരയില്‍ 
കൈചുറ്റി 
മറ്റൊരോര്‍മ്മയുണര്‍ത്തും
പഴയകാല ചിത്രം.

മുല്ലപ്പൂ ചൂടിയ പാവാടക്കാരിയെയും 
പൊടി മീശക്കാരനെയും ഒക്കെ   
ഓര്‍മ്മകളുടെ
ഓരത്തേക്ക് കൈപിടിച്ച്
ഇന്നും നടത്തുന്ന
ഫീല്‍ഡ് ക്യാമറയില്‍
പതിഞ്ഞ സ്‌കൂള്‍ ഗ്രൂപ്പ് ഫോട്ടോ.

പാട്ടുപാവാട ഞൊറിയിട്ട് 
ശാലീനസൗന്ദര്യം 
ഒപ്പിയെടുത്ത 
നാടന്‍ ചേലിന്
മധുര പതിനേഴിനഴക് തീര്‍ത്ത
ഓട്ടോമാറ്റിക് ക്യാമറ.

മുറ്റത്തെ കണിക്കൊന്നയില്‍
കൈചുറ്റി, കവിത വിരിഞ്ഞ
കണ്ണുകള്‍ കൂമ്പിയ
ആദ്യത്തെ ദാവണിയഴക്
ഈസ്റ്റുമാന്‍  കളറില്‍
ഒട്ടും മങ്ങാതെ കാലത്തിന്റെ
ശേഷിപ്പായി ഇന്നും.

വാകപ്പൂവുകള്‍ 
മഞ്ഞപരവതാനി  വിരിച്ച
വഴിയിലെ ആദ്യ സമാഗമം
ഐറിഷ് ഡെപ്ത്തില്‍ ഒപ്പിയെടുത്തതു 
ഒരു പ്രേമം മൊട്ടിടാന്‍
തുനിയുന്ന  
അനര്‍ഘ നിമിഷത്തിന്‍
ഓര്‍മ്മപൂവായി വാടാതെ
ശേഷിക്കുന്നു.

നാളുകള്‍ കഴിഞ്ഞു
നിവര്‍ത്തി നോക്കുമ്പോള്‍
പതിനാറിന്റെയും, പതിനേഴിന്റെയും
ശോണിമ കവിളില്‍ തീര്‍ക്കുന്ന
നാണത്തില്‍  പൊതിഞ്ഞ ടീനേജ്.


ഒരു പെണ്ണുകാണല്‍
ചടങ്ങിന് മുന്നോടിയായി
നീലവിരിയിട്ട ജാലകക്കോണില്‍ 
നഖമുനയാല്‍
കളം  വരച്ച്  
ദാവണി തുമ്പ് കടിച്ച്, 
വാചലമായ
കണ്ണിന്‍ ഒളിഞ്ഞു നോട്ടം
ടൈമര്‍ ക്യാമറയില്‍
ഒപ്പിയെടുക്കാന്‍ തോന്നിച്ച
അനര്‍ഘ നിമിഷം
ഓര്‍മ്മകളെ തൊട്ടുണര്‍ത്താറുണ്ട്.

ചോര ചിന്തിയ
കാതുകുത്തിന്‍ വേദന ഒപ്പിയെടുത്ത
ട്വിന്‍ ലന്‍സ് റീഫ്‌ളക്‌സ് ക്യാമറ

മോതിരം മാറുമ്പോള്‍
സിംഗിള്‍ ലെന്‍സ് റിഫ്‌ലെക്‌സ്-
ക്യാമറ പകര്‍ത്തിയ 
ആദ്യനാണവും രോമഹര്‍ഷവും
നിറയുന്ന കണ്ണിലെ
നാണത്തിന്റെ നെയ് വിളക്കുകള്‍


ഒരു സ്വര്‍ണ തളികയില്‍
കല്യാണ പുടവ
കാല്‍തൊട്ടു വാങ്ങുമ്പോള്‍
ഒറ്റ നോട്ടത്തില്‍ ഒളിപ്പിച്ച
കള്ളനാണം ഒപ്പിയെടുക്കുന്ന
കാന്‍ഡിഡ് ഫോട്ടോഗ്രഫി.

ആദ്യ ചുംബനം
അവസാന ചുംബനം
കറുപ്പും വെളുപ്പും 
അഴകില്‍ നിന്നും
വര്‍ണ്ണ വൈവിധ്യങ്ങളിലേക്കുള്ള 
കുടമാറ്റം.

നാളെ ഓര്‍മ്മകളുടെ
പടിക്കെട്ടില്‍  
ശേഷിക്കുന്ന 
മരണമില്ലാത്ത
ചിത്രങ്ങള്‍.
കറുപ്പില്‍, വെളുപ്പില്‍
സപ്ത വര്‍ണ്ണങ്ങളില്‍
ഓര്‍മ്മപ്പൂക്കള്‍.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!