ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രതിഭ പണിക്കര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
വാടിമഞ്ഞച്ച അവസാനത്തെയില
ചെടിക്കൊമ്പില്‍ നിന്നടര്‍ന്ന് വീഴുന്നത് പോലെ,
എന്നേ ഉള്ളില്‍ യാത്ര നിലച്ച
രക്തവാഹിനികള്‍ക്കു മുകളിലെ
കരിനീലനഖച്ചീള്‍ കൊഴിയുന്നത് പോലെ
ഒരിയ്ക്കല്‍ തന്റേതുമായി
അത്രമേല്‍ അടുത്തിരുന്നൊരു
ഹൃദയത്തില്‍ നിന്നും
വേര്‍പെടാന്‍ കഴിയുമെന്നുണ്ടോ;
ഒട്ടുംതന്നെ വേദനിപ്പിയ്ക്കാതെ?
പലകുറി അടര്‍ത്തിമാറ്റി,
പശിമ തീരെ ഇല്ലാതെയായിമാറിയാല്‍ക്കൂടിയും
ഒരിക്കല്‍ ചേര്‍ന്നൊന്നായിരുന്നതിന്റെ
അടയാളയവശേഷിപ്പുകള്‍
ബാക്കിവയ്ക്കാതെ
ഒരൊട്ടിപ്പുപൊട്ടിനുപോലും
ഉതിര്‍ന്നുവീഴാന്‍ ആവാറുണ്ടോ?
സമതലങ്ങള്‍ക്കൊടുവില്‍
രണ്ടായിപ്പിരിയുന്നിടത്തും ഒരു പുഴ
എവിടേയ്ക്കാണോ ഒഴുകുന്നത്
അവിടെവച്ച് അല്ലെങ്കില്‍
നീര്‍ച്ചാലുകളിലൂടെയെങ്കിലും
മറ്റൊരിടത്ത് വച്ച്
വരുന്നൊരു കാലത്ത്
പരസ്പരം തൊടാമെന്ന്
പറയാതെ പിരിയുന്നുണ്ടാവുമോ?
നാം എന്നത്
ഏകവചനമായി ചുരുങ്ങുമ്പോഴും
ഉത്തരം പറയപ്പെടാത്ത ചോദ്യങ്ങള്‍,
ഉച്ചവെയിലില്‍ പതിവിലുമിരുളുന്ന
ഒറ്റനിഴല്‍,
മഴക്കുടയ്ക്കു കീഴിലെ ഒഴിവിടം
ഇവയൊക്കെയും
തങ്ങളെ പണ്ട് അന്യൂനങ്ങളാക്കിയിരുന്ന
മറുപകുതികളെ
ഓര്‍ക്കാതിരിക്കുന്നുണ്ടാവുമോ?
മേഘങ്ങള്‍ താണിറങ്ങി വന്നുതൊട്ട മണ്ണോ,
ശിശിരം വിട പറഞ്ഞ മരച്ചില്ലയോ,
വേനല്‍ പൂമരച്ചുവട്ടില്‍ ബാക്കിയാക്കുന്ന
പാടലനിറമോ
അങ്ങനെ, ഓരോ ഋതുപ്പകര്‍ച്ചയിലും
ഓരോരോ അവശേഷിപ്പുകള്‍
യാത്രയായതിനെ
ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിയ്ക്കും
എന്നിരിയ്‌ക്കേയും
തമ്മില്‍ അകന്നതിന്റെ ക്ഷതങ്ങള്‍
ഒന്നും പരസ്പരം കൈമാറാതെ
പ്രണയത്തില്‍ നിന്ന്
പതിയെ അകലാനാവുമെന്ന്
ആവര്‍ത്തിച്ചുപറഞ്ഞ്
നാം രണ്ടു വഴികളിലേയ്ക്ക്
തിരിയുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...