ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പ്രതിഭ പണിക്കര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
മാറ്റിയെടുക്കല്‍ അല്‍പം
ശ്രമകരമായേക്കാവുന്ന ശീലമാണിത്.
എങ്കിലും തുനിയുകതന്നെ.
അടരാടുന്നത് ഒറ്റയ്ക്കാണെങ്കില്‍ക്കൂടിയും
കണ്ടുനില്‍ക്കുന്നവര്‍ക്കും
പരിക്കുകള്‍ പറ്റിക്കൊണ്ടിരിയ്ക്കയാണല്ലോ.
നാലുചുമരുകള്‍ക്കിടയിലെ
പതിയെ ഊര്‍ന്നുവീഴുന്ന
ജലധാരയ്ക്കുകീഴെ നില്‍ക്കുമ്പോഴും
വനാന്തരത്തില്‍ പാറക്കെട്ടുകളില്‍നിന്ന്
കുളിര്‍ന്നൊഴുകിവരുന്നൊരു
വെള്ളച്ചാട്ടത്തിലാണു നനയുന്നതെന്നുതോന്നും;
വാതില്‍ക്കല്‍ കേള്‍ക്കുന്നൊരു ശബ്ദം
ആ സ്വപ്നസ്ഥലിയില്‍നിന്ന്
കൈപിടിച്ച് തിരികെയെത്തിയ്ക്കുവോളം.
പൂര്‍വ്വാഹ്നത്തില്‍ പതിവുതിരക്കുള്ള
വണ്ടിയുടെ അരികിരിപ്പിടത്തിലിരുന്ന്
ഒരു പുസ്തകത്തിന്റെ ഉള്ളടക്കത്തിലേയ്ക്ക്
ഊളിയിട്ടുകഴിഞ്ഞാല്‍പ്പിന്നെ
എത്തേണ്ടയിടത്ത് ഇറങ്ങാനാവാതെ
വായനയെ ഹൃദയഭാഷയിലേയ്ക്ക്
ലിപ്യന്തരണം ചെയ്തങ്ങനെ
ഒരൊറ്റദ്വീപില്‍ ലോകത്തെ മറന്നിരിയ്ക്കും.
പകല്‍വീഥിയ്ക്കരികിലൂടെ നടക്കുമ്പോള്‍
പൊടുന്നനെ ഗതാഗതവിളക്കുകള്‍ നിറം മങ്ങി
മിന്നുന്ന താരകങ്ങള്‍
കണ്മുന്നില്‍ത്തെളിയും.
നടപ്പാതയില്‍ വജ്രക്കല്ലുകളാല്‍
അലങ്കരിയ്ക്കപ്പെട്ട ആകാശവിതാനത്തിനുകീഴെ
നടത്തമറിയാതെ ഞാന്‍ നില്‍ക്കും;
നേരത്തിന്റെ വഴിമറന്ന്.
സന്ധ്യാകാശക്കാഴ്ചയില്‍
ഏറ്റവും നേര്‍മ്മയായ
മേഘക്കൂട്ടത്തിലേയ്ക്കുയരാന്‍
എനിക്ക് ചിറകുകള്‍ മുളയ്ക്കും;
സോഡിയം വിളക്കുകള്‍
മഞ്ഞയണിയിക്കുന്ന രാവഴികളിലേയ്ക്ക്
ഉഭയജീവിതവേഷത്തിന്റെ ചുളിവുകള്‍
മിനുസപ്പെടുത്താതെ,
നഗരത്തിനൊത്ത ചമയങ്ങളണിയാതെ
താമസിയാതെ വീണുതകരേണ്ടതാണെന്ന്
തീരെയോര്‍ക്കാതെ.
ബാല്‍ക്കണിയഴിയിലൂടെ കാണുന്ന
കൃത്രിമജലാശയത്തിന്റെ നീലത്തെളിച്ചം,
താഴെ ചെടികളുടെ ഇലയനക്കം,
തൊടാവുന്ന ആകാശച്ചെരിവിലെ മഴവില്‍ത്തുണ്ട്
ഇതിലൊക്കെയുംനിന്ന്
മുന്നറിയിപ്പൊന്നുമില്ലാതെ,
പെട്ടെന്നുള്ള വിടുതല്‍
പരിചിതമായ ഇടങ്ങളെപ്പോലും
അറിയാദേശങ്ങളാക്കുന്നു.
ഇത് അവിടെയും, ഇവിടെയും അല്ലാത്ത
ഭിന്നസ്ഥലജീവിതം.
നഷ്ടമാവല്‍നേരങ്ങളിലെ
ഭാരമില്ലായ്മയ്ക്ക് ഇവിടെ വല്ലാത്ത ഭാരം!
താങ്ങാവുന്നതല്ല, പകുക്കാനും വയ്യ.
ഇനി വരികളില്‍നിന്ന്
താഴോട്ടിറക്കം.