മുടന്ത്, നിധിന്‍ വി.എന്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Apr 13, 2021, 7:28 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നിധിന്‍ വി.എന്‍ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

 

മുടന്ത്

1

തിരിച്ചറിയുന്നതിനാല്‍
അകലത്തില്‍ നിന്നുപോലും
ഒളിക്കാനാകുന്നില്ല.

കാല്‍പന്ത് കളിക്കാനോ,
ക്രിക്കറ്റ് കളിക്കാനോ,
ഓടിപിടിക്കാനോ കൂട്ടുന്നില്ല.

കൊയ്യാന്‍ പോകുമ്പോള്‍
മണ്ണപ്പം ചുട്ടുകളിക്കുന്ന പിള്ളേര്‍ക്കിടയിലോ,
ഒച്ചംകുത്തി കളിക്കുന്നവര്‍ക്കിടയിലോ
അമ്മയെന്നെയാക്കുന്നു.

ഒന്നൊളിച്ചു കളിക്കാന്‍ പോലുമാകാതെ
കളിയിടങ്ങളില്‍ മുടന്തി
പുറത്തു പോകുന്നു.

നടക്കാന്‍ തുടങ്ങുമ്പോള്‍
തിടുക്കപ്പെടേണ്ടതില്ലെന്ന് പറയും,
ഒപ്പമെത്താന്‍ എളുതല്ലാതെ
തിടുക്കപ്പെടും,
ആരും കാണാതെ
അടക്കിപിടിക്കും കിതപ്പ്.


2

മുടന്തന്റേതല്ലാത്ത ഒരു വേഷവും
എനിക്ക് കിട്ടുന്നില്ല.

കറുത്തുപോയതിനാല്‍,
പൊക്കമില്ലാത്തതിനാല്‍,
ചേരിയില്‍ കഴിയുന്നതിനാല്‍
കള്ളന്റെ വേഷം മാത്രം കെട്ടേണ്ടി വന്ന
ഒരുവനെ പോലെ, ഞാനും.

3

കളിക്കളത്തിനു പുറത്തു നില്‍ക്കുന്ന,
വേഗങ്ങളോട് മത്സരിക്കാനാവാത്ത എന്നെ
കാലപാമ്പു കടിച്ചു.
നീറ്റലും പുകച്ചിലും
ഉടലില്‍ ഉറഞ്ഞുതുള്ളി.
വേദന കൊണ്ട്
രണ്ടുകാലും ഒരുപോലെയാകാന്‍
കൊതിച്ചു.

ഇരട്ടകളില്‍
നിറമില്ലാത്തവനെപോലെ,
മനിതരില്‍
പെണ്ണുങ്ങളെപോലെ,
ട്രാന്‍സിനെപോലെ,
ഒരേയിടത്തും
മുടന്തന്‍ രണ്ടാമതാകുന്നു.


4

ദുര്‍ബലന്‍,
പാവം,
വിട്ടുകൊടുത്തുക്കാണും.

മുന്നേറിയ ഇടങ്ങളില്‍
വാക്കുകള്‍ ഹനിക്കുന്നു,
പരിഹസിക്കുന്നു.

5

ചേരിയില്‍ നിന്നൊരാള്‍
മുന്നേറുംപോലെ
ഇരട്ടി പരിശ്രമങ്ങളുടെ
ശ്രമഫലമാണ്
മുടന്തന്റെ ജീവിതം.

മുടന്ത്,
ആദ്യാക്ഷരത്തില്‍ നിന്ന്
മറ്റക്ഷരത്തിലേക്കുള്ള
വിക്കാണ്.

6

വിയര്‍ത്തു നില്‍ക്കുന്നു
കറുപ്പ്,
കിതപ്പൊതുക്കുന്നു ഒരുവള്‍,
അവര്‍ക്കൊപ്പം
പരിശ്രമങ്ങളിലെല്ലാം മുടന്തിയൊരാള്‍
വിജയിച്ചു നില്‍ക്കുന്നു.

പൂര്‍വ്വപിതാക്കളുടെ വിജയഗാഥയെ
വാക്കുകള്‍ കൊണ്ടയാള്‍
തന്നിലേക്ക് വിളക്കി ചേര്‍ക്കുന്നു.
ചരിത്രത്തില്‍,
അയാള്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍
കറുപ്പനും അവളും എവിടെ?

7

മുടന്തുന്നൊരു റോബോട്ടും
വിപണിയിലെത്തില്ല,
മുടന്തുന്നൊരു സമരവും
ലക്ഷ്യത്തിലെത്തില്ല.

പഠനത്തിലും
കളിക്കളത്തിലും
എഴുത്തിലും
ആരും മുടന്താന്‍ ആഗ്രഹിക്കുന്നുമില്ല.
എന്നിരുന്നാലും,
ഏറിയും കുറഞ്ഞും
ഉള്ളിലൊരു മുടന്തനെ
താലോലിക്കുന്നുണ്ടേവരും.

click me!