ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നിഷാന്ത് കല്ല്യാണി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒരു തീവണ്ടി യാത്രക്കിടയിലാണ്
അവളും ഞാനും കണ്ടുമുട്ടുന്നത്
ഞങ്ങളും വിപരീത
ദിശകളിലേക്കോടുന്ന
തീവണ്ടികള്‍ തന്നെയാണ്,
വേഗത കൂടിയും കുറഞ്ഞും
ഇരുമ്പ് ചക്രങ്ങള്‍ പാളങ്ങളില്‍
തീ പാറിച്ചുമങ്ങനെ.
എങ്കിലും,
നിരന്തരം ഏതെങ്കിലുമൊരു
ലെവല്‍ക്രോസുകളില്‍
ഞങ്ങള്‍ കണ്ടുമുട്ടും
വിളറി വെളുത്ത് നരച്ച
പകലുകളെയും,
കറുത്ത് കരിപ്പിടിച്ച
രാത്രികളെയും കുറിച്ചാണ്
അവള്‍ വാ തോരാതെ
സംസാരിച്ചിരുന്നത്.
മുഷിഞ്ഞു നാറിയ വിയര്‍പ്പിന്
സുഗന്ധമാണെന്ന് ഞാനും
അല്ല ദുര്‍ഗന്ധമാണെന്നു
അവളും നിര്‍ത്താതെ
കലഹിക്കും
വാക്കുകളുടെ വേലിക്കപ്പുറത്ത്
മൗനത്തിന്റെ ജനാലയ്ക്കരികില്‍
ഒരു ചിരിയെ പെറ്റിട്ട് വെച്ച്
അടുത്ത സ്റ്റേഷനില്‍
അവള്‍ ഇറങ്ങിപോകും
കവേ ,
മറക്കാന്‍ വേണ്ടിയെങ്കിലും
എന്നെ ഓര്‍മ്മിക്കണം
ടെയിനിലെ സ്ഥിരം ചായയിലേക്കൂതി
അവള്‍ പറഞ്ഞു.
ഓര്‍മ്മകള്‍ നിര്‍ത്താതെ
നിറയൊഴിക്കുന്ന വെടിയുണ്ടകളുടെ
ഭാഷയാണെന്ന് ഞാന്‍ പറഞ്ഞത് കേട്ട്
അവള്‍ ഉറക്കെ ചിരിച്ച്
ഇറങ്ങി പോയി
എന്റെ അതിര്‍ത്തിയില്‍
നുഴഞ്ഞു കയറിയതിന്
ശേഷമാണ്
അവളെന്നോട് എപ്പോഴും
യുദ്ധം പ്രഖ്യാപിക്കുന്നത്.
അതിക്രമിച്ച് കടക്കുന്നവര്‍
ശിക്ഷിക്കപ്പെടുമെന്ന്
പറയാന്‍ ഞാനും മറന്നു.