ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മുഹമ്മദ് സഹല്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വേരാഴ്ന്നു
മുളച്ചു പൊങ്ങി
ചില്ല പൊട്ടി
ഇല നാമ്പിട്ടയന്ന്
സൗഹൃദം പറഞ്ഞതാണ്
ഒരു മഴചാറ്റലില്‍ ഒന്നിച്ചു നനഞ്ഞു.
ഇളങ്കാറ്റില്‍ ഒന്നിച്ചാടി.
തിമിര്‍ത്തു പെയ്‌തൊരു പേമാരിയില്‍ തണലിട്ടു.
ആഞ്ഞുവീശിയൊരു കൊടുങ്കാറ്റില്‍
ചേര്‍ത്തു പിടിച്ചു.
തളിരില,
ഇലയായ്
ചുവന്ന്
പഴുത്ത്
കരിയിലയായ്
മാറിയയന്നാണ്
വിരഹത്തെക്കുറിച്ചോര്‍ത്തത്.
ഒരു പേമാരിക്കൊപ്പം
നിലം പൊത്തിയ നാളാണ് വേദനയറിഞ്ഞത്.
മൗനം മിണ്ടിത്തുടങ്ങി
ആകാശം പെയ്യാതായി
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മി
കിളികള്‍ പാടാതായി
പൂക്കള്‍ കൊഴിഞ്ഞു തുടങ്ങി
വീണ്ടുമൊരു മഴപ്പാറ്റലിനൊപ്പം
ഇലകള്‍ നാമ്പിട്ടു
സൗഹൃദവും
ആകാശം പെയ്തു,
കിളികള്‍ പാടി
നക്ഷത്രങ്ങള്‍ കണ്ണിറുക്കി
പൂവിനൊപ്പം വാക്കും പൂത്തു.
എക്കാലവും പൂത്തിരിക്കാന്‍ ഒരു വസന്തത്തിനുമാവില്ലല്ലോ.
വസന്തം മറയും
മഞ്ഞു വീഴും
ഹേമന്തം പെയ്യും
സൂര്യന്‍ ജ്വലിക്കും
നമ്മളതിനെ ജീവിതമെന്ന് വിളിക്കും
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...