ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. എം യു പ്രവീണ്‍ എഴുതിയ മൂന്ന് കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഞങ്ങളുടെ സാമൂഹ്യ ജീവിതവും
ഒമ്പതാം നമ്പര്‍ മുറിയിലെ എകാന്തതയും
അവളെത്തുംവരെ രാത്രി വിരസമാണ്.
വരുമ്പോള്‍ ഹൃദയമോ കരളോ
തേക്കിലയില്‍ പൊതിഞ്ഞെടുത്തിട്ടുണ്ടാവും.
പിന്നെ രാവേറെ ചെല്ലുവോളം പാചകമാണ്,പാട്ടും.
പിന്നീട്
പല്ലുഡോക്ടറെ കണ്ടതും
മാനിക്യുറുകാരി നഖത്തിനടിയില്‍ നിന്ന്
മാംസം തോണ്ടിയെടുത്തതും പറഞ്ഞ്
ഞങ്ങള്‍ ഏറെ ചിരിക്കും.
മൈക്രോവേവില്‍ അവളുടെ പൂച്ച കിടന്നുറങ്ങുന്നുണ്ട്.
ഇരുട്ടിന്റെ വിടവില്‍ നിന്നും
പാമ്പ്,പഴുതാര, പലയിനം തേളുകള്‍ എന്നിവ
അലങ്കോലപ്പെട്ട ഒരു ജാഥപോലെ
മുറിയില്‍ ചുറ്റിത്തിരിയുന്നു.
കോളിങ്ങ് ബെല്‍ ശബ്ദിച്ചു,
അവളാണ്.
ഞാന്‍ വാതില്‍ തുറന്നു.
ഈ ചെന്നായ്ക്കൂട്ടത്തെ ആരാണ് തുറന്ന് വിട്ടതെന്ന്
ഇന്നലെ മരിച്ച മുത്തശ്ശി അലറുന്നു.
അവള്‍ വാതില്‍ വലിച്ചടച്ചു.
ധൃതിയില്‍ചുറ്റിയ സാരി അഴിഞ്ഞു വീണ്
മുറിയില്‍ രക്തം പടര്‍ന്നു.
കുളിക്കാനെന്നും പറഞ്ഞ് അവള്‍ മുറിയിലേക്ക് പോയി.
അവള്‍ കുളിച്ചുതീരും വരെയുള്ള ഏകാന്തത മറികടക്കാന്‍
ഞാനവളുടെ പൂച്ചയെ കൊന്ന് തിന്നുകൊണ്ടിരിക്കുന്നു.
എഴുതപ്പെടാത്ത
ഒരു കൃതിയുടെ വിവര്‍ത്തനം
ഇലപ്പടര്‍പ്പില്‍ പീതാംബരം പോലൊരു പുഴു ഒളിച്ചിരിക്കുന്നു.
ചുറ്റിലും മേഘസഞ്ചാരം,
ആടുകള്‍ ഇലകള്‍ തിരയുന്നു.
ഒരു മേച്ചില്‍പ്പുറം.
തണുത്ത് വിറച്ച് ഒരു മരം,
ഭയത്തിന്‍ കപ്പലുകള്‍ നങ്കൂരമിട്ടൊരു നദി തുളുമ്പി നില്‍ക്കുന്നു.
നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നു.
മേലാപ്പിലാട്ടിന്‍മേഘങ്ങള്‍ മേയുന്നു.
കൊറ്റനാടൊന്ന്
പെയ്തു വീഴുന്നു,
മുറിയില്‍!
കൊമ്പില്‍ പിച്ചള മണി കിലുക്കം.
കഴുത്തിലലങ്കാര തൊങ്ങലുകള്‍.
ഒറ്റയാടാണ്,
അരിപ്പൂ ചെടിയുടെ മറപറ്റി നിങ്ങള്‍ ഒളിക്കാന്‍ ശ്രമിക്കുന്നു.
ഒരു വെടിയൊച്ച കേള്‍ക്കുന്നു.
തലച്ചോറു ചിതറിയൊരുച്ച പോലാകാശം ജ്വലിക്കുന്നു.
നിങ്ങള്‍ വേഗത്തില്‍ നടക്കുന്നു,
വിചിത്രമാം താക്കോലിനാല്‍ തുറക്കുന്നിതൊച്ചതന്‍ നിലവറ.
റാന്തല്‍ കൊളുത്തുന്നു.
അറവുശാല വൃത്തിയാക്കുന്നു.
ഇലപ്പടര്‍പ്പില്‍ പീതനിറമാര്‍ന്നൊരു
പുഴു കൊഴിഞ്ഞു വീഴുന്നു.
പഴക്കച്ചവടക്കാരുടെ അധോലോകത്തില്‍
പഴുക്കുംതോറും അല്ലികളില്ലാതാവുന്ന
ഒരുറുമാമ്പഴത്തിനകത്ത് അയാള്‍ ഉറങ്ങുന്നു.
പര്‍പ്പിള്‍ അയലന്റ് യൂണിയനിലേക്ക്
പഴങ്ങള്‍ അയക്കുന്ന കമ്പനി
അയാളെ പുറത്താക്കിയതുമുതല്‍
അയാള്‍ രാജ്യം വിടാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.
ആദ്യമയാള്‍ ഒരു പപ്പായക്കകത്ത് കയറി
രക്ഷപ്പെടാന്‍ ശ്രമിച്ചു.
കാര്‍ഗോയില്‍ വെച്ച് ശ്വാസം മുട്ടിയപ്പോള്‍
പുറത്തുകടക്കുകയായിരുന്നു.
പപ്പായക്കകത്ത് അക്രമിച്ച് കയറിയതിന്
കോടതി അയാളെ രണ്ടു കൊല്ലം ജയിലിലിട്ടു.
പിന്നീട് അവാക്കാഡോ കുരുവിന് പകരം,
പാഷന്‍ ഫ്രൂട്ടിന്റെ ഗര്‍ഭജലത്തില്‍,
ചെറിയുടെ ചതുപ്പില്‍...
ഓരോവട്ടവും അയാള്‍ പരാജയപ്പെട്ടു കൊണ്ടേയിരുന്നു.
അയാളെ തിരഞ്ഞ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും
നോട്ടീസു പതിഞ്ഞു.
അയാളാകട്ടെ
എല്ലാ കടത്തിലും തോറ്റ് പിടിക്കപ്പെട്ട്
എങ്ങോട്ടും പോകാന്‍ തോന്നാതെ
പഴുക്കും തോറും അല്ലികളില്ലാതാവുന്ന
ഒരുറുമാമ്പഴത്തില്‍ കയറി ഉറങ്ങാന്‍ കിടന്നു.