മാതൃഭാഷാദിനത്തില്‍ അമ്മ മലയാളത്തിന് ഒരു പ്രകീര്‍ത്തനം. എം പി പവിത്ര എഴുതുന്നു
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം.
എന്റെയുള്ളിലുണ്ട്
എന്റെ മലയാളത്തെയോര്‍ക്കുമ്പോഴൊക്കെ
അടങ്ങാത്തിരമാലകളിരമ്പിയാര്‍ക്കുന്ന ഒരു കടല്‍!
കാറ്റോട്ടങ്ങള്‍ കഴിഞ്ഞ്
വാനം മേഘങ്ങളെ സ്വതന്ത്രരാക്കുമ്പോള്‍
ഇടിമിന്നല്‍പോലെ ലോകം വെളിച്ചപ്പെടുമ്പോള്‍
എന്റെ ഭാഷയെയല്ലാതെമ റ്റാരെയോര്‍ക്കും ഞാന്‍?
മലയാളം
എന്റെ മനസ്സില്‍
അത്രമേലാഴത്തില്‍ കുഴിച്ചിട്ട
സ്‌നേഹത്തിന്റെ വിത്തുകളത്രയും
പുറംതോടുപിളര്‍ന്ന് ഓരിലവച്ച് ഈരിലവച്ച് വിരിയുമ്പോള്‍
ആ ഹരിതകസമൃദ്ധിയില്‍
എന്റെ ശിരോഞരമ്പുകളില്‍ പച്ചകുത്തപ്പെടുന്ന
ഒരു അതിഗാഢയിഷ്ടമുണ്ട്.
എന്റെ ഭാഷ
എന്റെ ഉന്മാദമാകുന്നു
കണ്ണാന്തളിപ്പൂവിന്റെ
അറ്റംപിളര്‍ന്ന മൃദുകേസരങ്ങളില്‍
എടുക്കുന്തോറും
പിന്നെയുമൂറിയൂറിനിറയുന്ന
അതിമധുരത്തേന്‍!
ഏതു വേവലാതികളെയും
അടയാളങ്ങളില്ലാതെ മായ്ച്ചുകളയുന്ന
സൗഖ്യത്തിന്റെ കാറ്റ് !
.
എന്റെ ഭാഷ
അമ്മയെപ്പോലെ സ്‌നേഹത്തില്‍നിന്ന്
അധികമധികം സ്‌നേഹത്തിലേക്കുള്ള
ഒരു പാലമാകുന്നു
അച്ഛനെപ്പോലെ
വാത്സല്യംകൊണ്ട്
അതെന്നെ പൊതിയുന്നു!
മലയാളം
വശ്യം ചെയ്ത ഇഷ്ടംകൊണ്ട്
ഉരുക്കിപ്പണിത കൃഷ്ണമണികളാലെന്നെ
കാന്തംപോലെയാകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു!
നിലച്ചുകഴിഞ്ഞാല്‍ ഞാനില്ലാതാകുംവിധം
എന്നിലടിമുടിനിറയുന്ന ശ്വാസത്തിന്റെ പേരാണ്
മലയാളം!