ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് എം പി ജയപ്രകാശ് എഴുതിയ രണ്ട് കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പാലത്തിലൂടെ
വേഗത്തില്‍ കുതിക്കുന്ന
സൂപ്പര്‍ഫാസ്റ്റ് ബസില്‍ നിന്നും
പുഴയിലേക്ക് നോക്കവേ
പൊടുന്നനേ ഞാനൊരു
സ്വപ്നത്തിലേക്ക് മയങ്ങിവീണു.
ഒരു കടവ് മെല്ലെ മെല്ലെ
തെളിഞ്ഞു വന്നു.
ഒരു പെണ്‍കുട്ടി
ഞൊറിവുള്ള പാവാട തെല്ലുയര്‍ത്തി
തോണിയില്‍ കയറുന്നു.
വെള്ളിപാദസരം
കിലുകിലേ ചിരിച്ചു.
തേച്ചുകഴുകി വെളുപ്പിച്ച
ഹവായ് ചെരുപ്പില്‍
ഇത്തിരി പൂഴിത്തരികള്‍ ചാടിക്കേറി.
കടത്തുകാരന്‍,
എരിഞ്ഞു തീരാറായ മുറിബീഡി
പുഴയിലേക്കെറിഞ്ഞു.
സ്വഭാവികമെന്നോണം
അയാളൊരു പാട്ട്
ചൂളം വിളിച്ചു തുടങ്ങി,
'പെണ്ണ് കെട്ടിന്
കുറിയെടുക്കുമ്പോളൊരു നറുക്കിന്
ചേര്‍ക്കണേ...'
പ്രായം ചെന്നൊരാള്‍
കണ്ണിനു മുകളില്‍ കൈകള്‍വെച്ച്
നീലിച്ചു തുടങ്ങിയ ആകാശത്തേക്ക്
തലയുയര്‍ത്തി നോക്കി.
മഴ ചാറിത്തുടങ്ങി.
പുഴയുടെ മേല്‍പ്പരപ്പില്‍
മഴത്തുള്ളികള്‍ ചെറിയ തുളകളിട്ടു.
കരയിലിറങ്ങി
സെന്റ്‌ജോര്‍ജ് പുണ്യാളന്റ
അടയാളമുള്ള കുട തുറന്ന്
അവള്‍ ധൃതിയില്‍ നടന്നു.
തൊട്ടാവാടിയും കമ്യുണിസ്റ്റ് പച്ചയും നിറഞ്ഞ
കൈത്തോടും കടന്ന്
അവളിപ്പോള്‍
കരിയിലകള്‍ നിറഞ്ഞ
ഇടവഴിലേക്കിറങ്ങി.
വീട്ടിലേക്ക് കയറാനുള്ള
ഒതുക്കുകല്ലിനടുത്ത്
മുരിക്കിന്‍പൂവുകള്‍ വീണുകിടക്കുന്നു.
പെട്ടെന്ന്
എന്തോ ഓര്‍ത്തിട്ടെന്ന പോലെ
അവള്‍ തിരിഞ്ഞു നോക്കി...!
നീണ്ട ഒരു ഹോണടിയില്‍
ഞെട്ടലോടെ ഞാന്‍ കണ്ണുതുറന്നു.
ബസിന്റെ കണ്ണാടിജാലകത്തിലൂടെ
ചുട്ടുപൊള്ളുന്ന വെയില്‍ കണ്ണില്‍കുത്തി.
വെയിലും മനുഷ്യരും
പരസ്പരം മത്സരിക്കുന്ന
നഗരത്തിരക്ക്.
അപ്പോഴും
ഞാനോര്‍ത്തു കൊണ്ടിരിക്കുകയായിരുന്നു,
'എന്തിനാവും
അവള്‍ തിരിഞ്ഞു നോക്കിയത്...?'
നഗരജാതകം
അപരിചിതമായ നഗരത്തെ
പണ്ടെന്നൊ
കണ്ടുമറന്ന ഒന്നിനെ
ഓര്‍ത്തെടുക്കുകയെന്നവണ്ണം
നോക്കിനില്‍ക്കുകയാണ്.
കനത്ത നട്ടുച്ചവെയിലില്‍
വാശിയോടെ
തിളയ്ക്കുന്ന
സിമന്റും കമ്പിയും ടാറും.
നഗരത്തിന്റെ
അസ്ഥിമാംസങ്ങള്‍
ചുട്ടുപഴുത്തു നില്‍ക്കുന്നു.
വിവിധ നിറങ്ങളിലും
ഡിസൈനിലുമുള്ള വസ്ത്രങ്ങളണിഞ്ഞ,
ഒഴുകിനീങ്ങുന്ന ആള്‍ക്കൂട്ടത്തെ
നോക്കിനില്‍ക്കേ....
വിയര്‍പ്പില്‍ നനഞ്ഞ്
വക്കും മൂലയും
മുഷിഞ്ഞു തുടങ്ങിയ
അദൃശ്യമായ അനേകമനേകം
അടിവസ്ത്രങ്ങളെക്കുറിച്ച്
വെറുതെ ഓര്‍ത്തുപോയി.
വിശക്കുമ്പോള്‍ മാത്രം
ബഹളംവെക്കുന്ന
അലസനായ
വളര്‍ത്തുനായയെ -
പോലെയായിരിക്കണമിപ്പോള്‍,
അടിവസ്ത്രത്തിനുള്ളില്‍
മിക്കപേരുടെയും അവയവങ്ങള്‍!.
പഴയ പുസ്തകത്തിന്റെ
പുതിയ പുറംചട്ടപോലെ
നഗരം
പുതുക്കപ്പെട്ടിട്ടുണ്ടെന്ന് വൃക്തം.
എത്ര മറച്ചുവെയ്ക്കാന്‍ ശ്രമിച്ചിട്ടും
ഒലിച്ചിറങ്ങുന്ന പഴുപ്പുപോലെയുള്ള
നഗരത്തിന്റ പുരാതനവും
ഇടുങ്ങിയതും
ബഹളംനിറഞ്ഞതുമായ
ഇടനാഴികളുടെ വിളി
ഏതോ മുജ്ജന്മബന്ധം
കൊണ്ടെന്ന പോലെ
ഞാന്‍ കേട്ടുതുടങ്ങിയിരുന്നു.
കാണുന്ന മുഖങ്ങളോന്നും
പരിചിതമേയല്ല.
മുഖങ്ങളിലെ തിടുക്കവും പിരിമുറുക്കവും മാത്രം
ചിരപരിചിതം.
ദിവസങ്ങള്‍ക്കു മുന്നേ
ട്രെയിന്‍ കയറിയ
നഗരത്തിലേത് പോലെതന്നെ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...