ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മോന്‍സി ജോസഫ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അയാള്‍ സോഫയില്‍
ചെരിഞ്ഞു കിടന്നു.
മരിച്ചതായിരുന്നു.
കോവിഡ് പൊയ്ക്കഴിഞ്ഞിരുന്നു
ഒന്നു രണ്ടു പേര്‍ വന്ന് തുടങ്ങി.
വീട്ടില്‍ വേറാരുമില്ലേ?
ഇതു തന്നെ പോരെ.
ബോഡി ഒന്നനങ്ങിയോ,
കൈകള്‍ നീട്ടി നിവര്‍ന്നു കിടന്നു.
ശയ്യകള്‍ ദൗര്‍ബല്യമായിരുന്നു,
അവസരം കിട്ടിയാല്‍ കിടക്കും.
ആള്‍ക്കൂട്ടത്തിനു മുന്നിലായാലും
വേഗം ഉറങ്ങും
അതെല്ലാം ഭാഗ്യമല്ലേ.
അരവിന്ദന്റെ സിനിമയില്‍ അങ്ങനെ ഒരാളില്ലേ?
ഏത് അരവിന്ദന്‍?
പിന്നെയും ഒറ്റയും പെട്ടയുമായി
ആളുകള്‍ വന്നു.
അയാള്‍ക്കു പെട്ടെന്ന് എണീറ്റു
ഒന്നു പൊട്ടിച്ചിരിക്കാന്‍ തോന്നി
സന്ദര്‍ഭത്തിന്റെ ഗൗരവം കളഞ്ഞു കുളിക്കുമോ?
വേണ്ടന്നു വച്ചു.
അവിടെ ഇരുന്ന ഒരാള്‍
ബോധമുദിച്ചതുപോല
ശവം കുളിപ്പിക്കാന്‍ ആളു വരുമോ
എന്ന് ചോദിച്ചു.
അറിയുമോ കുളിപ്പിക്കാന്‍?
ഒരു നൂറ്റാണ്ടു സമയമെടുത്ത് ഇല്ലെന്നു അയാള്‍ തലയാട്ടി.
മുറ്റത്തു മാവിന്‍ഞ്ചുവട്ടില്‍ നിന്നു രണ്ടുപേര്‍ ഇങ്ങനെ നിരൂപണം ചെയ്തു.
'പോരായിരുന്നു അല്ലെ ആള്‍ '
അപ്പോള്‍ മറ്റവന്‍ ചോദിച്ചു.
വിചാരിച്ചത്ര നന്നായില്ല
ഇനി നന്നാക്കിയിട്ട് കാര്യവുമില്ല.
സോഫയില്‍ കിടന്നവന്‍ തല പൊക്കി അപ്പോള്‍ ജനിച്ചതുപോലെ എണീറ്റു
ഉടുപുടവകള്‍ ഉണ്ടായിരുന്നു.
അപ്പോഴക്കും കഴുതപ്പുറത്തു
ഒരു പത്രലേഖകന്‍ അതുവഴി വന്നു
കഴുത അലസമായി അണച്ചു.
ഇതു രാഷ്ട്രീയ കൊലപാതകം
വല്ലതുമാരുന്നോ?
ചത്തതു മത്തായി എങ്കില്‍
കൊന്നത് കീചകന്‍ തന്നെ.
ഒരു മറുപടി ഉണ്ടായില്ല.
സോഫയിലെ മത്തായി മാവിന്‍ ചുവട്ടിലെ മാളോരുടെ അടുത്തേക്ക് അടി വച്ചു വന്നു.
മാവിന്റെ കാര്യമാത്ര പ്രസക്തമായ ഒരു ചുള്ളിക്കമ്പു കൊണ്ട് അടി തുടങ്ങി
പോടാ മലയാളികളെ, എന്റെ വീട്ടീന്നു പോടോ...
ആളുകള്‍ ഓടുന്നതിനിടയില്‍
ഒരു നീളമുള്ള സുന്ദരി ഉണ്ട സുന്ദരിയോട്
ഇങ്ങനെ പറഞ്ഞുപോലും,
ഇവന്മാര്‍ ഇങ്ങനെ ഓടുന്നതിനിടയില്‍
അറിയാത്ത മട്ടില്‍ കേറിയൊരു പിടുത്തം പിടിക്കാനും മതി.
അപ്പോള്‍ ഉണ്ട പറഞ്ഞു
പിടിക്കുന്നേല്‍ പിടിക്കട്ടെ
അറിയാതെയല്ലേ?
അപ്പോള്‍ നീളമുള്ളവള്‍ പറഞ്ഞു
എന്തൊരു കാലം,
ഇന്നൊരു പോഡ്കാസ്റ്റുണ്ട്
ഏതാ കാസ്റ്റ്
നായര്‍!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...