Malayalam Poem : വേറെ വഴിയില്ല, മോന്‍സി ജോസഫ് എഴുതിയ കവിത

By Chilla Lit SpaceFirst Published Mar 15, 2022, 3:22 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   മോന്‍സി ജോസഫ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

Read More : മലയാളം, മലയാളി, മോന്‍സി ജോസഫ് എഴുതിയ കവിത

....................................

 

അങ്ങനെ ഇരിക്കുമ്പോള്‍
വൈകുന്നേരം ആയി വരുമ്പോള്‍
എനിക്ക് ഒരാളെ കാണാന്‍ തോന്നാറുണ്ട്.
അയാളെ അന്വേഷിച്ചു ഞാന്‍ കുട്ടിക്കാലത്തെ ചെമ്മണ്‍ പാതകളിലൂടെ
ചിലപ്പോള്‍ ഇടവഴികളിലൂടെ ഇറങ്ങി പുറപ്പെടാറുണ്ട്.

നിങ്ങള്‍ക്കു വേണമെങ്കില്‍ ചോദിക്കാം
ആ ഇടവഴികളില്‍നിന്ന് വല്ലതും കണ്ടു കിട്ടിയോ എന്ന്.

കാര്യമായിട്ട് ഒന്നുമില്ല
എന്നാലും ആ പോക്കും വരവും
ക്ഷമിക്കണം വരവില്‍ അത്രയില്ല പോക്കിലാണ് കാര്യം
ആരോ പറത്തുന്ന പട്ടം പോലെ ഞാന്‍ ഉയര്‍ന്നു പൊങ്ങാറുണ്ട്.

തിരിച്ചു വരുമ്പോള്‍ ഒന്നും അറിയാത്തതു പോലെ അമ്മ ചോദിക്കും, പോയിട്ടെന്തായി?
ഞാന്‍ നിരാശ പുറത്തു കാണിക്കാതെ പൂര്‍വികന്‍മാരെ പോലെ പുഞ്ചിരി പൊഴിക്കും 

പറഞ്ഞു വന്നത് അയാളെക്കുറിച്ചല്ലെ?
അയാളും ഇതുപോലെ ഒരാളെ അന്വേഷിച്ചിറങ്ങിയതാണെങ്കിലോ?

ആരാണയാള്‍?
കൃത്യമായി അറിയില്ല.
എന്നാലും ഭയങ്കര കൊതിയാണ് അയാളോട്.

എന്നെ കാണുമ്പോള്‍ ഒരു പ്രത്യേക നോട്ടമാണ്.
സ്‌നേഹം വഴിഞ്ഞൊഴുകുന്ന കണ്ണുകള്‍. 
അയാള്‍ക്കു എന്നെ മുഴുവനായും മനസിലാവുമെന്നാണ് എന്റെ ആശ.

ചിലപ്പോള്‍ അങ്ങനെ ഇരിക്കുമ്പോള്‍
വൈകുന്നേരമാവുമ്പോള്‍
എനിക്ക് ഭയങ്കര സങ്കടം വരും,
മരിച്ചുപോവുകയാണ്
ഇതിലും ഭേദം എന്നു തോന്നും.

ഒരു ദിവസം ഇതേ കാര്യം അയാള്‍ എന്നോടു ചോദിച്ചു.
മരിച്ചുപോയ്ക്കൂടെ എന്ന്.

എന്നെപോലെ തന്നെ അയാള്‍ക്കും ഭയങ്കര സങ്കടമാണെന്ന്.

ഒരു ദിവസം ഒരു മരച്ചുവട്ടിലിരുന്ന് ഞങ്ങള്‍  കാറ്റു കൊണ്ടു.
എന്നിട്ട് എന്നോട് കണ്ണടച്ചോളാന്‍ പറഞ്ഞു
വായ തുറന്നു പിടിക്കാനും.

ഞാനങ്ങനെ ചെയ്തു
എന്റെ വായിലേക്ക് കുറേ കാട്ടുതേന്‍
ആ റാഹലില്‍ നിന്നു പിഴിഞ്ഞ് തന്നു.
മനുഷ്യനിത്ര ഒക്കെയേ പറ്റൂ
അയാള്‍ സന്ധ്യയോടായി പറഞ്ഞു.

സങ്കടങ്ങളും ഇടവഴികളും മനുഷ്യരും വല്ലതും അറിയുന്നുണ്ടോ?

വെറും കാട്ടുവഴികള്‍.
അയാള്‍ സങ്കടപ്പെട്ടു.

ദൈവത്തെ കുറിച്ച് ഒന്നും പറയാനില്ലേ.
അതും ഒരു കാട്ടുവഴി തന്നെ.

അപ്പോള്‍ ഒരു വലിയ ആളെപ്പോലെ വേഷം മാറി ഞാന്‍ പറഞ്ഞു
മനുഷ്യന്റെ കാര്യം എത്ര കഷ്ടമാണ്.
ആരുടെയോ വിടര്‍ന്ന
കൈകള്‍ പോലെ
ഭൂമിയുടെ വഴികളിലൂടെ
നടന്ന് നടന്ന് ഞാന്‍
അയാളുടെ തോളില്‍ കൈ വച്ചു.

പിന്നെ മുഖം ചേര്‍ത്ത് പറഞ്ഞു
എനിക്കിനി വേറെ വഴിയില്ല.

ഇനി നിനക്ക് എന്താണ് വേണ്ടത്
അയാള്‍ എന്നോട് ചോദിച്ചു.

നിനക്കെന്താണ് വേണ്ടത്'
ഒടുവില്‍ ഞാന്‍ എന്നോട് ചോദിച്ചു

'ഒരു കവിള്‍ സ്‌നേഹം'
ആരോ ഒരാള്‍ പറഞ്ഞു 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

click me!