ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മീരാബെന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
റിപ്പബ്ലിക്
മുമ്പെങ്ങോ പറഞ്ഞു കേട്ടിരുന്നു
വെയിലുകൊള്ളാതെ
കറുത്തൊരാള്‍ വന്ന്
ഭൂമിയെ
രണ്ടായ് പകുക്കാനാവശ്യപ്പെടുമെന്ന്.
മുറിഞ്ഞടര്‍ന്നയുന്മാദങ്ങളേയും
ബാക്കിവച്ച വറ്റുകളേയും
ക്ലാവുപിടിച്ച രാത്രികള്‍ക്കു നല്‍കിക്കൊണ്ട്
മാടിയൊതുക്കാത്ത മുടിക്കെട്ടുമായൊരുവള്‍
അങ്ങേപ്പാതിയിലയാള്‍ക്ക്
കൂടൊരുക്കുമെന്ന്.
പിന്നീടൊരു വസന്തവും
ആ വഴി കണ്ടിട്ടില്ല
ഒരു മഴ പോലും വന്നു മിണ്ടിയുമില്ല.
ഭരിക്കുന്നവന്റെ കസേരക്കാലുകള്‍ക്കിടയിലായി രാജ്യം.
ജനലില്‍ക്കൂടി നോക്കിനോക്കി
ക്രൗര്യം നിറച്ച കണ്ണുകള്‍ കൊണ്ട്
പ്രജകളെ
കൊന്നു തീര്‍ക്കുന്നു.
മറ്റേപ്പാതിയിലൊരു മൂങ്ങ
കഴുത്തുതിരിച്ച്
ചുറ്റോടുചുറ്റും മൂളുന്നു.
പാടാന്‍ തോന്നി,
പാടിയപ്പോള്‍
തലവെട്ടിമാറ്റി.
ഉഴുതു മറിച്ച വയലുകളൊന്നായി
കൂലി ചോദിക്കാനെത്തിയപ്പോള്‍
ഇരുട്ടിനോട് കമ്പളം ചോദിച്ചത്
ഒളിച്ചിരിക്കാനാണ്.
പെയ്ത മഴകളെയെല്ലാം
കൈത്തലമുയര്‍ത്തിക്കാട്ടി
തിരികെ വിളിച്ചു.
നാടുമുഴുക്കെ
അമ്പലപ്രാക്കള്‍ മുട്ടയിട്ടു പെരുകി.
കാക്കകളുടെയും കുയിലുകളുടെയും മാത്രം കണക്കെടുപ്പു തുടങ്ങി.
മുടന്തന്മാര്‍ ഊന്നുവടികള്‍ ഹാജരാക്കാന്‍ ഉത്തരവായി.
ഇതൊന്നുമല്ല ഇവിടത്തെ കാര്യം
ഭാഷയറിയാത്ത എന്റെ പൂച്ചകള്‍
മടങ്ങിയെത്തുമ്പോള്‍
മ്യാവൂ എന്ന കരച്ചിലിനെ
എന്റെ വീട് എന്ന് പരിഭാഷപ്പെടുത്താന്‍
ഞാനിവിടെയില്ലാതെ പറ്റുമോ
എന്നു ചോദിക്കുന്നവരുടെ എണ്ണം
രാജ്യത്തിന്റെ അതിര്‍ത്തികള്‍
കടന്നും വളരുകയാണ്.
രാജ്യത്തോടൊപ്പം വളരുകയാണ്