ക്ലാവര്‍ റാണി, എം. സുരേഷ് കുമാര്‍ എഴുതിയ കഥ

By Chilla Lit SpaceFirst Published Jul 8, 2021, 5:10 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  എം. സുരേഷ് കുമാര്‍ എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos


സത്യപുരം പൊതുജന വായനശാലയുടെ കിഴക്കേ ഭാഗത്തുള്ള ചീട്ടുകളി മുറിയില്‍ തകൃതിയായി കളി നടക്കുന്നു. സുദേവന്‍ മാസ്റ്റര്‍, പ്രഭാകരേട്ടന്‍ മുതലായ പേരുകേട്ട ചീട്ടുകളിക്കാര്‍ ബുദ്ധിപൂര്‍വമിടുന്ന കാര്‍ഡുകള്‍ മേശപ്പുറത്തു  വിജയനൃത്തമാടുന്ന.  (ചതുരംഗത്തേക്കാളും ബുദ്ധി ഉപയോഗിക്കേണ്ട ഒരു കളിയാണ്   ചീട്ടുകളിഎന്ന്   പ്രഭാകരേട്ടന്‍  ഓര്മിപ്പിക്കാറുണ്ട്)

തൊട്ടടുത്ത വായനാമുറിയില്‍ സാക്ഷരരും സംസ്‌കാര സമ്പന്നരുമായ വായനക്കാര്‍ പത്രങ്ങളും  വാരികകളും സശ്രദ്ധം വായിക്കുന്നു.

(വായനാമുറിക്കും ചീട്ട് മുറിക്കും ഇടയില്‍ ഒരു ചെറിയ ജാലകമുണ്ട്. ഈ ജാലകത്തിലൂട  ഒഴുകിയെത്തുന്ന 'സംസ്‌കാരശൂന്യരായ' ചീട്ടുകളിക്കാരുടെ ബഹളം വായനമുറിയിലെ സംസ്‌കാരസമ്പന്നരെ വല്ലാതെ അലട്ടാറുണ്ട്.)

ബാലന്‍ ഒരു സാധാരണ കളിക്കാരനാണ്. അവന്റെ കൈപ്പിടിയിലെ ചീട്ടുകൊട്ടാരത്തില്‍ നിന്നും ഒരു ക്ലാവര്‍ റാണി, സുദേവന്‍ മാസ്റ്ററുടെയും പ്രഭാകരേട്ടന്റെയും കണ്ണ് വെട്ടിച്ചു  ജാലകത്തിലൂടെ വായനാ മുറിയിലേക്ക് ഊര്‍ന്നിറങ്ങുന്നു. 

വ്യാകുലയായ റാണി തന്റെ പ്രിയകാമുകനായ രാജാവിനെ തിരഞ്ഞു ഇറങ്ങിയതാണ്. 

വായനമുറിയില്‍  രാജാവിനെ കണ്ടെത്താനാവാതെ റാണി ലോകവര്‍ത്തകളില്‍ തലപൂഴ്ത്തിയിരിക്കുന്ന  വായനക്കാരെ താണ്ടി തൊട്ടടുത്ത പുസ്തകശാലയിലേക്കു ഒളിച്ചു കയറുന്നു.

പുസ്തകശാലയിലെ ചില്ലുകൂട്ടില്‍ ഒളിച്ചിരിക്കുന്ന കാക്കനാടനും പമ്മനും ക്ലാവര്‍ റാണിയെ നോക്കി  ഭ്രാന്തമായി ചിരിക്കുന്നു . തൊട്ടടുത്തു വെറ്റില മുറുക്കി ഇരിക്കുന്ന വി കെ എന്‍  ചിരിച്ചു മണ്ണ് കപ്പി തുപ്പി വീണ്ടും ചിരിക്കുന്നു.

ആര്‍തര്‍ കോനോന്‍ ഡയലിന്റെയും നീലകണ്ഠന്‍ പരമാരയുടെയും ദുര്‍ഗാപ്രസാദ് ഖത്രിയുടെയും കോട്ടയം പുഷ്പനാഥിന്റെയും അപസര്‍പ്പക ദൃഷ്ടികള്‍ സംശയപൂര്‍വ്വം റാണിയെ പിന്തുടരുന്നു.

പുസ്തക ശാലയിലെ ഇരുണ്ട മൂലയിലെ രക്തം വാര്‍ന്നൊഴുകുന്ന ഷെല്‍ഫില്‍ ചുരുണ്ടു കിടന്നുറങ്ങുന്ന ഡ്രാക്കുള ക്ലാവര്‍ റാണിയുടെ നേരെ ചോരക്കൊതിയോടെ ചീറിയടുക്കുന്നു. മറ്റൊരു ഷെല്‍ഫില്‍ നിന്നും നീഷേയും സാര്‍ത്രും സാമുവേല്‍ ബക്കറ്റും നെരൂദയും  തേങ്ങി കരയുന്നു.

ചുള്ളിക്കാടും സച്ചിദാനന്ദനും അവരോടൊപ്പം  ഏങ്ങി കരയുന്നു. ഭയാകുലയായ റാണിയെ കണ്ടു കാള്‍ മാര്‍ക്‌സിന്റെ മൂലധനം തിന്നു കൊണ്ടിരുന്ന രക്തവര്‍ണമുള്ള പുസ്തകപ്പുഴുക്കള്‍ പുറത്തിഴഞ്ഞു വന്നു റാണിക്ക് ചുറ്റും രക്ഷ കവചം തീര്‍ക്കുന്നു. 

മോണ്ടി ക്രിസ്റ്റോയും സവ്യസാചിയും ചേര്‍ന്ന് ഡ്രാക്കുളയെ തടുക്കുന്നു.

ഏകാന്തമായ ഒരു ഷെല്‍ഫിലെ ചിതലരിച്ചു തുടങ്ങിയ സാഹിത്യ സര്‍വസ്വത്തില്‍ ധ്യാനാമഗ്‌നനായിരിക്കുന്ന വിവേകാനന്ദന്‍ റാണിയെ മൗനമായി  അനുഗ്രഹിക്കുന്നു. 

ഓടിത്തളര്‍ന്ന റാണി ബോധി തണലിരിക്കുന്ന ബുദ്ധന്റെ കാല്കീഴില്‍  ചെന്ന് വീഴുന്നു.   
   
പുസ്തകശാലയിലും വായനാമുറിയിലും താന്‍ തേടുന്ന രാജാവിനെ കാണാത്ത ശോകം റാണി  ബുദ്ധനോട്  പറയുന്നു.

ബുദ്ധന്‍ കരുണയോടെ വാതില്‍ക്കലേക്കു കൈ ചൂണ്ടുന്നു. 

ശ്രീബുദ്ധനെ പ്രണമിച്ചു ക്ലാവര്‍ റാണി ബുദ്ധന്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ പുറത്തേക്കു നടക്കുന്നു.

പുറത്തു ആളൊഴിഞ്ഞ കോണിലെ ചതുരംഗ കളത്തില്‍ ബന്ധിതനായി മരണം കാത്തു കിടക്കുന്ന തന്റെ പ്രിയ നൃപനെ റാണി കാണുന്നു. ആനപടയും കാലാള്‍ പടയും  തന്റെ രാജാവിന്റെ ചുറ്റും നിന്ന് വിജയം ആഘോഷിക്കുന്നു. കോപാകുലയായ റാണി ഒരു ധീര യുദ്ധത്തിലൂടെ രാജാവിനെ മോചിപ്പിക്കുന്നു.

പിന്നെ രാജാവും റാണിയും ശ്വേതാശ്വത്തിലേറി പുറത്തെ മൂടല്‍മഞ്ഞിലേക്കു   പറന്നിറങ്ങുന്നു .  

വായനശാലയ്ക്കു പുറത്തെ തിണ്ണയിലിരുന്നു ഒരുനുള്ള് മൂക്കുപൊടി വലിച്ചു രണ്ടാം നുള്ളു വിരലിലൊതുക്കിയിരിക്കുന്ന വാരിയര്‍ മാസ്റ്റര്‍ അപ്പോള്‍ പറയുന്നു, 'വിജയി ഭവ!'

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!