Malayalam Poem : പൂച്ചകളുടെ വയല്‍, എം കമറുദ്ദീന്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Feb 4, 2022, 2:23 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് കബനി കെ ദേവന്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos


പൂച്ചകളുടെ വയല്‍/ എം കമറുദ്ദീന്‍ 

ഒരു കുട്ടിയായിരുന്നു
അവന്‍

പൂച്ചകളുടെ വയലില്‍
അവന്‍
ഒരു നായയെ കണ്ടെത്തി:

നായ പൂച്ചകളുമായി
സൗഹൃദത്തിനു ശ്രമിക്കുകയായിരുന്നു.

പൂച്ചകള്‍
അപ്പോള്‍  
വെയില്‍ കായാന്‍ കിടക്കുന്നു.
മണ്ണില്‍ കിടന്നുരുണ്ട്
നായയെ കളിയാക്കുന്നു.

നായ ഖിന്നനാവുന്നത്
കുട്ടി ശ്രദ്ധിച്ചു.

അവന്‍ പൂച്ചകളുമായി സംഭാഷണത്തിനൊരുങ്ങി.
പൂച്ചകള്‍ നായയെ അവരുടെ കൂടെ കൂട്ടി.

നായ അപ്പോള്‍ നായയല്ലാതാവുന്നത് കുട്ടി കണ്ടു.

ഒരു വയല്‍ നിറയെ
പൂച്ചകള്‍ ഉള്ളത് കൊണ്ടാണ്
ഇങ്ങനെ സംഭവിക്കുന്നതെന്ന്
കുട്ടിക്ക് മനസ്സിലായി.

എന്നാല്‍,
മരങ്ങളില്‍
ഇങ്ങനെ സംഭവിക്കുന്നില്ലെന്ന്
കുട്ടി കണ്ടു.

മരങ്ങളുടെ ഒരു കുന്നിന്‍ പുറത്ത് നില്‍ക്കുന്ന
ഓരോ മരവും
ഓരോ മരം തന്നെയാണ്.
ജീവികളിലാണ്
ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

കുട്ടി അങ്ങനെയൊക്കെ ചിന്തിച്ചു.
താന്‍ ചിന്തിക്കുകയാണ്
എന്ന് വിചാരിച്ച്
അതിശയിക്കുകയും ചെയ്തു.

എന്നാല്‍
ഇതെല്ലാം ഒരു സ്വപ്നമായിരിക്കുമെന്ന് വിചാരിച്ച്
കുട്ടി നായയുടെ വാലില്‍ പിടിച്ച്
പതുക്കെ വലിച്ചു .

നായ അപ്പോള്‍
പൂച്ചയെപ്പോലെ കരഞ്ഞു.

ആ നിമിഷം
കുട്ടി ഉണര്‍ന്നു
കിടക്കയില്‍,
അവന്‍
ഒരു നിഴല്‍ കണ്ടു
കൈയിലേക്കു നോക്കിയ കുട്ടി
നായയുടെ വാലിലെ രോമം
മുറുക്കിപ്പിടിച്ചിരിക്കുന്നത് കണ്ടു. 
 

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!