Malayalam Poem : ഇത്താക്ക് ചരിതം, കെ ആര്‍ രാഹുല്‍ എഴുതിയ കവിത

By Chilla Lit Space  |  First Published May 2, 2022, 4:13 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  കെ ആര്‍ രാഹുല്‍ എഴുതിയ കവിത

 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

80- ലെ മഴക്ക് ശേഷമാണ്
ഇത്താക്ക് ചേട്ടന്‍ കൃഷി നിര്‍ത്തിയത്.
അതിനുശേഷം 
ചുമടെടുത്തും മരംമുറിച്ചും
മരിക്കുംവരെ 
ഒറ്റത്തടിയായി ജീവിച്ചു.

എങ്കിലും മരിക്കുംവരെ
പാടത്തും പറമ്പത്തും 
എന്നും രാവിലെ ചെല്ലും.
കുറുന്തോട്ടിക്കാടുപിടിച്ച
പറമ്പിനു ചുറ്റും നടക്കും
പറമ്പ് വെറുതെയിട്ടതിന്
അപ്പന്‍ ഉണ്ടായിരുന്നേല്‍
പറയുന്ന തെറികള്‍
മനസ്സിലോര്‍ക്കും.
എന്നിട്ട് തിരിച്ചു പോരും.

പണ്ടൊക്കെ, അരയില്‍
തോര്‍ത്തു ചുറ്റി 
മഴയത്തും വെയിലത്തും 
കീറത്തുണി പോലും
തലയിലിടാതെ
'ഹും' ശബ്ദത്തില്‍
ഒരു കൊട്ട ഉച്ഛ്വാസവായു
പുറത്തേക്ക് തള്ളി 
മണ്ണിളക്കുന്ന ആളായിരുന്നു.
അന്ന് അപ്പനും അമ്മയും 
ഉണ്ടായിരുന്നു.

ഒറ്റവെട്ടിന് ഒരു കൊട്ട മണ്ണ്
ഇളകി പോരും.
അദൃശ്യമായ വേരുകള്‍
മണ്ണിനുണ്ടെന്ന്
ഇത്താക്കിനെ പഠിപ്പിച്ചത് 
അപ്പന്‍ ചുമ്മാരുവാണ്.
വേരില്‍ കൃത്യം കൊത്തിയാല്‍ മണ്ണ് ,
മരം വീഴുന്ന പോലെ
ഇളകി വരും.

മുണ്ടകനും വിരിപ്പും കഴിഞ്ഞാല്‍
പാടം മാടി വരമ്പുണ്ടാക്കി
കൂര്‍ക്ക നടും.
വെയിലുകൊണ്ട് വിഷം മൂത്ത
ഇഴജന്തുക്കള്‍ കൂര്‍ക്കവളര്‍ന്നാല്‍
ഒളിച്ചിരിക്കാനെത്തും.
അവയെ കൊല്ലരുതെന്നും പഠിപ്പിച്ചത് ചുമ്മാരു തന്നെയാണ്.
വിഷമുള്ളവയ്ക്ക് സത്യത്തില്‍
വിഷം കുറവാണെന്നും
വിഷമില്ലാത്തവയ്ക്കാണ്
കൂടുതല്‍ വിഷമെന്ന്
തത്വജ്ഞാനം പറയും.

80- ലെ പെരുമഴക്കാലത്ത്
'അന്തപ്പുരം' സെക്കന്‍ഡ് ഷോ കാണാന്‍ പോയത് സാരംഗിയിലാണ്.
തിരിച്ചു വന്നപ്പോള്‍
വീടിന്റെ പുറകിലെ കിഴക്കന്‍മല
പാടത്തും പറമ്പത്തും 
വിശേഷം തിരക്കിയെത്തിയിരുന്നു.
അന്നാണ് അവസാനമായി 
തൂമ്പ കൈയ്യിലെടുത്തത്.
നാട്ടുകാരൊക്കെ വിലക്കിയിട്ടും
വികൃതമായി  അലറിക്കരഞ്ഞ്
കണ്ടയിടത്തെല്ലാം കൊത്തി
അപ്പനെയും അമ്മയെയും തിരഞ്ഞു.

അഞ്ചു ദിവസത്തിനു ശേഷം
തിരച്ചിലവസാനിപ്പിച്ച്
എല്ലാവരും തിരികെപ്പോയി.

സര്‍ക്കാര്‍ കണക്കില്‍
കാണാതായ
18 പേരില്‍ രണ്ടുപേര്‍, 
അതു മാത്രമായി അവര്‍.

പോത്തിറച്ചിയില്‍ ഇട്ടുവെച്ചാലും കൂര്‍ക്ക കഴിക്കാത്ത അപ്പനും
കൂര്‍ക്കുപ്പേരി പ്രാണനായ അമ്മയും
പാകമായ കൂര്‍ക്കയ്‌ക്കൊപ്പം
മണ്ണിനടിയില്‍ വിശ്രമിച്ചു.

ചിങ്ങം കഴിഞ്ഞപ്പോള്‍
പാടത്ത് കൃഷിയിറങ്ങി.
മുമ്പില്ലാത്ത വണ്ണം 
മണ്ണിന്റെ മാറ് ചുരുന്നു!
മലയിടിഞ്ഞ മണ്ണില്‍
എന്തും വളരും.
മൂടിപ്പോയ ശരീരങ്ങളൊഴികെ 
മറ്റെന്തും!

തൂമ്പയെടുക്കാന്‍ 
ഓര്‍ക്കുമ്പോഴെല്ലാം
കൊത്തുകൊള്ളുന്നത്
എവിടെയാണെന്ന  ചിന്ത
ഇത്താക്കിനെ നോവിച്ചു.

രാത്രിയും പകലുമെന്നില്ലാതെ
പറമ്പില്‍ അലയാന്‍ തുടങ്ങി.
ഇടയ്ക്ക് മണ്ണില്‍ ചെവിചേര്‍ത്ത് 
അതിനിഗൂഢമായെന്തോ
കേള്‍ക്കുന്നത് പോലിരിക്കും.

അപ്പനും അമ്മയും
വര്‍ത്താനം പറയുന്നതാണെന്നാണ്
നാട്ടുകാര്‍ പറഞ്ഞത്.
അതിനുശേഷമാണ്
കൃഷിനിര്‍ത്തിയത്.

മരിച്ചതിനുശേഷവും
പാതിരയ്ക്കും പുലര്‍കാലത്തും
ഇത്താക്ക് പറമ്പില്‍ വരാറുണ്ട്.
അടുത്തൊക്കെ  
കൂര്‍ക്ക വിളയുന്ന കാലത്ത്
രാത്രിയില്‍ ചില സഞ്ചാരങ്ങള്‍
കണ്ടവരുമുണ്ട്.

നാട്ടിലെ വയസ്സായവരുടെ മനസ്സില്‍ അപ്പോഴെല്ലാം
'അപ്പാ'  എന്ന് നിലവിളിച്ച്
ഭ്രാന്തമായി കിളക്കുന്ന
ഇത്താക്ക് ചേട്ടന്‍ കടന്നുവരും.
 

click me!