Malayalam Poem : ദൈവംകുട്ടി, കെ ആര്‍ രാഹുല്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Apr 15, 2022, 4:07 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  കെ ആര്‍ രാഹുല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

പരുവവേലികൊണ്ട്
അതിരുതിരിച്ച
ചാണകം മെഴുകിയ
മിറ്റത്തിലൂടെ
'ദൈവംകുട്ടി' പാമ്പുകള്‍
കളമെഴുതി പോകുമ്പോള്‍,
ഉണക്കാനിട്ട മുളയരി
കൈകൊണ്ട് ചിക്കിമടുത്ത്
മുത്തന്‍ തെറിപ്പാട്ട് പാടും.

പനമണ്ടയില്‍ നിന്ന് 
മറുത തള്ളിയിട്ട്
നടുതളര്‍ത്തിയ ശേഷം 
സമയം പോക്കാനും
ചത്തിട്ടില്ലെന്ന്
അടുത്തുള്ളോരെ 
അറിയിക്കാനും
സ്വയം ഉറപ്പുവരുത്താനുമാണ്
തെറിപ്പാട്ട് പാടിത്തുടങ്ങിയത്.

മീനഭരണി നാളില്‍
ഉറഞ്ഞെത്തുന്ന ദേവിയെ ഉണര്‍ത്തിയ പാട്ട്
മുതുക്കന്റെ നെലോളിയായി
അയല്‍ക്കാരികള്‍ 
പരിവര്‍ത്തനപ്പെടുത്തിയിട്ട്
ചിങ്ങത്തില്‍ മൂന്നാണ്ട് തികയും .

മുള്ളുരിഞ്ഞ പരുവയെ
കൈവളത്തൊലിയുടെ 
കയറില്‍ക്കെട്ടി 
കള്ളക്കുന്ന് മലതാണ്ടി 
മേഘങ്ങള്‍ക്കൊപ്പം മുത്തി
ഒഴുകിയെത്തുന്നത്
ചന്തയിലെ അമ്പത് രൂപയ്ക്കാണ്.

കിഴുക്കാംതൂക്കായ
ഗുഹപ്പാറയില്‍നിന്ന്
ഒന്നാംചാലിന്റെ നിരപ്പിലേക്ക്
ട്രിപ്പീസ് കളിച്ചിറങ്ങാന്‍ 
മുത്തിക്ക് വല്യ മിടുക്കാണ്.

തെണ്ടന്‍ കാക്കുന്ന പെണ്ണിന്
കാട്ടില്‍ കാലിടറില്ലെന്നാണ്
വീണ് തുടയെല്ല് പണ്ട് പൊട്ടിയിട്ടും
മുത്തിയുടെ വിശ്വാസം.

വെട്ടിയെടുക്കുമ്പോള്‍ പരുവ
ശക്തമായി പ്രതിരോധിക്കും
തൊണ്ട് പൊളിക്കുമ്പോള്‍ ആമ
കുതറും പോലെ.

പരുവക്ക് പോകുമ്പോഴെല്ലാം 
കൈത്തണ്ടയില്‍
വരച്ചുചേര്‍ക്കപ്പെട്ട മുറിവിന്റെ
ആയിരം കടുംവരകളില്‍
കോഴിപ്പൂടയാല്‍ 
എണ്ണപുരട്ടുമ്പോള്‍ 
'എന്നെ പിരാകല്ലേ തങ്കേ'യെന്ന്
മുത്തന്‍ നിലവിളിക്കും.

ഒരു കുടം പനംകള്ള് 
ഒറ്റവലിക്ക് തീര്‍ത്ത്
പന്തയത്തിനായി  പനയേറിയില്ലെങ്കില്‍
ഇങ്ങനെ വരില്ലായിരുന്നെന്ന്
മുത്തെനന്നും എണ്ണിപ്പെറുക്കും.

നടു തളര്‍ന്ന ശേഷമാണ്
മുത്തന്‍ കൊതിയ്ക്ക് 
ഊതാന്‍ തുടങ്ങിയത്.
വയറുവീര്‍ത്ത പിള്ളയെതാങ്ങി
പടികേറി വന്ന തള്ളമാരുടെ 
എണ്ണം കൂടിയതില്‍ പിന്നെയാണ് 
കണ്ണ്തട്ടാതിരിക്കാനും
പേടി മാറ്റാനും
ദൈവകോപത്തിനും വരെ
ചരട് ഊതിതുടങ്ങിയത്.

നടുതളര്‍ന്നു കിടന്ന 
ആദ്യമേടത്തിലാണ്
മേടുരുകുന്ന ചൂട്
പാളകൊണ്ട് വീശിയാറ്റുമ്പോള്‍
അതിരുഭേദിച്ച് അകത്തുകയറിയ
ദൈവം കുട്ടിയെ
ഒരരിശത്തിന് തല്ലിയത്.
അടികൊണ്ട് നടുവൊടിഞ്ഞും
പുറത്തേക്കിഴഞ്ഞ
പാമ്പിനെ കണ്ടത് മുതലാണ്
അകത്തെ പനമ്പായയില്‍ നിന്നും
മുത്തന്‍ പുറത്തേക്ക്
ഇഴയാന്‍ തുടങ്ങിയത്.

ഇഴഞ്ഞിഴഞ്ഞ് ഒരിക്കല്‍
മനുഷ്യനാണെന്ന്
മറന്നുപോയെന്ന് പറഞ്ഞ്
മുത്തി കരയുംവരെ 
മുത്തന്‍ ചിരിച്ചു.

തുലാമാസം ഇടിവെട്ടിയപ്പോള്‍
ആറുപതിറ്റാണ്ടിനിടയില്‍
ആദ്യമായി മുത്തന്‍ഞെട്ടി.

ഇടിവെട്ടില്‍ മുട്ടകള്‍ 
കെട്ടു പോകാതിരിക്കാന്‍
മാളത്തില്‍ ചുരുളുന്ന
പാമ്പിനെ പോലെ
മുത്തന്‍ പുരയ്ക്കകേത്തക്ക്
പിന്‍വലിഞ്ഞു.
ഇടയ്ക്കു മാത്രം 
തല പുറത്തിട്ടു നോക്കി.

പിന്നെപ്പിന്നെയാണ്
വൃശ്ചികക്കാറ്റെത്തുമ്പോള്‍
താന്‍ പടം പൊഴിക്കുന്നതും
ആയില്യം മകത്തിന്
ഉള്ളില്‍ കൊട്ടുണരുന്നതും
വായ തുറന്നാല്‍ 
മണ്ണിന്റെ വാട ഉയരുന്നതും
മുത്തന്‍ തിരിച്ചറിഞ്ഞത്.

* വിഷമില്ലാത്ത പാമ്പ്.  കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇഴഞ്ഞെത്തുമായിരുന്ന ഈ പാമ്പ് ദൈവത്തിന്റെ കുട്ടി ആണെന്നാണ് വിശ്വാസം.
 

click me!