ഉത്തരകേരള കവിതാ സാഹിത്യ വേദിയുടെ സുഗതകുമാരി കവിതാ പുരസ്‌കാരം നേടിയ കെ ജിഷ എഴുതിയ രണ്ട് കവിതകള്‍
ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ പിറകിലേക്ക് കെട്ടഴിച്ചുവിടാറുള്ളൊരു ഭൂമിയുണ്ട്, ജിഷ കെയുടെ ഒരു കവിതയില്‍. അഴിച്ചെടുക്കാനാവാത്ത ഭ്രമണവളയങ്ങളുടെ പാടുകളിലൂടെ തന്നിലേക്ക് തന്നെയെത്തി കറങ്ങിക്കൊണ്ടേയിരിക്കുന്ന ഭൂമി. ജിഷയുടെ കവിതകളിലേക്കുള്ള സഞ്ചാരം സാദ്ധ്യമാക്കുന്ന ഒന്നാണ്, കെട്ടഴിച്ചുവിട്ടാലും തന്നിലേക്കുതന്നെ വന്ന് ഭ്രമണം ചെയ്യുന്ന ആ ഭൂമി. അതില്‍ രണ്ടുതരം സഞ്ചാരങ്ങളുണ്ട്. ഒന്ന്, ഉള്ളില്‍നിന്നും പുറത്തേക്കുള്ള സഞ്ചാരം. രണ്ട്, പുറത്തുനിന്നും ഉള്ളിലേക്കുള്ളത്. അവളവളിലേക്കുള്ള ഇത്തരം നിരന്തര യാത്രകളാണ് ജിഷയുടെ കവിതകളുടെ അടിവേരായി കിടക്കുന്നത്. എത്ര വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ബൂമറാംങുകള്‍. അത് പ്രണയമാവാം, വിഷാദമാവാം, ആനന്ദമാവാം, കൊടുംവേദനയാവാം, ഉണങ്ങിയ മുറിവുകളുടെ നിസ്സംഗതയോ കാലടിക്കു കീഴില്‍ വിണ്ടുകീറാനിരിക്കുന്ന ശൂന്യതയോ ആവാം. ഒറ്റനോട്ടത്തിലിത് വൈയക്തിയുടെ ഉല്‍സവപ്പറമ്പാണെന്നുതോന്നാം. എന്നാല്‍, അവിടെത്തീരുന്നില്ല, ആ കവിതകളുടെ ആന്തരിക ലോകങ്ങള്‍. നാം ജീവിക്കുന്ന ജീവിതങ്ങേളാടും കാലത്തോടുമുള്ള സൂക്ഷ്മമായ സംവേദനങ്ങള്‍ അവയുടെ അന്തര്‍ധാരയായി ഒച്ചയറ്റ് ഒഴുകുന്നുണ്ട്. അവ ആവിഷ്‌കരിക്കാനുള്ള മാധ്യമമായാണ് ജിഷ പലപ്പോഴും ശരീരം, മനസ്സ് എന്നീ സാദ്ധ്യതകളെ ഉപയോഗിക്കുന്നത്. തന്നിലൂടെതന്നെ പുറം ലോകത്തെ പ്രതിഫലിപ്പിക്കല്‍. വിളക്കിച്ചേര്‍ക്കുക എളുപ്പമല്ലാത്ത പ്രയോഗങ്ങളിലൂടെയും ദൃശ്യപരതയില്‍ ചെന്നുതൊടുന്ന ഇമേജറികളിലൂടെയും കടലിളക്കങ്ങള്‍ ഒളിപ്പിച്ചുവെച്ച വാക്കൊഴുക്കിലൂടെയും ആ അനുഭവം ആഴത്തില്‍ പതിയുന്നുണ്ട്, ജിഷയുടെ കവിതകളില്‍.
undefined
1
നട്ടുച്ച ആരോ മറന്നു വെച്ച ഒരു പാട്ടാണെന്ന്...
വിഷാദത്തിന്റെ ചങ്കിടിപ്പോടെ
അതിന്റെ പിറകെ ഓടുന്ന ഉടമസ്ഥനാവുന്നു എന്റെ തീവണ്ടി.
കിതപ്പുകള്‍ മുറിച്ചു മാറ്റിക്കളഞ്ഞ
എന്നെയത് നിസംഗതയോടെ വഹിക്കുന്നു.
വിഷാദം ഞാന്‍ എവിടെയോ വായിച്ചു മറന്ന ഒരു പഴകിയ വാക്ക്.
ചുറ്റിലും മഞ്ഞ നിറമുള്ള പൊടിഞ്ഞ അരികുകള്‍ ഉള്ളത്.
വെയിലിന്റെ ചൂട് പൊതിഞ്ഞെടുക്കുന്ന കടലാസ് പോലെ
എന്നെ എപ്പോഴൊക്കെയോ
അത്
ചുരുട്ടി എറിഞ്ഞിട്ടുണ്ട്..
ഒന്നും സംഭവിക്കാറില്ല.
എല്ലാ ചുളിവുകള്‍ക്കും മീതെ
ഇരിപ്പുറപ്പിക്കാനാവാതെ
ചില അപായ സൂചനകള്‍ എന്നില്‍ ഞാന്നു കിടക്കുമെന്നല്ലാതെ.
ഉറക്കത്തില്‍ എന്റെ തീവണ്ടിയെ ജനലിലൂടെ ആരോ ചുരുട്ടിയെറിഞ്ഞിട്ടുണ്ട്.
ഞാന്‍ ആ ജാലകത്തിന്റെ അഴികളില്‍
ഊര്‍ന്നു വീഴാതെ
കാറ്റില്‍ വിറയ്ക്കുന്ന ഒരു കടലാസ് തുണ്ട്.
......................
Also Read : അകമുറി(വു)കള്‍, ജിഷ കെ എഴുതിയ പേരില്ലാത്ത പ്രണയകവിതകള്‍
Also Read : തിരികെ നടക്കുമ്പോള്‍, ജിഷ കെ എഴുതിയ കവിതകള്‍
.........................
2
ഞാന്‍ വിഷാദഗാനങ്ങളുടെ
ഹാര്‍മോണിയപ്പെട്ടിയുമായി
വണ്ടി മുഴുവന്‍
ആളുകളുടെ ഉറക്കത്തിലൂടെ സഞ്ചരിക്കുന്നു.
നട്ടുച്ച ഒന്നിടവിട്ട് ഞാന്‍ വിരലമര്‍ത്തുന്ന കറുത്ത കട്ട.
ഒരു കൂട്ടം ആളുകള്‍ ഇറങ്ങിപ്പോയതിന് ശേഷവും
എനിക്കുണ്ടാവുന്ന ശൂന്യത.
എനിക്ക് മുന്‍പില്‍ നാണയത്തുട്ടുകളുടെ തിളക്കം.
ഞാന്‍ പാടിയതൊന്നുമില്ല,
വെറുതെ വിഷാദത്തിന് കൂട്ടിരിക്കുക മാത്രം ചെയ്തു.
അതിന്റെ ഈണം കാതില്‍ തൂക്കിയിട്ട് നടക്കുക മാത്രം ചെയ്തു.
ഒരു മുഴുനീള വിഷാദത്തിന്റെ നൃത്തസംവിധാനം
നടക്കുന്നതിന്റെ
യാതൊരു ഭാവവും ഇപ്പോള്‍ ഞാന്‍ സഞ്ചരിക്കുന്ന തീവണ്ടിക്കില്ല.
അത് ചുവടുകളിലേക്ക് ഇറങ്ങിപ്പോകുന്ന എന്നെ
അതിശയത്തോടെ നോക്കുന്നു പോലുമില്ല.
എനിക്കും തീവണ്ടിക്കും ഇടയില്‍
ഏത് സമയവും സംഭവിച്ചേക്കാവുന്ന
ഒരു ഐക്യപ്പെടല്‍ ഉണ്ട്.
പാളങ്ങള്‍ മുറിച്ചു കടക്കും മുന്‍പേ
ആളുകള്‍ക്കുള്ള താക്കീത് പോലെ
അതെന്നിലേക്കും അരിച്ചു കയറുന്നു.
Also Read : ഈ വരികള്‍ കവിതയുടെ രാജ്യം സ്വപ്നം കാണുന്നു
Also Read : പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍