ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിസ്മി കെ. ജോസഫ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഇടം
ഉമ്മുക്കുല്‍സു കയര്‍ത്തു:
സ്വന്തം കാലുണ്ടായാല്‍ പോരാ
നിക്കാനിടം വേണം.
തട്ടമിട്ടൊളിക്കാതെ
ചിതറാനൊരു കൂട്.
ഇടയ്ക്കു പറക്കാനും
തളിര്‍ത്തു തിമിര്‍ക്കാനും
കളിച്ചുതുള്ളാനും
ചിരിച്ചുമറിയാനും
ചൊറിച്ചുമല്ലാനും
മടിച്ചുവന്നുറങ്ങാനും
വെയില്‍മിഴിതൊട്ടുണരാനും
കുളിരുണ്ടുവിടരാനും
ഉള്ളിടം.
തിത്തുമ്മ കണ്ണാടിപ്പൊത്തിലൂടുഴി -
ഞ്ഞൊരോത്തോതി:
മൗനവും ആഴവും
ഒരേ വയറ്റില്‍പ്പിറന്നത്.
ഒന്നില്ലെങ്കില്‍
മറ്റേതു ചാപിള്ള.
നാക്കു കുറുകുമ്പോള്‍
വാക്കു തഴയ്ക്കും
ചിന്ത കനക്കുമ്പോള്‍
എഴുത്തു പടരും
ദേഹം തളരുമ്പോള്‍
ദേഹി ക്ഷയിക്കും
അക്ഷരം അക്ഷയം.
വായിച്ചു തുളുമ്പവേ,
കുടുവിട്ടു പറന്നൂ
മനപ്പക്ഷി,
നൂറുകെട്ടു തുറന്നൂ
നിറക്കൂട്ടില്‍.
ഇതള്‍ക്കൂമ്പൊരെണ്ണം
അകക്കാമ്പിറങ്ങീ-
ട്ടലഞ്ഞുതളര്‍ന്നുണര്‍ന്നുവ-
ന്നുള്‍ക്കുളിര്‍ക്കുന്നു.
പുസ്തകം
ഒരു മന്ത്രയൂഞ്ഞാല്‍ തന്നെ.
സ്വപ്നക്കുഞ്ഞുങ്ങളെ അക്ഷരപ്പൊതിയിലാക്കിവരുന്ന
പഞ്ഞിക്കെട്ടുപോലുള്ളൊരപ്പൂപ്പന്‍.
താടിയുണ്ടെന്നേയുള്ളൂ, പേടിവേണ്ടാ.
മധുരമിട്ടായിയുടെ നനവുള്ള മിഴിത്തുള്ളിയില്‍
വേനല്‍മഴപോലെ മിഴിവുള്ള
നനുനനുത്ത പുഞ്ചിരിവെട്ടം.
കുട്ടിക്കിടമുണ്ട്
പുസ്തകക്കൂട്ടില്‍.
കിനാനൂലില്‍ക്കോര്‍ത്ത മനപ്പായകെട്ടിയ
കാറ്റുവഞ്ചിത്തുഴക്കരയില്‍, ഹാ
ആകാശച്ചിറകുള്ള അമ്പിളിവീട്.
മോഹാലസ്യം മൂര്‍ച്ഛിച്ചുമൂര്‍ച്ഛിച്ചു
മൂര്‍ദ്ധാവിലൊട്ടിച്ച മരുന്നുയന്ത്രം
തന്നെ തിന്നുകളഞ്ഞേക്കുമെന്നുഭയന്ന്
ഉടമവന്നു തലകൊയ്യുമ്പോള്‍
ഉന്മാദക്കൊട്ടക മുച്ചൂടും മുടിച്ചി-
ട്ടില്ലാത്ത ഈച്ചയ്ക്കു വിശറിയാട്ടി
വെള്ളമിറക്കാതെ മിഴിച്ചുകുത്തിയിരിക്കുന്ന
വിഷാദരോഗിയായ വൃദ്ധബാലന്റെ
നേര്‍ത്തുഞൊറിഞ്ഞു തൊലിത്തണുപ്പാറിയ
നീലഞരമ്പിട്ടുണങ്ങിവരണ്ടു
മദപ്പാടുമുറ്റിപ്പഴുത്തു ചലംചീറ്റി-
ച്ചത്തുമലച്ചു കിളിര്‍ത്തുകുലച്ച
അകാലനരക്കൊമ്പുടഞ്ഞപോലെ
ഉച്ചവെയ്ലത്തും
ഒറ്റയ്ക്കു വെളിക്കിറങ്ങാന്‍കൂട്ടുതേടി-
ക്കൊന്നും കൊലവിളിച്ചും
കൊരവള്ളി പൊള്ളിയ
സ്വതവേ രാത്രിസഞ്ചാരിയും
ജന്മനാ പേടിത്തൊണ്ടിയുമായ
ഉണങ്ങാത്ത മുറികൂടിപ്പെറ്റ
ഉണരാത്ത തെരുവിലെ
ഉറങ്ങാത്ത സ്വപ്നമുണ്ട്.
കുട്ടി കരഞ്ഞൂ
കെട്ടൊന്നയഞ്ഞൂ
പട്ടമഴിഞ്ഞൂ
ദണ്ണം കിനിഞ്ഞൂ
വണ്ണം തികഞ്ഞൂ
പേരായി ഉടല്‍വാര്‍ത്തൂ
അകംപുറം കനത്തൂ
മുഖം തരാതെ വളര്‍ന്നൂ
തട്ടം പറന്നു.
ഉമ്മുക്കുല്‍സു കലമ്പി:
നിക്കാനിടം പോരാ.
തിത്തുമ്മ പുണര്‍ന്നു:
നടക്കാന്‍ വഴി വേണം.
ഉടുക്കാന്‍ പുടവ നേദി-
ച്ചടുക്കാന്‍ കരിപുരട്ടാ-
നൊടുക്കം കയറൊരെണ്ണം
വേണം
വേള്‍ക്ക!
ഉമ്മുക്കുല്‍സു വിയര്‍ത്തു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...