ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ജസിയ ഷാജഹാന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഉറക്കമുറിയില്‍ നിന്നുമെന്നെ
മാറ്റിക്കിടത്താനുള്ള
തത്രപ്പാടിലാണെല്ലാവരും
കാറ്റും വെളിച്ചവുമെനിക്കിഷ്ട -
മല്ലെന്നവര്‍ക്കറിയില്ലെന്നുണ്ടോ ?
കഴുകന്‍ കുന്നില്‍ നിന്നും
ഇരുള്‍ച്ചാര്‍ത്തുകളെ ഭേദിച്ച്
കനല്‍ കണ്ണുകള്‍ വിടര്‍ത്തി,
രക്തദാഹികള്‍
ചുണ്ടുകള്‍ പിളര്‍ന്ന്
ചീറിയടുക്കുന്നുണ്ട്.
എവിടെയാണെന്റെ
കണ്ണുകളെ ഞാനൊളിപ്പിക്കുക?
നരിച്ചീറുകള്‍ തൂങ്ങിയാടുന്ന
മച്ചിന്‍ പുറത്ത്
ഓട്ടുവിളക്കുകള്‍ക്കിടയി -
ലൊളിപ്പിച്ച വല്ല്യമ്മാവന്റെ
സമ്പാദ്യക്കുടുക്കയില്‍ നിന്നും ,
നാലുപാടും ചിതറിവീഴുന്ന
നാണയത്തുട്ടുകളെന്റെ
കാഴ്ചയെ മരവിപ്പിക്കുന്നുണ്ട്.
ചാട്ടവാറടിയേറ്റു മുറിഞ്ഞുപോയ
എന്റെ കൈവെള്ളയിലെ രേഖകള്‍
ശാപക്കറകളാല്‍ ഓടിയകലുന്നു...
രാനിലാവില്‍
പ്രണയചിത്രങ്ങളെഴുതിയ
കള്ളിപ്പാലയുടെ വിരലുകളിലെ
പ്രണയജലം വറ്റിയിറങ്ങിയ
എന്റെ
ആത്മാവുരുകുന്നു...
കാതുകളില്‍
നീണ്ട ചെമ്പന്‍ മുടിയും
വെറ്റിലക്കറ പല്ലുകളുമുള്ള
രാവുണ്ണി മാഷിന്റെ
പരിഹാസച്ചിരിയിലെ
മോഷണക്കുറ്റത്തിന്റെ
നക്ഷത്രത്തിളക്കങ്ങള്‍
എന്നെ കരിങ്കല്‍ തുറുങ്കിലേക്ക്
കൊത്തിവയ്ക്കപ്പെടുന്നു
നാട്ടുപതിച്ചിയുടെ
പച്ചിലക്കൂട്ട് മോന്തിമോന്തിയൊരു
ചുവന്ന പുഴയൊഴുകുന്നുണ്ട്.
മൊഴിമോഹങ്ങളുടെ
ജഡങ്ങളൊളിപ്പിച്ച്
കുലംകുത്തിയങ്ങനെ!
മുകള്‍പ്പരപ്പില്‍ കൈകാലിട്ടടിക്കുന്ന
ചാപിള്ള രൂപങ്ങള്‍
വേരറ്റാണ്ടുപോകുന്നുണ്ടടിത്തട്ടിലേക്ക് തല്‍ക്ഷണം.
ദിഗന്തങ്ങള്‍ പൊട്ടുമാറുള്ള
എന്റമ്മയുടെ നിലവിളികള്‍
കേട്ടതെവിടെയാണ് ?
പേക്കിനാവുകള്‍ കണ്ട്
പേടിച്ചുറക്കം വരാതെ -
യന്ധകാരപ്പുതപ്പില്‍
മുഖമൊളിപ്പിക്കുമ്പോഴാണമ്മയരികില്‍
വന്നത്
ചുവന്നുപൂക്കും മുമ്പങ്ങ്
കഴുകന്‍ കുന്നിലേക്കൊപ്പം
കൂട്ടാന്‍.