ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ജസ്‌ലി കോട്ടക്കുന്ന് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
നാമൊരേ തീവണ്ടിയിലാണ്,
ഒത്തിരി സ്റ്റേഷനുള്ള ഭൂഖണ്ഡത്തില്‍.
നാമൊരേ കാഴ്ചകളിലാണ്
കൈവീശുന്ന കുട്ടികള്‍
ഫാക്ടറിയിലെ പുക
ഗോതമ്പു പാടം
കുന്നും നഗരവും
കെട്ടിടവും കുടിലും.
നമ്മളൊരേ കാത്തിരിപ്പിലാണ്
അവസാന സ്റ്റേഷനിലെത്താന്‍.
സീറ്റുകള്‍ക്കിടയിലൂടെ നടന്ന് തളര്‍ന്ന്
അലഞ്ഞു തിരിഞ്ഞ് മുഷിഞ്ഞ്
നശിച്ച, നശിപ്പിച്ച മിനുട്ടുകളില്‍.
ഓരോ സ്റ്റേഷനിലും
പച്ചക്കൊടിയും ചുവന്നകൊടിയും.
നാം കാത്തിരിപ്പിലാണ്.
ജോലി നേടുമ്പോള്‍
കാര്‍ വാങ്ങുമ്പോള്‍
വായ്പയടക്കുമ്പോള്‍
വീടു പണിയുമ്പോള്‍
പെന്‍ഷനാകുമ്പോള്‍
നമ്മളൊരേ കാത്തിരിപ്പിലാണ്.
പിന്നിലാക്കാന്‍ കഴിവുള്ള
സ്റ്റേഷനുകള്‍ക്കിടയില്‍
അപായ ചങ്ങലകള്‍
വലിക്കാന്‍ പാകത്തില്‍
നാം കരുത്താര്‍ജിച്ചില്ല.
ഇന്നലത്തെ ഖേദത്തിനും
നാളത്തെ ഭയത്തിനുമിടയില്‍
നാം കാത്തിരിപ്പിലാണ്.
ഈ നിമിഷങ്ങള്‍ ആഹ്ലാദഭരിത-
മാകുകില്‍, കൂടുതല്‍ മലകള്‍
കയറിയിറങ്ങുക.
കൂടുതല്‍ സൂര്യസ്തമയങ്ങള്‍,
കൂടുതല്‍ നദികള്‍ നീന്തിടാം,
കൂടുതല്‍ നടന്നിടാം.
സ്റ്റേഷനുകള്‍ യഥാക്രമം
എത്തുക തന്നെ ചെയ്യും.
(Chicken soup for the soul ' എന്ന പുസ്തകത്തിലെ റോബര്‍ട്ട് ഹെസ്റ്റിംഗ് എഴുതിയ കുറിപ്പില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് എഴുതിയ കവിത.)