Malayalam Poem : പുഴയിഴവഴികള്‍, ജസ് പ്രശാന്ത് എഴുതിയ കവിതകള്‍

By Chilla Lit Space  |  First Published Aug 9, 2022, 2:41 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ജസ് പ്രശാന്ത് എഴുതിയ കവിതകള്‍


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

മഷിപ്പേന

അടുത്ത ജന്മത്തിലെനിക്കു നിന്റെ
മഷിപ്പേനയാകണം,
ഇടയ്ക്കിടെ നിന്‍ പ്രണയമഷി
ജീവനായ് നീയെന്നില്‍ നിറയ്ക്കണം.

നിന്റെ നെഞ്ചിന്റെ ചൂട് പറ്റിയങ്ങനെ
നിന്റെ കീശയിലുറങ്ങണം,
ഇടയ്ക്കിടെ നിന്റെ വിരലുകള്‍ക്കിടയില്‍
ഞെരിഞ്ഞമരണം.

നിന്റെ വാക്കുകളെന്റെ മൊഴികളായി മാറണം
രാത്രിയാകുമ്പോള്‍ 
നിന്റെ പുസ്തകങ്ങള്‍ക്കിടയില്‍
നിന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരിക്കണം,
എന്നിലൂടൊഴുകുന്ന ചുവന്ന മഷിയാണ് നിന്റെ പ്രണയം.

നിന്റെ ശ്വാസം നിലയ്ക്കുമ്പോള്‍
അതിനു നിറമില്ലാതാവും
ഒഴുക്ക്  നിലയ്ക്കും 
ഒടുവിലത് 
എന്നില്‍ തന്നെയുറഞ്ഞ്
അലിഞ്ഞില്ലാതാകും.

നാമിപ്പോള്‍ രൂപമില്ലാത്തവരാണ്
മഷിയില്ലാത്ത രണ്ട് പേനകള്‍.

                                 

വേനല്‍ക്കിളിയും
ഞാനും മരുഭൂമിയും

ഓടിക്കിതച്ച് ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോള്‍
ആ വഴിയില്‍ ഞാന്‍ ഏകയായിരുന്നു.
ദാഹജലം തേടി ഞാനാ വഴി നീളെ നടന്നു.

അവിടുള്ള പുഴ 
വറ്റിവരണ്ടൊരു മണല്‍കൂനയായിരിക്കുന്നു,
മഴ മേഘങ്ങള്‍ കാറ്റിന്റെ കൂടെ
ദൂരയാത്ര പോയിരിക്കുന്നു
വേനല്‍ക്കിളിയും ഞാനും
മാത്രമായി, വഴിയില്‍.

വെയിലിനു കുട ചൂടാന്‍
നിഴല്‍ പോലുമില്ലാതെ 
ഞങ്ങള്‍
മരീചിക തേടി നടന്നു,
വറ്റിവരണ്ട മരുഭൂവില്‍
വീശിയടിച്ച മണല്‍ക്കാറ്റില്‍
വഴികളെല്ലാം ഒന്നായി
ദിക്കറിയാതെ,
ദിശയറിയാതെ നിന്നു.

വഴികളെല്ലാം 
നിന്നില്‍ത്തീരുന്നു,
മരണമേ,
ആ മണല്‍ക്കൂനയില്‍
മഴ വരുന്നത് കാത്തു
ഞാനുമൊരു 
മണല്‍ത്തരിയാവുന്നു.


പുഴയിഴവഴികള്‍

ഒരിക്കലൊരു യാത്ര പോകണം
തനിയെ,
രാവിരവുകളറിയാതെ.

വഴി നീളെ 
തണല്‍ മരങ്ങള്‍
പൂത്തു നില്‍ക്കുന്ന 
ചെമ്പകമരങ്ങള്‍ക്കിടയിലൂടെ
മേഘങ്ങളപ്പോള്‍
വഴികാട്ടും.

കാറ്റെനിക്ക് കൂട്ടു വരും
മഴയഴിഞ്ഞ പുഴപോലൊരു യാത്ര.

 

നിങ്ങള്‍ വായിക്കാത്ത പുസ്തകം

നിങ്ങളുടെ ലോകം വലുതായിരുന്നു,
അതിലെ അനേകം പേരില്‍ ഒരാളായിരുന്നു 
ഞാന്‍ നിങ്ങള്‍ക്ക്.

എന്നാല്‍, എന്റെ ലോകം ചെറുതായിരുന്നു,
അവിടെ കുറച്ചു പേരെ ഉണ്ടായിരുന്നുളളൂ.

അനേകരില്‍ ഒരാളാണ് ഞാനെന്ന് 
തിരിച്ചറിയുമ്പോഴേക്ക്  വൈകിയിരുന്നു.

ഞാനെന്ന പുസ്തകം 
എന്നും നിങ്ങള്‍ക്കെടുത്തു വായിക്കാന്‍ 
നിങ്ങളുടെ അരികിലുണ്ടായിരുന്നു.

താളുകള്‍ മുന്നില്‍ തുറന്നു വെച്ചിരുന്നു,
ഓരോ വരികളും 
നിങ്ങളോടുള്ള സ്‌നേഹമായിരുന്നു,
നിങ്ങളെന്നെ വായിക്കുംതോറും 
വളരുന്ന സ്‌നേഹം.

നിങ്ങളെന്നെ വായിക്കുന്നുവെന്നു കരുതി 
ഞാന്‍ മിഴി തുറന്നിരുന്നു, ഉറങ്ങാതെ,
പക്ഷെ, 
നിങ്ങളെന്നെ അലമാരയില്‍ 
അനേകം പുസ്തങ്ങള്‍ക്കിടയില്‍ 
സൂക്ഷിച്ചുവെച്ചു. 

എന്റെ പുറം ചട്ടകള്‍ക്കു മോടിയില്ലാഞ്ഞാവാം, 
വരികള്‍ക്കു അര്‍ത്ഥമില്ലാഞ്ഞാവാം
അറിയില്ലെനിക്ക് 
നിങ്ങളെന്തിനെന്നെ മറന്നെതെന്ന്.

പുറം ചട്ടയില്‍ പൊടി പിടിച്ചത് ഞാനറിഞ്ഞില്ല,
വരികള്‍ മാഞ്ഞു തുടങ്ങിയതുമറിഞ്ഞില്ല.

നിങ്ങളെയെനിക്കിപ്പോള്‍
കാണാനാവുന്നില്ല,
മാഞ്ഞു തുടങ്ങിയിരിക്കുന്നു നിങ്ങള്‍.

നോക്കൂ,
മാഞ്ഞ വാക്കുകളില്‍ 
ഒരു നാള്‍ മഷി പടരും,
എന്റെ പുറം ചട്ടകള്‍ പൂമ്പാറ്റകളാകും,
ചിറകുകളില്‍ വര്‍ണം നിറയും,
അപ്പോള്‍ ഞാന്‍ 
എന്നെ സ്‌നേഹിക്കുന്ന 
പൂക്കളുടെ അടുത്തേക്ക് പോകും,
അവിടെ ഞാന്‍ 
എന്റെ വരികളില്‍ തേന്‍ നിറയ്ക്കും.

അപ്പോഴും നിങ്ങള്‍
ദ്രവിച്ച തലച്ചോറുമായി 
ചിതലെടുത്ത പുസ്തകങ്ങള്‍ക്ക് കാവലിരിപ്പുണ്ടാകും,
പുതിയ പുസ്തകം തേടി.                                       


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!