ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹേമാമി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഇടവഴിയരികിലെ
കാട്ടുപച്ചയില്‍
കളസം പൊക്കി
കാലു കുത്തിയതും
ചെവിമടകളില്‍
തണുത്ത മഞ്ഞിന്റെ കൂക്ക്.
നിലാവ് പായ വിരിച്ച
നടവഴികളില്‍
മഞ്ഞു കിടന്നുറങ്ങി
എഴുന്നേറ്റു പോയതിന്റെ
നനവ്,
കാലറ്റങ്ങളില്‍
നുഴഞ്ഞു കേറി
കുളിരു കോരി.
എന്റെ അരികുകളില്‍
ചുരുണ്ടു കൂടിയ തണുപ്പ്
പതിയെ
രഹസ്യങ്ങളിലേക്ക്
ചാഞ്ഞിരുന്ന്
ചൂടു പകര്‍ന്നു.
ഞാന്‍ നൈനിറ്റാലില്‍ എത്തിയോ?
മഞ്ഞിന്‍തണുപ്പില്‍
കൂട്ടുകാരനോടൊത്തു
കൊക്കുരുമ്മുന്ന
ബ്ലാക്ക് ബസയെ
ഞാന്‍ തിരഞ്ഞു.
പക്ഷെ,
എവിടെയും
വഴിയോര മരച്ചില്ലകളില്‍
ആത്മഹത്യ ചെയ്ത
വെളുത്ത രൂപങ്ങള്‍ പോലെ
തൂങ്ങിയാടുന്ന മഞ്ഞു മാത്രം.
സ്വപ്നത്തിന്റെ ധാരാളിത്തത്തില്‍
തിളച്ചു മറിഞ്ഞ
എന്റെ ഉന്മാദം
ഒരു മഞ്ഞുതുള്ളി പോലെ
ഉരുണ്ടു കളിച്ചു.
അപ്പോഴും,
ഞാന്‍ ചൂടുള്ള
തണുപ്പു കായാന്‍
കാത്തിരുന്നു.