ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ദുര്‍ഗ്ഗ പ്രസാദ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
പതിവായൊരു പേക്കിനാവ് ക
ണ്ടിരവില്‍, മുങ്ങി മരിച്ചിടുന്നു ഞാന്‍.
പെരുവെള്ളമൊലിച്ചുവന്നു, നീര്‍ -
ക്കരമെന്‍ തൊണ്ട ഞെരിച്ചിടുന്നപോല്‍.
ഇരുളൊക്കെയുമോളമായ്, ജല-
ച്ചുഴിയില്‍ രണ്ടു കരങ്ങള്‍ മാത്രമായ് -
ഒരു ദ്യശ്യ, മതില്‍ പിടഞ്ഞു ഞാനു-
ണരും രാമഴയില്‍ കുതിര്‍ന്നപോല്‍.
കിണറില്‍ ചെറുതൊട്ടി ചക്കര -
ക്കയറില്‍ത്തുള്ളി നിറഞ്ഞു മുങ്ങവേ,
ചെറുചൂണ്ടയില്‍ വാള പോലൊരാള്‍
കയററ്റത്തു പിടഞ്ഞു തൂങ്ങിയും,
ജലമാകെ നുരച്ചു പൊന്തി,ചെ-
ന്നിറമാ,യെന്നെ വലിച്ചു താഴ്ത്തിയും,
പുലര്‍വേളയിലാറ്റുവക്കിലേ-
ക്കടിയുമ്പോളൊരുകാക്കകൊത്തിയും,
ഒരു സ്വപ്നമതില്‍ പിടഞ്ഞു
ഞാനുണരും മറ്റൊരു ജന്മമെന്നപോല്‍.
തറയില്‍ തലചേര്‍ത്തു തിണ്ണമേ-
ലൊരു നാളുച്ചകഴിഞ്ഞുറങ്ങവേ,
നദി പാഞ്ഞൊഴുകും 'രവം, ചെവി-
യ്ക്കരികത്തോളമിരമ്പി വന്നതും,
പുരയാകെവിഴുങ്ങി,യത്യഗാധതയില്‍
കണ്ണുമിഴിച്ചു താഴ്ന്നതും,
പുതനും* കുളവാഴയും നിറ-
ഞ്ഞൊരുപാടത്തെയടുത്തു കണ്ടതും
കരകാണാത്ത കയത്തിലെന്റെ
വാക്കിടയില്‍ മുങ്ങി മുറിഞ്ഞു പോവതും,
ചുഴിയേറുമൊഴുക്കിലെന്‍ ജഡം,
കടലും തേടിയലഞ്ഞിടുന്നതും,
ഒരു സ്വപ്നമതില്‍പ്പിടഞ്ഞു ഞാനുണരും
ചത്തുയിര്‍വെച്ചു വന്നപോല്‍.
പലയാണ്ടുകള്‍ മുമ്പ് വറ്റി,
മണ്മറയപ്പെട്ട നദി , ജലപ്പിശാ-
ചിനിയായ്, പ്രതികാരദാഹിയായ്
ഒഴുകും രാത്രിയിലെന്റെ ചിന്തയില്‍...
* പുതന്‍- സംഘകാലകൃതികളില്‍ ആമ്പലുകളെ സൂചിപ്പിക്കുന്ന വാക്ക
(പുതനൂര്, ആണ് ബുധനൂര്‍ എന്ന് ചില പഴമക്കാര്‍ )