ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഡോ. വിജയകുമാര്‍ എ ആര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ബൂട്ടിനുള്ളില്‍ ഒരു ദിവസം
ഇങ്ങനെയൊരു പേരിട്ട്,
എറുമ്പ് ആത്മകഥയെഴുതി.
എത്ര ശ്രമകരമാണ്,
ഒരു ദിവസം മുഴുവന്‍,
ശത്രുക്കളെ കാണാനാകാതെ,
ബൂട്ടിനുള്ളില്‍
ശ്വാസം മുട്ടിയിരിക്കുക.
ഒട്ടും വെളിച്ചം കാണാതെ,
ഇരുമ്പൊച്ചകള്‍, നിലവിളികള്‍,
കൊലവിളികള്‍,
മാത്രം കേട്ടിരിക്കുക,
പാതി മരിച്ചിരിക്കുക.
യുദ്ധാനന്തരം, ജനക്കൂട്ടം,
രാഷ്ട്രമായി മാറും.
യുദ്ധകഥള്‍ മെനയും.
ധര്‍മ്മാധര്‍മ്മങ്ങള്‍,
കൂട്ടിപ്പിരിച്ച്, കൊടിയുണ്ടാക്കും.
രാജ്യദ്രോഹികള്‍ക്ക് ചാര്‍ത്താന്‍,
അടയാളം നിര്‍മ്മിക്കും.ഒടുവില്‍,
സര്‍വ്വസൈന്യാധിപന്‍,
ബൂട്ടുകള്‍ കരയിലഴിച്ചുവച്ച്,
മുങ്ങി മരിക്കാന്‍ പോണതിന്,
തൊട്ടുമുമ്പ്,
മൃതപ്രായനായ ഉറുമ്പിന്,
ജന്മദിനവും, സ്വാതന്ത്ര്യദിനവും,
ഒന്നിച്ചു നേരുന്നിടത്താണ്,
ആത്മകഥ അവസാനിക്കുന്നത്.