ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. ജയകൃഷ്ണന്‍ ടി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ചോദ്യോത്തരങ്ങളില്ലാതെ
എന്റെ വാക്കുകളാലെറിഞ്ഞുടക്കപ്പെട്ട
ചലനമറ്റ ബലിക്കല്ലാണ് നീ.
ഒരു തുളസിക്കതിര്‍പ്പോലും വീണ് മുളക്കാത്ത
വരണ്ട നിലത്ത് നിന്ന്
മുഖം കോടിയതും വക്കൊടിഞ്ഞുമായ
തെറിച്ച വാക്കുകള്‍ പെറുക്കി
എന്നില്‍ തന്നെ കോര്‍ത്തെടുത്തു
ഞാനൊരു മാല തീര്‍ക്കട്ടെ!
പണ്ട് ഞാന്‍ പറയാറുണ്ടായിരുന്നു -
നീയൊരു ഊരാക്കുടുക്കാണെന്ന്,
ഉത്തരം കിട്ടാത്ത കടങ്കഥയെന്ന്.
പിന്നെ നീയെന്റെ -
മുള്ളായി, മുറിവായി
മുറിവായിലെ ചോരയായി
നീറുന്ന വേദനയായി.
പൊള്ളലേല്‍ക്കാത്ത കനലായി കത്തി,
വ്രണമായി പഴുത്തൊലിച്ചു.
അപ്പോഴെങ്കിലും
നിശ്വാസങ്ങളിലൂടെ ഊതി
നിനക്കെന്റെ
തപിക്കുന്ന വേദനകളെ തണുപ്പിക്കാമായിരുന്നു.
ഒടുവില്‍
തിരിച്ചറിവിന്റെ വെളിപാടുകളില്‍
തലനാരിഴ കീറി പിളര്‍ന്ന് തല പുകഞ്ഞ് ഞാന്‍
ശരിതെറ്റുകളുടെ കണക്ക് കൂട്ടിക്കിഴിക്കുമ്പോള്‍
നീയൊരു തെറ്റായിരുന്നു.
ഞാന്‍ ചെയ്യരുതായിരുന്ന തെറ്റ്.
അറിവിന്റെ നീണ്ട ഇടനാഴികകളില്‍
മറകളെല്ലാം മാറ്റി ഉള്‍ക്കണ്ണുകളെല്ലാം തെളിയിച്ചിട്ടും
നിന്റെ മുഖത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് ചൂണ്ടുന്ന
ഒരു ചെറുവിരല്‍ പോലും ഞാന്‍ കാണുന്നില്ല.
അച്ചടിമഷിയുടെ പഴുതിലൂടെ ഏതു സാക്ഷനീക്കിയാണ്
അര്‍ത്ഥം തെളിയാത്ത നീ, അച്ചടി പിശകായി
എന്റെ ജീവിത നിഘണ്ടുവില്‍ കടന്ന് കൂടിയത്?
ശാപത്തിനിടി വെട്ടി
നിറുക വിണ്ട് കീറിയ ദുര്‍ന്നിമിഷത്തില്‍
എന്റെ ദൗര്‍ബല്യങ്ങളുടെ പുറ്റുകള്‍ക്ക് മേല്‍
കുമിളുകളായി നീ പൊട്ടി മുളച്ചത്?
അണിഞ്ഞ കറുത്ത വസ്ത്രത്താല്‍ കുനിഞ്ഞ ശിരസ്സ് മൂടി
ശവഘോഷയാത്ര പോലെ നീ കടന്ന് പോയപ്പോള്‍
മാറോടണച്ചു പിടിച്ചു
ഒടുവില്‍ നീ ഉപേക്ഷിച്ച
കറുത്ത ശവപ്പെട്ടി പോലുള്ള പുസ്തകത്തില്‍ നിന്ന്
വിലാപങ്ങളുമേങ്ങലടികളും ഇപ്പോഴുമെനിക്ക് കേള്‍ക്കാം.
ഇപ്പോള്‍ അക്ഷരങ്ങള്‍ പുഴുക്കളായി
നിന്റെ മരിച്ച ഓര്‍മ്മകളുള്ള
തലച്ചോറു കാര്‍ന്നുതിന്നുന്നുണ്ടാവണം.
പുക എരിഞ്ഞടങ്ങിയപ്പോള്‍ -നീ
ഉള്ളം കൈയ്യില്‍ വാരിയെടുത്ത
ആഷ് ട്രേയില്‍ നിക്ഷേപിക്കേണ്ട ഒരു പിടി ചാരം മാത്രം:
പെയ്‌തൊടുങ്ങിയപ്പോള്‍ -നീ
ഇറയ്ക്കാന്‍ പറ്റാതെ ഞാന്‍ നീട്ടിത്തുപ്പിയ
ഒരു കവിള്‍ ഇറ വെള്ളം മാത്രം.
ഓര്‍മ്മകള്‍
പളുങ്കു ഭരണി നിറയെ കരഞ്ഞ് കണ്ണീരൊഴിച്ചപ്പോള്‍ - നീ
ഒരു സ്പൂണ്‍ ഉപ്പ് മാത്രമായി ഊറി നിന്നു.
ഇനി -
എന്റെ ചില്ലകളില്‍ പൂക്കുന്ന
കണ്ണിമാങ്ങകള്‍ ഉപ്പും കൂട്ടി രുചിക്കയോ
ഉപ്പിലിട്ടവ വറുതിയിലേക്ക് കരുതി വെക്കുകയോ ചെയ്യാമല്ലോ?
എന്നിട്ടും -
മുഖം മൂടികള്‍ക്കിടയില്‍
സ്വയം മുഖം തിരിച്ചറിയാതെ
തിരശ്ശീലക്ക് മുന്‍പിലും പിന്നിലുമായി
'ദാരികനും കാളിയുമായി'
രംഗം മാറി മാറി നീ അഭിനയം തുടരുന്നു;
-തിരശ്ശീലക്ക് ചരട് പിടിക്കുന്നയാള്‍
ചരട് പിടിവിടാതെ
ഉറക്കം തൂങ്ങുകയാവുമെന്ന് സമാധാനിക്കട്ടെ.
അരങ്ങില്‍ നാടകം തീര്‍ന്നിട്ടും
നീയാരാണെന്ന് ശരിക്ക് തിരിച്ചറിയാത്ത
വെറും കാണികളിലൊരുവന്‍ മാത്രമായ ഞാന്‍
'ഈ കവിത മാല' നിനക്ക് സമ്മാനിക്കുന്നു.
- ജീവിത നാടകത്തില്‍ അരങ്ങ് തകര്‍ത്തതിന്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...