ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. ബിന്ദു വെല്‍സാര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
സൗന്ദര്യപ്രേമി
ആരാണ് സൗന്ദര്യപ്രേമി?
അനന്തവിശാലമായ
ആകാശത്തില്‍
പാറിപ്പറന്നു പോകുന്ന
വര്‍ണപറവകളെ
കൂട്ടിലടക്കുന്നവര്‍
കടലാഴങ്ങളില്‍
പവിഴപ്പുറ്റുകള്‍ക്കിടയില്‍
നീന്തിത്തുടിക്കുന്ന
വര്‍ണമല്‍സ്യങ്ങളെ
ചില്ലുകൂട്ടിലാക്കുന്നവര്‍
ആനയെ ചങ്ങലക്കിട്ട്
മേളപ്പെരുമ കാട്ടുന്നവര്‍
ആനക്കൊമ്പും
മയില്‍പ്പീലിയും
അലങ്കാരമാക്കുന്നവര്‍
തുകല്‍ ചെരുപ്പും
തുകല്‍ ബാഗും കൊണ്ട്
മോടികൂട്ടുന്നവര്‍
വംശപ്പെരുമയുള്ള
നായ്ക്കളെ, പൂച്ചയെ
അലങ്കാരമാക്കുന്നവര്‍
ആരും കൊതിക്കുന്നൊരിണയെ
സ്വന്തമാക്കി
പ്രദര്‍ശന വസ്തുവാക്കുന്നവര്‍.
ആരാണ് സൗന്ദര്യ പ്രേമി?
ഞാനൊരു സൗന്ദര്യ പ്രേമി
ആകാത്തതു കൊണ്ടാകും
പൂവിറുത്തു നല്‍കി
പ്രണയം പറയുന്നവരുടെ
പ്രണയവും
പൂക്കള്‍ കൊണ്ട്
ശവമഞ്ചം
അലങ്കരിക്കുന്നവരുടെ
ദുഃഖവും
മനസ്സിലാകാതെ
പോകുന്നത്.
വിശ്വാസത്തീ
ആരുടെയോ
മൗനസാധനയില്‍
ഉയിര്‍കൊണ്ട്
ആചാരമായി
അനുഷ്ഠാനമായി
വിശ്വാസമായി
തീവ്രവാദമായി
വെറുപ്പിന്റെ
തീനാവിനാല്‍
എരിച്ചുകളയുന്നു
നന്മയെ നേരിനെ
നേരുചൊല്ലും നാവിനെ
നിസ്സഹായ മനുഷ്യരെ
പലായനവഴിയില്‍
തിരക്കുകൂട്ടുന്നു
മുഖമുള്ള മനുഷ്യര്‍
ജീവിതസ്വപ്നം
ബാക്കിയുമുള്ളവര്‍
മുഖം മറച്ചവര്‍
പലായനത്തിനും
വഴിയില്ലാത്തോര്‍
ചിരിയും മൊഴിയും
അന്യമായവര്‍
അനാമികകള്‍
നരകത്തീ ഭയന്നവര്‍
വിശ്വാസത്തീയില്‍
പൊള്ളിയൊടുങ്ങുന്നു
ശബ്ദമുയര്‍ത്തിയവര്‍
നേരിന്റെ കാവലാള്‍
പീഡാനുഭവഗഹ്വരങ്ങളില്‍
മാഞ്ഞുപോകുന്നു
ശബ്ദമാകേണ്ടവര്‍
മൗനസാഗരത്തില്‍
അടയിരിക്കുന്നു
അന്തമറ്റ നിലവിളിയില്‍
ഉറക്കം കെട്ടവര്‍
നിസ്സഹായര്‍
ആശ്വസിക്കാന്‍
ഒരു വിശ്വാസം പോലുമില്ലാതെ
ചിതറിക്കിടക്കുന്നു
രക്ഷകരുപേക്ഷിച്ച
കബന്ധങ്ങള്‍ മാതിരി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...