ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദേവി ശങ്കര്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നിലാക്കാറ്റ് വീശുമ്പോള്‍
ഒരാത്മരോദനത്തിന്
ജനലഴികള്‍
തുറന്നിട്ട നേരം
നിശയില്‍ തിരനോട്ടമേകി,
തിറയാടി
നീ വരുമ്പോള്‍
വശ്യമോഹനമാം
ആകാശക്കാഴ്ചതന്‍
രൂപാന്തരങ്ങള്‍.
നിലാവു പെയ്യും
രാത്രികള്‍ പകലുകളായി,
കണ്ണുകള്‍ മഴച്ചീളുകളായി ചിന്നുന്നു.
ഉരുകിയൊന്നായ
പൊന്നിന്റെയവശിഷ്ടങ്ങള്‍
ആഴിയുടെ മടിത്തട്ടില്‍
ചിലമ്പിച്ച കാറ്റിനെ
സാക്ഷിയാക്കി
കിന്നാരം പങ്കുവെച്ചിടുന്നു.
നീന്തിയും നീങ്ങിയും
മേഘശകലങ്ങള്‍
ഊഞ്ഞാലുകെട്ടുന്നു.
മഴനീര്‍ത്തുള്ളിയോ
വിരികളെ തൊട്ടു മാറ്റുന്നു.
പ്രണയ ചിന്തുകള്‍
നനവിന്റെ ലോകം കണ്ടറിഞ്ഞു.
ഇന്ദ്രധനുസ്സിന്റെ
അഴകുപേറിയ
നീര്‍ത്തുള്ളികള്‍
നിലാക്കാറ്റില്‍
ശയനമുറിയെ
പ്രദക്ഷിണംവച്ചു.
ആമോദാതിരേകത്താല്‍
ചുവര്‍ചിത്രങ്ങളുടെ
മിഴിമുനകള്‍
തമ്മിലിടഞ്ഞു.
നീരാടിനില്‍ക്കുന്ന
നിഴലുകളില്‍
ജീവന്റെ അംശം
ചിതറിയിരുന്നു.
അപ്പോഴും,
വറ്റിപ്പോയ
ഇന്നലകളിലെ നിമിഷങ്ങളുടെ
ആഘാതങ്ങളെ
അടര്‍ത്തിമാറ്റാനാകാതെ,
പ്രിയപ്പെട്ടതെന്തോതേടി
അഭ്രപാളികളിലെ
മേഘക്കീറുകളിലേയ്ക്ക്
നിലാക്കാറ്റിനൊപ്പം
അഞ്ജനമെഴുതിയ
മിഴികള്‍ പായുന്നുണ്ടായിരുന്നു.
സദാചാരം
കാലാവസാനത്തില്‍
ഒഴുകിത്തീരാത്ത പുഴയില്‍
കാണാതായ
ആചാരങ്ങളെ തേടിയിറങ്ങി.
രാവിന്റെ തീക്കനല്‍
തിക്കിയും തിരക്കിയും
അണച്ചു കടന്നുപോകുന്നവര്‍.
വെട്ടം വീഴുമ്പോള്‍
ആരും കാണാതെ
ചെളി തുടയ്ക്കുന്നു.
ആരാദ്യമെന്ന വാശിയിലാണ്
അടുത്ത ചെവികളെ
തേടിപ്പോകുന്നവര്‍.
വലവിരിച്ച്
കാട്ടാളഹൃദയം പേറി
സദാ ചാരം പൂശാന്‍
വഴിയെ നില്‍ക്കുന്നവരാണെല്ലാവരും.
സദാചാരത്തിന്റെ
വിതമുളപ്പിക്കാന്‍
എത്രയെത്ര പാഴ്‌നിലങ്ങള്‍.
മരിച്ച സ്വപ്നങ്ങളെ
തീറെഴുതി വില്‍പനചെയ്യാന്‍
അടുക്കളപ്പുറം കേറിയവള്‍
അടച്ചുവായിച്ച ആചാരങ്ങളുടെ
സ്വത്വമാകുന്നു.
ആടയഴിച്ചൊതുക്കിത്തളര്‍ന്ന
മേനിയിലെ
വൈകാരികാവസ്ഥകള്‍
തരണം ചെയ്യുന്നതൊരു
സദാചാരപ്രവണതയുടെ
കാണാപ്പുറമത്രെ.
ഇഷ്ടങ്ങളെ വരികളാക്കിയ
ലേഡി ചാറ്റര്‍ലിയും
സദാചാര വിരോധാഭാസ
കഥാപാത്രങ്ങളില്‍
ഒരു കണ്ണിമാത്രം.
ഉടലെടുക്കുന്നുവോ
ഉയിരെടുക്കുന്നുവോ
സദാചാര പാഠങ്ങളെന്നും
നീതിയും നിലയുമില്ലാത്ത
ഈ ഭൂവിന്റെ സ്പന്ദനങ്ങളില്‍!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...