ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ബിന്ദു തേജസ് എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
എനിക്കൊരു മഴവില്ലാകാന്‍ കഴിഞ്ഞെങ്കില്‍....
ഒരാളെ
ഇഞ്ചിഞ്ചായി കൊല്ലുന്നതെങ്ങനെ
എന്നെനിക്കിപ്പോളറിയാം.
എന്തെന്നാല്‍
ഞാന്‍ നിരന്തരം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു.
സ്വന്തമെന്നു കരുതിയവരാണെന്നെ
കൊന്നുകൊണ്ടിരിക്കുന്നത്..
ഓരോ തവണ മരണപ്പെടുമ്പോഴും
എന്തുകൊണ്ടിതെല്ലാം എനിക്ക്
അവഗണനയോടെ ഒഴിവാക്കാനാവുന്നില്ല.
ജീവിതമെന്നെ എത്രമേല്‍ സ്‌നേഹിക്കുന്നു?
ഉത്തരങ്ങള്‍ തേടി
ഞാന്‍ പ്രകാശപാതകളിലൂടെ ഒറ്റയ്ക്കു നടക്കുന്നു.
ചിലപ്പോഴെങ്കിലും
മഞ്ഞുവീഴുന്ന പൈന്‍ മരങ്ങളുടെ ചോടെനിക്ക് കുളിരു തരുന്നു.
ചിലപ്പോഴെങ്കിലും കണ്ണുകള്‍ക്ക് വര്‍ണ്ണോത്സവങ്ങളൊരുക്കി
ആയിരം ആകാശമുല്ലകള്‍ വിരിഞ്ഞുനിന്നു.
പലപ്പോഴായി നഷ്ടപ്പെട്ട
എന്റെ ആത്മാവിന്റെ സംഗീതം,
നിലാവ് പെയ്യുന്ന രാത്രികളിലെന്നെ
ഏകാകിയായ രാപ്പാടിയുടെ
അടുത്തേക്ക് കൊണ്ടുപോകാറുണ്ട്.
തൂക്കിലേറ്റപ്പെടാന്‍ കാത്തിരിക്കുന്ന
തടവുകാരിയെപ്പോലെ
ഭയപ്പെടാതെ
കുരുക്കുകളുടെ ബലത്തിനെപ്പറ്റി
സംശയം പ്രകടിപ്പിക്കാറുണ്ട്.
എങ്കിലും ജീവിതം
ഇത്രമേല്‍ സ്‌നേഹനിര്‍ഭരമാണെന്നും
മരണം അസ്വാഭാവികമാകരുതെന്നും
സ്വപ്നം കാണാറുമുണ്ട്.
മഴവില്ലുകളെന്നെ മാടിവിളിച്ചുകൊണ്ടേയിരുന്നു
കറുപ്പിനും വെളുപ്പിനുമിടക്ക്
തെളിഞ്ഞു മായാതിരിക്കാന്‍,
നിറച്ചാര്‍ത്തുകളൊരുക്കാന്‍.
ഒഴുകാനാവാത്ത പുഴ
ചോരചിന്തിയ ആകാശത്തിനുതാഴെ
കലങ്ങിമറിഞ്ഞ മനസുമായൊരു പുഴ.
നരച്ചമണല്‍പ്പരപ്പില്‍,
കത്തിയെരിഞ്ഞ മരാവശിഷ്ടങ്ങള്‍ പോലെ
കാറ്റാടിമരങ്ങള്‍ ഇലയനക്കമറ്റ് നിന്നു.
ചിതലുതിന്ന പുസ്തകങ്ങളുടെ പുറംചട്ടയായി
ചെറുപാറക്കൂട്ടങ്ങളുടെ നിഴലുകള്‍,
അഭിലാഷങ്ങളുടെ ഓളക്കുത്തുകളൊഴിഞ്ഞ്
അനാവരണം ചെയ്യപ്പെട്ട ശരീരവുമായി പുഴ.
പണയപ്പെടുത്തിയ പ്രാണനുമായി നിശബ്ദയാകേണ്ടിവന്നവള്‍,
ചമത്കാരങ്ങളൊഴിഞ്ഞ രാജകുമാരിയുടെ വിളര്‍ത്ത സൗന്ദര്യമായി ,
ചിറകുകള്‍ വിരിച്ച് പറക്കാനാവാത്ത സഞ്ചാരപ്രിയ,
ഉറവ വറ്റിത്തുടങ്ങിയ വെറും പുഴ..
നിറഭേദങ്ങളാല്‍ വികാരവിക്ഷോഭങ്ങള്‍
വിളിച്ചറിയിച്ചിരുന്നവളുടെ ഒടുക്കത്തെ ശാന്തതയോടെ
നിലാവുകുടിച്ച് നേര്‍ത്ത പുഴ.
കരയാനും ചിരിക്കാനുമാകാതെ
ജീവച്ഛവമായി ഒഴുകാനാവാത്ത പുഴ
ഒരു ഹിമത്തടാകം പോലെയുറഞ്ഞ്
ഒരിക്കലും ഉണരാനാവാതെ.