ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബിന്ദു കല്ലൂര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
സൂര്യന്‍ മറയുന്ന
വഴികളിലെ ഇരുട്ടിനെ
പക്ഷികള്‍ ചിറകു വീശി
വീതം വെക്കുന്ന
രാത്രികളിലാണ്
ഒറ്റയാഴങ്ങളുടെ
ദംശനമേല്‍ക്കുന്നത്.
ചുമരിനപ്പുറത്തെ
ശബ്ദവെളിച്ചങ്ങള്‍
കൂട്ടിപ്പിടിക്കാനാവാതെ
സ്വയം മിടിക്കാന്‍
വെമ്പല്‍ കൊണ്ട്
ഉള്ളു കോച്ചിപ്പിടിക്കും.
അന്നേരമെന്റെ വിരലുകള്‍ ചുണ്ടിലുരഞ്ഞു
മെഴുകുതിരി വെട്ടം വിരിയും.
കാണെക്കാണെയാ
വെളിച്ചത്തിന്റെ
മുകള്‍ഭാഗത്തുനിന്ന്
ആകാശം വാര്‍ന്നു പൊങ്ങി
നീല നിറം പടരും.
താഴെ നീലസമുദ്രം ഒലിച്ചിറങ്ങും.
നോഹയുടെ പെട്ടകം
അകലെയായ് ദൃശ്യമാവും.
അടയാളവാക്യം ഏതുമില്ലാതെ
അവനോട് സംവദിക്കാനാവും.
ലോകങ്ങളെല്ലാം ഒരുമിച്ചു നിരന്നു
കാഴ്ചക്കു മങ്ങലേല്‍പ്പിക്കും.
കണ്ണു കൈ കൊണ്ടമര്‍ത്തിത്തുടച്ചു നോക്കൂ
വ്യക്തമായി കാണാം.
നീയൊരു പ്രപഞ്ചത്തെ
ഉള്ളിലൊതുക്കുന്നത്
എത്ര ഗഹനമായാണെന്ന്.
ഒറ്റക്കൊരു പ്രപഞ്ചം
വഹിക്കുന്നവന്‍
ജീവന്റെ ശക്തി കേന്ദ്രമാവുമ്പോള്‍,
ഒറ്റയാവുന്നിടങ്ങളിലെ
കണ്ണാടികളില്‍
പഞ്ചഭൂതസൃഷ്ടിയുടെ
വാതിലുകള്‍ തുറക്കപ്പെടുന്നത്
കാണുന്നില്ലേ?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...