ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ബിന്ദു കല്ലൂര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
തറയില്‍ ചെരിഞ്ഞു കിടന്നൊരു
കടലിനെ ആവഹിക്കുകയാണവള്‍.
മുടിയില്‍ നിന്നിറ്റുന്ന
എണ്ണ അവളില്‍ വഴുക്കി വീഴുന്നു.
ചുവന്ന വേദനക്കുരുക്കുകള്‍
മുറുകി കാലു കഴക്കുന്നു.
തിരിഞ്ഞു കിടക്കാനാവാതെ
വേദനക്കുത്തിന്റെ
വസന്തത്തില്‍
ചുവന്ന തടയണകള്‍
പൊട്ടിയൊലിക്കുന്നു.
ദിവസങ്ങളില്‍
അടയാളച്ചോപ്പ്
പടര്‍ത്തുന്ന
വെള്ളയുടുപ്പുകള്‍
അവളിലേക്ക്
നീളുന്ന പാളങ്ങള്‍
പണിയാറുണ്ട്.
ഉടലില്‍,
ഒരു ചുവന്ന പക്ഷി
കൂടു കെട്ടി
ധ്യാനിച്ചിരിക്കുന്ന
കാഴ്ച കാണാം.
തൂവല്‍കൊണ്ട് ദേഹം മുഴുവന്‍
വെളിപാടുകളുടെ
ചിത്രങ്ങള്‍ നിറഞ്ഞു തൂവും.
ചുവപ്പിന്റെ തീക്ഷ്ണതയില്‍
കാഴ്ചകള്‍
കരിമ്പടത്താല്‍ മൂടിവെച്ചു കളയും.
ഉള്ളു മുറിയുന്ന
പാത്രക്കണക്കുകള്‍ക്ക് കീഴെ
അവള്‍
പിളരുന്ന ചിന്തകളെ പൂജ്യം കൊണ്ട്
നിശ്ശേഷം ഹരിച്ചിടും.