ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഭൗമിനി എഴുതിയ കവിത
അവളുടെ മരണം
പെട്ടെന്നായിരുന്നു!
ഒരു കയറിന്റെ അറ്റത്തായി
ജീവനറ്റ ഉടല്‍ തൂങ്ങിയാടുന്നു.
കണ്ണുകളിലായി ഒരു കിനാവ്
തുറിച്ചുന്തി നില്‍ക്കുന്നു.
തറയിലങ്ങിങ്ങായി
വിസര്‍ജ്ജ്യങ്ങള്‍.
undefined
യൗവനയുക്തയായ
സ്ത്രീയുടെ മരണം
ചിന്തകളുടെ കാടുകള്‍
താണ്ടുവാന്‍ നിങ്ങളെ
പ്രേരിപ്പിച്ചേക്കാം.
സംശയത്തിന്റെ
കയറില്‍ കുരുങ്ങി
നിങ്ങളും പലതവണ
ആത്മഹത്യ ചെയ്‌തേക്കാം.
മരണത്തിന്റെ വേരുകള്‍
ചിക്കിച്ചികയുന്ന വേളയില്‍
ഉടയാത്ത മാറിടം കണ്ട്
അദ്ഭുതപ്പെടരുത്.
ഹൃദയം തുരക്കുമ്പോള്‍
പ്രണയത്തിന്റെ തിരുമുറിവ്
ദൃശ്യമാകാത്തതില്‍
അല്പംപോലും
ദുഃഖിക്കുകയുമരുത്.
തലച്ചോറ് കീറി
പരിശോധിക്കുമ്പോള്‍
സ്വാര്‍ത്ഥ പ്രണയത്തിന്റെ
വെടിയുണ്ട
കണ്ട്കിട്ടിയില്ലെങ്കില്‍
ലജ്ജിക്കരുത്.
ഗര്‍ഭപാത്രത്തിന്റെ
ഉള്ളറകളില്‍
ബീജത്തിന്റെ അംശങ്ങള്‍
കാണുന്നില്ലെങ്കില്‍,
അതോര്‍ത്ത്
നിരാശനാകരുത്.
വേരുകള്‍
അവസാനിക്കുന്നിടത്തെ
ശൂന്യത നിങ്ങളുടെ
നെറ്റിയില്‍
അസ്വസ്ഥതയുടെ
ചുളിവുകള്‍ വീഴ്ത്തുമ്പോള്‍
അവളുടെ മരണവും
ആത്മഹത്യയുടെ
കോളങ്ങളിലേക്കോ,
ദുരൂഹ മരണങ്ങളുടെ
പട്ടികയിലേക്കോ
ഒപ്പുവയ്ക്കപ്പെടുന്നു.
ഞാനിപ്പോഴും
ഉറപ്പിച്ചു പറയുന്നു.
അവളുടെ മരണം
ആത്മഹത്യയല്ല
കൊലപാതകമാണ്;
മറ്റാരെക്കാളും
എനിക്കതു ബോധ്യമുണ്ട്.
അവളും ഞാനും തമ്മില്‍
ഒരു ശ്വാസത്തിന്റെ
അകലമേയുള്ളൂ..