ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നരകവിലാസം
സ്വപ്നങ്ങളോരോന്നിലും
യാത്രകളിലോരോന്നിലും
എരിതീക്കനല്‍പ്പുറ്റുകള്‍
ചുട്ടുപൊള്ളിച്ചമര്‍ത്തുന്നു
ലോഹക്കണ്ണുരുട്ടി
തേറ്റ നീട്ടി, നാവ് കാട്ടി
ആരൊരാള്‍ മുന്നില്‍
വന്നു നില്‍ക്കുന്നു.
പിന്നിലേതോ വാള്‍മുന
കുത്തി നില്‍ക്കുന്നു.
കുതറുവാനാവാതെ
കാല്‍ച്ചങ്ങല
തടവിലാക്കുന്നു.
കടവിലെന്നും
വള്ളം മറിയുന്നു
ജീവദാഹത്താല്‍
കൈകാലുകള്‍
പിടക്കുന്നു
അറ്റാമില്ലാ താഴ്ചയാണ്
ഒറ്റക്കമ്പിയിലെ നടനമാണ്
പാതി വെന്ത ഉടലിപ്പോള്‍
പ്രഭാതമിറ്റാത്തയറകളില്‍
കിരാത വചസ്സിലുഴറി
നിനവിനവസാന കണ്ണിയും
അറ്റ് പോവാന്‍ വെമ്പി
നരക കവാടം അടക്കുന്നു .
വിളിക്കാതെത്തുന്നവര്‍
തീരെ രുചിയില്ല..
വിരസനേരങ്ങളില്‍
മറവി ഖനിയില്‍ നിന്നും,
കുഴിച്ചുമൂടപ്പെട്ട സ്വപ്നങ്ങള്‍
പുഴുനുരച്ചിലെന്നപോലെ
ഉഴുതുകുമിഞ്ഞു വരുമ്പോള്‍..
പാകതയില്‍ എത്താതെ പോയതോ
ചേരുവകളില്‍ അനുപാതം പിഴച്ചതോ
കാരണമേതായാലും,
വലിച്ചെറിഞ്ഞ
പഴങ്കഥയാണ് .
അകാലമൃത്യുവറിഞ്ഞതാണ്.
ഇപ്പോളിതാ,
മുന്നറിയിപ്പില്ലാതെ,
തറവാട് വകയെന്നപോലെ,
അരസിക വേഷത്തില്‍ കയറിവന്നിങ്ങനെ,
മുറിയില്‍ ഉലാത്തുന്നു.
പിന്നെ, ഓടിവന്നു പുണരുന്നു.
കൈപിടിച്ചെങ്ങോട്ടെന്നില്ലാതെ
ഒച്ചിന്റെ വഴുക്കലോടെ
ഉന്തിവലിക്കുന്നു.
അനവസരത്തിലെന്നോണം
ആകാശം കുത്തിപ്പൊട്ടിച്ചെത്തിയ
ജലപ്രവാഹത്തില്‍
ഇറുകെയാഴ്ന്നുപിടിച്ചു,
പുഴയുടെ കൂത്തിലേക്ക്
വലിച്ചെറിയപ്പെടുകയാണ്.
തുഴ പോയ ചങ്ങാടത്തില്‍
മലര്‍ന്നു വീഴുകയാണ്.
ജലതാണ്ഡവത്തില്‍
കുതിച്ചുകിതച്ചു പകച്ചുപോവുന്നു.
എവിടെയോ എത്തിനില്‍പ്പുണ്ട്
നിശീഥിനിയുടെ കമ്പിനാദങ്ങള്‍
ഓളങ്ങളുടെ മര്‍മ്മരങ്ങള്‍
കാറ്റിന്റെ ഈര്‍പ്പമുള്ള മുത്തങ്ങള്‍
ആശ്വാസം തരുന്നെങ്കിലും,
തീരം അതിപ്പോഴും
അജ്ഞാതമാണ് !
മരിക്കാതിരിക്കലല്ല
ജീവിതമെന്ന്
പുലമ്പിപ്പുലമ്പി,
അഴങ്ങളിലേക്ക്
നിശ്ചലത തേടാന്‍
എടുത്തു ചാടിയതാണ്.
നീന്താനറിയാവുന്ന കൈകള്‍
ആഴങ്ങളിലേക്കൂരിവിടാതെ
എന്തിനിങ്ങനെ
തോല്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...