ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കുഞ്ഞിപ്പാവ
വൃത്തിയില്ലാത്തൊരു
കുഞ്ഞിപ്പെണ്ണുണ്ട്!
ചേറുതിങ്ങിയ നഖക്കുഴികള്‍;
പുഴുപൂത്ത കിന്നരിപ്പല്ലുകള്‍;
ചീര്‍പ്പിറങ്ങാതെ പുറ്റുകൂടിയ
ചെമ്പന്‍ മുടിക്കാടുകള്‍;
അളികൂടി പശവലിയാലെ
കൂമ്പിപ്പോയ വെള്ളിക്കണ്ണുകള്‍;
വരക്കുവതവളെയിങ്ങനെ!
അച്ചാറ് തൊട്ട് വിരലീമ്പി
ലായനി കമിഴ്ത്തി
കരളുകത്തിപ്പടര്‍ത്തി
പമ്പരം കളിക്കുന്നൊരച്ഛനുണ്ട്!
പച്ചത്തെറികള്‍ പാറ്റിയെറിഞ്ഞ്
ഒഴിഞ്ഞ പാത്രങ്ങള്‍ അമ്മാനമിട്ട്
ട്രപ്പീസ് കളിക്കുമൊരമ്മയുണ്ട!
കുഞ്ഞിപ്പെണ്ണിന് കളിക്കാനൊന്നുമില്ല!
ഉമ്മറത്തിലെന്നും കുന്തിച്ചിരിപ്പാണ്‌ഴ
വഴി പോവുന്ന മാമന്‍
ടാറ്റ കാട്ടുമ്പോള്‍ മാത്രം
കുമുദമായ് വിരിഞ്ഞു
കിണുങ്ങിച്ചിരിക്കും!
ഒരൂസം മാമനൊരു പൊതി കൊടുത്തു
തുറന്നു നോക്കിയപ്പം
ദേ നീലക്കണ്ണുള്ള,
സ്വര്‍ണ്ണമുടിയുള്ള 'കുഞ്ഞിപ്പാവ'
കളിക്കാന്‍ കൂട്ടായപ്പോള്‍,
തുള്ളിച്ചാടി കാറിക്കൂവി
കുഞ്ഞിപ്പെണ്ണ്!
പിറ്റേന്ന് മാമന്‍ മിണ്ടിയില്ല
കുഞ്ഞിപ്പെണ്ണിന് സങ്കടമായി!
എന്താ മാമാ കൂടാത്തേ,
ആധിയോടവള്‍ കൊഞ്ചി
കുഞ്ഞിപ്പാവ തിരികെ നീട്ടി
മാമന്‍ ചൊല്ലി,
അത് മോള്‍ക്ക് കളിക്കാനുള്ളതാ.
മാമന് കളിക്കാനാരൂല്ല,
കളിക്കാന്‍ വരുമോ?
കുഞ്ഞിപ്പെണ്ണ്
കുഞ്ഞുവിരലുകള്‍ നീട്ടി
മാമനൊപ്പം ഇറങ്ങി!
ഭൂമി ഉരുട്ടുന്നത്
മഞ്ഞ വെളിച്ചം
ഉരുട്ടിയുരുട്ടി
ഞാന്‍ ഭൂമിയുണ്ടാക്കുകയാണ്
വെളിച്ചത്തിനെന്തൊരു
നീറ്റലും പുകച്ചിലുമാ!
എന്റെ കണ്ണതിനിടെ
കാട്ടുന്നത് നോക്കിക്കേ,
ഉള്ളിയരിയുകയാണെന്ന്
പാവം കരുതിക്കാണും!
കയ്യിലൊതുങ്ങുന്ന
വെട്ടത്തെ കോരിയെടുത്തു.
ചോരനീരുപ്പില്‍ കുഴച്ചു
ഗോളത്തിലേക്കു
മിനുക്കിയെടുക്കാന്‍
കൈകള്‍ തേവിക്കൊണ്ടിരിക്കയാണ്!
എളുപ്പത്തില്‍ ഉരുണ്ടുതരാതെ
വിരല്‍ വിടവുകളിലൂടെ
ഊര്‍ന്നുവാര്‍ന്നുപോവുന്നുണ്ട്
അനുസരണ കെട്ട വെട്ടം.
ദേ.. ഞെട്ടറ്റുതിര്‍ന്ന
ചെമ്പരത്തികള്‍
മടിക്കുത്തില്‍
കുമ്പിട്ടിരിപ്പുണ്ട്!
ഒന്നടങ്ങ്...പൂക്കളേ..
നിങ്ങള്‍ക്കൂടെ ചേക്കേറാനാണ്
ഉരുട്ടിക്കൊണ്ടിരിക്കുന്നത്!
വിടര്‍ന്നിട്ടും ചിരിച്ചിട്ടും
ആരോ കുലുക്കി വീഴിച്ച
ചുവപ്പു കാന്തികള്‍;
അല്ല! കാന്താരികള്‍
മിഴി ചിമ്മിച്ചിമ്മി
കാത്തിരിക്കുന്നത്
എന്തു കണ്ടിട്ടാണോ എന്തോ?
ഒതുക്കത്തില്‍
ഒരു ഭൂമി മെനയാന്‍
അറിയുന്നോരുണ്ടെങ്കില്‍ ..
വന്നേക്കണേ!
ഹാവൂ! നടു കഴയുന്നു..
ഒന്നു എണീക്കാമെന്നു വച്ചാല്‍..
കമ്മീസില്‍ നിന്നും
ചാടിത്തെറിക്കില്ലേ
മണ്ണുപുരളില്ലേ
കുടിയിറക്കിവിട്ട
ഈ അലവലാതിപ്പൂക്കള്‍ !.
ഉരുളും ഉരുളും
ഉരുണ്ടുരുണ്ടുരുണ്ടുരുണ്ട്
ഒരു നാള്‍ ഭൂമിയാവും!
എന്റെ ശിരോഭൂവില്‍
ചെമന്നുതുടിച്ച്
ജ്വാലകളാവാനാണ്
ചെമ്പരത്തികള്‍
കഴുത്തു
നീട്ടുന്നതെന്ന നേര്
ഇനിയും
പിടികിട്ടാതെ
ഞാനുരുട്ടുകയാണ്
ഭൂമിയെ; കൂടുന്നോ?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...