Malayalam Poem : കൊടിയ രഹസ്യങ്ങള്‍,  ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

By Chilla Lit SpaceFirst Published Jul 20, 2022, 4:52 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

Latest Videos

 

കണ്ണുകളില്‍ കുപ്പിച്ചില്ലെറിഞ്ഞ് 
കുത്തിമുറിവേല്‍പ്പിക്കുമ്പോഴെല്ലാം
കാഴ്ച കൂടിവരുന്നവരുണ്ട് 

കരിങ്കല്‍ തടവറകളിലിരുന്നു  
കാത്തുസൂക്ഷിക്കുകയാണവര്‍  
കൊടിയ രഹസ്യങ്ങള്‍!

കത്തിയെരിയുന്ന നാളൊരിക്കല്‍ 
കത്തിയോളം കൂര്‍ത്തും 
കല്ലിനോളം ഉറച്ചും 
കരളുറപ്പോടെ,
കനത്ത ഭിത്തികള്‍  
കൊത്തിത്തുരന്നിറങ്ങി 
കൂസലേതുമില്ലാതെ 
കവലകളിലേക്ക്  രഹസ്യങ്ങളെ  
കൈവീശി പറഞ്ഞയക്കും.

കത്തുന്ന  വിളക്കുകളെല്ലാം
കിറുകിറാ ഞെക്കിപ്പൊട്ടിച്ച്,
കൂവലോടത്  വരവറിയിക്കും. 

കൊടുങ്കാറ്റിലേക്ക് തീ ഊതി
കത്തിപ്പടരുമപ്പോള്‍   
കൊടിയ പരസ്യങ്ങളെപോല്‍.

കേള്‍വിയിലമ്പരപ്പേകുന്ന 
കാലാഹരണപ്പെട്ടവയെല്ലാം    
കോരിമറിഞ്ഞൊഴുകിപ്പരക്കും.

കാര്യമൊന്നുമില്ല !
കാലമേറെയോടുകയുമില്ല!

click me!