Malayalam Poem: സ്‌ട്രോബെറി വസന്തം, ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത

By Chilla Lit Space  |  First Published Feb 3, 2023, 3:35 PM IST


 ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കവിത


 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

മഴ തോരവേ
മുകിലുകള്‍
പഞ്ഞിക്കുപ്പായം
പിഴിഞ്ഞ് കുടയുന്നു
 
വെയില്‍ പായ വിരിക്കുന്നു.

മഴ നീങ്ങി
വെയില്‍ വിരിയും 
നേരങ്ങളിലെല്ലാം
താഴത്തെ
പെണ്ണൊരുത്തിക്ക്
ഉച്ച് കയറുന്നു
കൂട് വിട്ടിറങ്ങുന്നു.

നല്ല മണ്ണ് തേടിയലയുന്നു.
അകലെയൊരിടം കാണുന്നു.

അവിടുത്തെ കാറ്റിന്
എന്നും നെല്ലുമണമായിരുന്നു.
പതിവുകള്‍ മാറ്റാന്‍ കൊതിച്ച്,
അവള്‍ കൂന്താലിയെടുത്ത്
മണ്ണിലൂടെയോട്ടി സ്‌നേഹിച്ചു.
പതുപതുപ്പാക്കിയ
വിത കാത്ത പാടത്തില്‍  
സ്‌ട്രോബെറി തൈകള്‍ നട്ടു.

'ഈ കാലാവസ്ഥയില്‍ തെഴുക്കില്ല'

ഗുണദോഷിച്ചവരെയെല്ലാം
കള്ളനോട്ടത്താല്‍ കീഴ്‌പ്പെടുത്തി.

സ്‌ട്രോബെറി വസന്തം
സ്വപ്നങ്ങളില്‍ നിറഞ്ഞു.
അവള്‍ ശയിക്കുമ്പോള്‍
സ്ട്രോബെറി മഴ നനഞ്ഞു.
നാടാകെ സ്‌ട്രോബെറി ഉത്സവം.
ആര്‍പ്പോ... ഹിര്‍റ്രോ... പാടുന്നു.
നിരത്തുകളില്‍ ചൊരിയുന്ന
ചെഞ്ചുവന്ന കുഞ്ഞുപഴങ്ങളെ
താളത്തില്‍ ചവിട്ടി
സകലരും നൃത്തം വെക്കുന്നു.
പിങ്ക് ചാറ് തെറിക്കുന്നു.
ചുണ്ടുകള്‍ പുളിമധുരം നുണയുന്നു.
കവിളുകള്‍ മിനുങ്ങുന്നു.

പുലരി വന്നു വിളിക്കുമ്പോഴെല്ലാം
അവള്‍
കുന്നിനപ്പുറത്തെ
പാടം കാണാന്‍ പോവുന്നു
പച്ച പിടിച്ചിട്ടുണ്ട്.
ഇത്തിരി നീണ്ടിട്ടുണ്ട്.
മൂളിപ്പാടുന്നുണ്ട്
പോകെപ്പോകെ...
അന്നാണ്
സ്വര്‍ണ്ണക്കുലകളിളക്കി
നെല്‍വയല്‍ വരവേറ്റത്.

തനിക്ക് മീതെ
മറ്റാരോ വിതച്ചിരുന്നു.
സ്വപ്നങ്ങളില്‍ ചവിട്ടി
മറ്റാരോ സ്വപ്നം കണ്ടിരിക്കുന്നു.
ചിണുങ്ങിച്ചിണുങ്ങി
തിരികെ പോരുമ്പോള്‍
നെല്‍ത്തലപ്പുകള്‍
വിഷാദ രാഗത്തില്‍
വയലിന്‍ വായിക്കുന്നു.

വീട്ടിലെത്തി
പൊലിഞ്ഞ കിനാവോടെ
വിതുമ്പി വിതുമ്പി
കുതിര്‍ന്ന തൂവാലയോടെ
വാതില്‍ തുറക്കുന്നു.
സ്ട്രോബെറി മണം
ഇരച്ചു കയറുന്നു...!

ഒരു കൂട നിറയെ
ഹൃദയപ്പഴങ്ങള്‍
കൊണ്ടുവച്ചതാരാണ്?

ആരാണ് പ്രിയതമന്‍?
ആരാണ് കൃഷീവലന്‍?

ആരോ കണ്ണുപൊത്തുന്നു
ആ കൈകള്‍ക്ക്

അതേ...!

പഴുത്തുപാകമായ സ്‌ട്രോബെറികള്‍
പ്രണയലോലം പുണരുന്നു!

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!