Malayalam Poem : മറുകിന്റെ മണം, അതുല്‍ പൂതാടി എഴുതിയ കവിത

By Chilla Lit SpaceFirst Published Feb 24, 2022, 5:29 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  അതുല്‍ പൂതാടി എഴുതിയ കവിത

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

പതിവിലും വേഗം
ഉറങ്ങാന്‍ ചെല്ലുമ്പോഴും
സംശയത്തിനിടയില്ലാത്ത വിധം
ഒരുറപ്പായിരുന്നു.

അയാളെ കുറിച്ചോര്‍ക്കുമ്പോള്‍
എല്ലാ ക്ലോക്കുകളുടെയും കേന്ദ്രം
ഈ ദിവസമാകും.

അയാള്‍ 
മണ്ണെടുക്കുമ്പോള്‍ മാത്രം
വിളവറിയിക്കുന്ന കിഴങ്ങ്
വാര്‍പ്പ് വിള്ളലില്‍
മുളക്കുന്ന ചെടി
ചതുരച്ചക്രം

തുറക്കാതെ നീട്ടിവച്ച 
പഴയ സന്ദേശങ്ങളില്‍
സമയമെഴുത്ത്, 
ഉണക്ക മത്സ്യത്തിന്‍ മീതെ
കടല്‍കാക്ക കണക്കെ.

കൊത്താന്‍ വരുന്ന
അതിന്റെ നീലക്കണ്ണുകളില്‍
തണലത്തിരുത്തി
മുട്ടായി വാങ്ങാന്‍ പോയ മനുഷ്യന്റെ
രക്തം നിറയുന്നത് കാണും

അയാള്‍ക്കൊരു കാപ്പിയിട്ടത്
മണിക്കൂറുകള്‍ മുന്‍പ്,
ഒന്നിച്ചുള്ള ചിത്രം
ഇത്ര നാള്‍ പിന്നിലേത്,
'എത്ര മാസം മുന്നെയായിരുന്നു
ആ യാത്ര..?'

ഒരു കടല്‍ത്തുള്ളി അതിന്റെ 
മേഘത്തെ ഓര്‍ക്കും പോലെ
പിന്നിലേക്ക് പിന്നിലേക്ക്
മലക്കം മറിഞ്ഞ്
വക്കുതെറ്റി പണിത പട്ടമാകും
ഞാന്‍

അന്നേരമൊക്കെ
മയക്കത്തിനും മറവിക്കുമിടയില്‍
കുപ്പി വെളളത്തില്‍ കുമിള പോലെ
നുരച്ചു കെടുന്ന
അയാളുടെ ഒച്ച കേട്ട് 
ഒരു കെടുസ്വപ്നം കുടഞ്ഞിട്ട വിയര്‍പ്പില്‍
ഒറ്റ രോമം മുളച്ച
പുറംമറുകിന്റെ
മണം പിടിച്ച് 
നനഞ്ഞ്
എന്റെ വേര് 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


 

click me!