ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അനു നീരജ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അമ്മ കിടപ്പിലായാല്‍ പിന്നെ
അതിരാവിലെ അലാറത്തോടൊപ്പം
ഓടിത്തുടങ്ങുന്ന വണ്ടിക്ക്
പെട്ടെന്ന് വേഗം കുറയും.
അമ്മ കിടപ്പിലായാല്‍
ആ വീടും പതിയെ
ഒരു മയക്കത്തിലേക്കു കൂപ്പുകുത്തും.
കട്ടനും പലഹാരങ്ങളും
നന്നേ കൊതിപ്പിക്കും.
പനിക്കോളില്‍
വേവിച്ച പൊടിയരിക്കഞ്ഞിക്കും
ചുട്ട പപ്പടത്തിനും
അമൃതിന്‍ സ്വാദ് മണക്കും.
നെറ്റിയില്‍ തടവുന്ന
നനുത്ത സ്പര്‍ശവും
കോലാഹലങ്ങളും
നിലച്ചു പോകും.
ആരാലും ശല്യപ്പെടാതെ ഒരു ചിലന്തി ഭംഗിയായി
വലകള്‍ നെയ്തുകൂട്ടും.
അമ്മ കിടപ്പിലായാല്‍ പിന്നെ
വീടിന്റെ സംഗീതപ്പെട്ടിയിലേക്കുള്ള
വൈദ്യുതി വിച്ഛേദിക്കപ്പെടും.
അത്താഴത്തിന് മേല്‍
കരിഞ്ഞൊരു പപ്പടം കയറിയിരിക്കും.
വെള്ളച്ചോറില്‍ ഇടയ്ക്ക് ഉള്ളി തികട്ടും.
അമ്മയാകാന്‍ ശ്രമിച്ചു തളര്‍ന്നു പോയൊരച്ഛന്‍
അടുക്കളപ്പുറത്തു അന്ധാളിച്ചിരിക്കും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...