Malayalam Poem : ജീവപര്യന്തം, അന്‍സല്‍ന എഴുതിയ കവിത

By Chilla Lit Space  |  First Published May 20, 2022, 3:03 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  അന്‍സല്‍ന എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

തോരാതെ പെയ്യുന്നുണ്ട് മഴ
കൊടുംചൂട് തടവറയിലാക്കിയ
ഭൂമിക്കും ജീവജാലങ്ങള്‍ക്കും
ഒരാശ്വാസമെന്നോണം
പരോളിലിറങ്ങിയ കുറ്റവാളിയുടെ
സന്തോഷത്തോടെ!

ഒരിറ്റു ദാഹജലത്തിനായി
കേഴുന്ന പക്ഷികള്‍
ആശ്വാസമോടെ പുതുമഴ
നനഞ്ഞ് മരച്ചില്ലകളിലിരുപ്പുണ്ട്
ചിറകുകളില്‍ ഉതിര്‍ന്നു വീണ
മഴത്തുള്ളികളെ
പാറ്റിപ്പെറുക്കി കളയുന്നുണ്ട്
കൊക്കുകള്‍ കൊണ്ട്!

പുറത്തതാ ഒരു കാക്കയുടെ കരച്ചില്‍
മഴയത്തു കാക്ക കൂടു വീട്ടിറങ്ങിയാല്‍
ഉടനെ മഴ തോരില്ലെന്നു
മുത്തശ്ശിമാരുടെ പഴമൊഴി,
നേരാവുമല്ലേ.?

തോരാതെ പെയ്യുന്നുണ്ട് രണ്ടു മിഴികളും
മറ്റാരോ ചെയ്തൊരാ കുറ്റത്തിന്‍
ശിക്ഷയാല്‍ ജീവപര്യന്ത തടവറ
സ്വയമേറ്റു വാങ്ങിയവളുടെ
മിഴികളാണത്!

അപരന്റെ കുറ്റത്താല്‍
തടവിലായവള്‍ക്ക്
ആരോ കനിഞ്ഞു നല്‍കിയൊരു
പരോള്‍
ആര്‍ത്തിയോടെ ഉറ്റവരെക്കാണുവാന്‍
കൂട്ടിലകപ്പെട്ട പക്ഷിയേപ്പോല്‍
പരതി നടക്കുമ്പോള്‍
ആശങ്കയുണ്ട് കണ്ണുകളില്‍!

ഒടുവിലാ ദിവസമെത്തി
ജയിലഴിക്കുള്ളില്‍ നിന്നിറങ്ങിയവള്‍
ഹൃദയം പൊടിയുന്ന വേദനയോടെ
തിരിച്ചറിയുന്നു
ഇക്കണ്ട സ്വപ്നങ്ങളൊക്കെ
പാഴ്ക്കിനാവായിരുന്നെന്ന്!

മുന്‍പിലെ ശൂന്യമാം വീഥിയില്‍
ഉറ്റവരൊന്നും തനിക്കായി
കാത്തു നില്‍പ്പില്ലെന്നറിഞ്ഞു
വിളറി വെളുത്തുപോയവള്‍
വേദനയോടെ ഓര്‍ത്തു പോയി
തടവറയ്ക്കുള്ളിലെ ജീവിതം
നെറികേടിന്‍ ലോകത്തേക്കാള്‍
എത്രയോ ഭേദമെന്ന്!

ആര്‍ക്കുവേണ്ടിയാണോ ഓടിയെത്തിയത്
അവനാല്‍ നിഷ്‌കാസിതയായവള്‍ 
തന്റെ സ്ഥാനമലങ്കരിക്കാന്‍
വേറൊരുവളെ നെഞ്ചോടു ചേര്‍ത്ത
ക്രൂരത തിരിച്ചറിഞ്ഞവളുടെ
മിഴിയിലൂടൊഴുകിയ 
ചുടു നിണം
ഇനിയെന്തിനു പാഴാക്കണമെന്നൊരു
ചോദ്യമാ കണ്ണുകളില്‍
ദൈന്യതയോടെ തെളിഞ്ഞു കണ്ടു.

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!