ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അനന്തകൃഷ്ണന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മരിക്കാന്‍ തീരുമാനിച്ച മനുഷ്യന്‍
സന്തുഷ്ടരായ മറ്റു മനുഷ്യരെ പോലെ
കൃത്യസമയത്ത് അലാറം വെച്ചെഴുന്നേല്ക്കും.
ആതുരമായ തന്റെ വീടിനെ
ഒരിക്കല്‍കൂടെ
അടുക്കി ഒതുക്കി നോക്കും
ഉണക്കറൊട്ടിയില്‍
ഒരുവട്ടം കൂടി വെണ്ണതേച്ച് തിന്നു നോക്കും.
അല്ലെങ്കില്
കറിക്കുള്ള കഷ്ണങ്ങള്‍
നീളം വീതി അളന്ന്
കൃത്യമായി അരിഞ്ഞു തുടങ്ങും.
അതുമല്ലെങ്കില്‍
ഇന്നലത്തെ കാമുകന്റെ ഭോഗശിഷ്ടം ഉരച്ചു കളഞ്ഞ്
നന്നായ് ഒന്ന് കുളിക്കും
(വിണ്ട വയറിനെ തലോടിക്കൊണ്ട് വഴുക്കുന്ന ബാത്ത് ടബില്‍)
കിഴവന്‍ ക്ലോക്കിന്റെ ദീര്‍ഘ നിശ്വാസം അസഹ്യമാവുമ്പോള്‍,
പതിനൊന്നു മണിവെയിലിന്റെ അലനോക്കി മടുക്കുമ്പോള്‍,
പഴയ റേഡിയോ പൊടി തട്ടി പാട്ടു വെക്കും.
ഒപ്പം മൂളും
ഇടക്ക് പോയി ജനലുകള്‍ തുറന്നിടും
ഒടുക്കം
എത്രയും സ്വാഭാവികമായി
ആ ജനലിലൂടെ
മറ്റൊന്നും ചെയ്യാനില്ലാത്തവളെ പോലെ
ഉച്ച വെയിലിന്റെ ലംബരശ്മിയില്‍ തൂങ്ങിയാടും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...