വീട്ടാശുപത്രി ദിനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Mar 24, 2021, 6:01 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

 

വീട്ടാശുപത്രി ദിനങ്ങള്‍

 

ഒന്നാം ദിവസം.

കൊറോണയാണ് കാട്ടിത്തന്നത്
എന്നിലെ തൊട്ടാവാടിപ്പൂക്കളെ.
ഭയത്തിന്റെ അച്ചുത്തണ്ടില്‍
ഈ രാവ് താണ്ടാന്‍
മുന്‍പേ മറഞ്ഞവരുടെ 
ചിതകളിലെ  വെളിച്ചത്തില്‍
മഷി വറ്റുമെന്നുറപ്പിച്ച
പേന കൊണ്ട് അവസാന വരിയും
എഴുതാന്‍ തുടങ്ങുന്നു.

രണ്ടാം ദിവസം.

മഞ്ഞുകണങ്ങള്‍ പടര്‍ന്ന്
വിയര്‍ത്ത മുഖവുമായി സൂര്യന്‍,
എന്റെ ജനാലകളില്‍
പുഞ്ചിരിയുടെ
വെയില്‍വിരിയിടുന്നു.
സാക്ഷയിട്ട വാതിലുകള്‍ക്ക്
പിന്നിലിരിക്കുമ്പോള്‍,
പൊരുതാനെനിക്കെന്നെ 
വിളയിച്ചെടുക്കണം.
പ്രപഞ്ചമെന്ന ചിത്രകാരന്റ
സഞ്ചിയില്‍ നിന്നും തൂവിപ്പോയ 
നിറക്കൂട്ടുകള്‍ കൊണ്ട്
മടുപ്പിന്റെ വീട്ടുതടവില്‍ നിന്ന് 
ഒരു രഹസ്യവാതില്‍
പുറത്തേയ്ക്ക് വരച്ചിടണം.

മൂന്നാം ദിവസം.

വരണ്ട ചുണ്ടുകളെ
നീര്‍ത്തുള്ളികള്‍ 
നാവു നീട്ടി നനയ്ക്കുന്നു.
പനിവിത്തിട്ട് മുളപ്പിച്ച
കാഞ്ഞിര തൈകള്‍ തൊണ്ടയോളമാഴത്തില്‍ 
ആവുന്നത്ര വേരിറക്കി
രസമുകുളങ്ങളെ
മരവിപ്പിച്ചിരിക്കുന്നു.
അയല്‍പക്കത്തെ
അടുക്കളമണങ്ങള്‍ 
എനിക്കപ്രാപ്യമാവുന്നു.
അടര്‍ന്നു വീഴുന്ന കരിയിലകളുടെ
നെടുവീര്‍പ്പ് മാത്രം കാതുകളില്‍? 

നാലാം ദിവസം.

ചിലപ്പോള്‍ ഭൂമി
ഉപേക്ഷിക്കേണ്ടി വരും.
ഒരു നക്ഷത്രമെങ്കിലും
കണ്ടു വയ്ക്കണം
ചേക്കേറാന്‍.
കൈയില്‍ ചുരുട്ടിയ
കുറച്ചു സമയം
കവിത ചൊല്ലി ചൊല്ലി
എന്റെ മണ്ണളന്നു തിട്ടപ്പെടുത്തുന്നു.
വിഷാദങ്ങളെ ഗര്‍ഭം ധരിച്ച്
കണ്ണീരിന്റെ
ചോര തിണര്‍പ്പുകള്‍
നൃത്തം വയ്ക്കുന്നു.
യുദ്ധം അരൂപിയും
മനുഷ്യനും തമ്മിലാണ്,
മുന്നേറാനായാസമെങ്കിലും
ജയിക്കാതെ വയ്യ.

അഞ്ചാം ദിവസം.

അതിജീവനത്തിന് ,
പുണര്‍ന്നു സ്വീകരിയ്ക്കാന്‍ 
എനിക്കൊരു
കാമുകനെ വേണം.
ഒരിക്കലും തിരിച്ചു പോകാന്‍
കഴിയാത്ത വിധം,
അവന്റ നെഞ്ചാഴങ്ങളിലെന്റെ
പ്രണയ വിഷം തീണ്ടണം.
ദാഹിയായ്, ഏകാകിയായ്
ഞാനൊരു പരിപൂര്‍ണ്ണ
പ്രണയിനി തന്നെയാണ്.
നിങ്ങളെന്നെ
ചിത്തരോഗിയെന്ന് വിളിച്ചേക്കാമെങ്കിലും 
കാലപ്പഴക്കം ചെന്ന വീഞ്ഞിന്റെ
ലഹരി പോലെ
എന്റെ ഉന്മാദങ്ങള്‍
രാക്ഷസീയമായി പ്രണയിക്കാനൊരു 
കൊടിയ കാമുകനെ തേടുന്നു.
അവന്റെ വിരലുകളില്‍ നിന്ന് മരങ്ങള്‍,
മുടിയിഴകളില്‍ നിന്ന് കിളികള്‍,
വാക്കുകളില്‍ നിന്ന് കാറ്റ്,
ചുണ്ടിലെ ചൂളയിലെരിയുന്ന 
ചുംബനങ്ങള്‍ ,
കരിമ്പച്ച കാടുള്ള നെഞ്ചില്‍
കടലിന്റെ തിര ശബ്ദങ്ങള്‍.
പുതപ്പൂര്‍ന്നയെന്റെ  താഴ്വാരങ്ങളെ തൊട്ട് അവന്‍ പുഴകളുണ്ടാക്കണം ,
ജീവിതത്തിന്റെ
തുള്ളിയിറ്റിച്ചെന്നെ ഉണര്‍ത്തണം ,
കണ്ണിന്റെ അതിരുകളില്‍നിന്ന്
മേഘങ്ങളിലേക്ക് 
രതിനീരിന്റെ മുന്തിരിവള്ളികള്‍ പടര്‍ത്തണം.
അത്രമേലുറപ്പോടെ
ഉടലുരച്ചു തീകൂട്ടുന്നൊരുവനെ
കാണുമ്പോഴാകാം
പ്രണയത്തിന്റെ
എരിയുന്ന രുചി
എന്നില്‍ ത്രസിക്കുക.
തൂവലില്‍ ചില്ലകള്‍ കിളിര്‍പ്പിച്ച്
പച്ചനിറമുള്ളൊരു സ്വപ്നം
എന്നെ പൊതിയുമെന്നോര്‍ത്ത്
ഈ സമയമത്രയും ഞാനെന്റെ
മുറിവുകളുണക്കുകയായിരുന്നു.

ആറാം ദിവസം.

വൈറസിനും എനിക്കുമിടയില്‍
സമാധാനത്തിന്റെ
വെള്ള കൊടികള്‍
ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.
നിറമോ ജാതിയോ മതമോ
രൂപമൊയില്ലാത്തയൊന്നിനെ
ആദ്യമായി കാണുകയാണ്.
എങ്കിലും
നിന്റെ കൂടെ ഞാന്‍ വരുന്നില്ല.
പ്രതീക്ഷയെന്നയാളുടെ
കൈപിടിച്ചാണെന്റെ നടപ്പ്.

ഏഴാം ദിവസം.

ചോര പൊടിയുന്ന
രണ്ട് പാദങ്ങള്‍
വെളിച്ചത്തിലേയ്ക്കുയരുന്നു.
അവ വീണ്ടും തെരുവുകളെ
സ്വപ്നം കാണുന്നു.
വാക്കറ്റവരുടെ ഒറ്റമുറി
ശംഖ് എന്നപ്പോല്‍ 
കാതില്‍ ചേര്‍ക്കുന്നു.
ഉടലഴിച്ചു വച്ച്
ഇന്ദ്രിയങ്ങളുടെ അണപൊട്ടിച്ച്
ഭൂമിയുടെ ഗര്‍ഭപാത്രത്തിലേയ്ക്ക്
മരിച്ചവരുടെ സ്വപ്നങ്ങളെ 
തേവി നിറയ്ക്കുകയാണ് ഞാന്‍.

എട്ടാം ദിവസം.

മരണത്തിന് ഭൂരിപക്ഷമുള്ള
കഠിനമാരിയുടെ ദംശനങ്ങള്‍.
ഒന്നോര്‍ത്തു നോക്കൂ
എത്ര മുഷിഞ്ഞാണ്
ചുരുണ്ട ഹൃദയവുമായി
ചില രാത്രികളെനിക്ക്
കാവലിരുന്നത്..!
മഞ്ഞില്‍മരവിച്ച കല്ലറകളില്‍
വാടി വീണുകിടന്ന
പൂക്കളെ കാട്ടിത്തന്ന
നരച്ച പകലുകള്‍.

ഒന്‍പതാം ദിവസം.

കണ്ണില്‍ നിന്ന് തീപ്പേറി
ഇറങ്ങിയ കവിതകള്‍
മരിച്ചവരുടെ
രഹസ്യഭാഷയിലേയ്ക്ക്
വിവര്‍ത്തനം ചെയ്യുമ്പോഴാണ്
ടെസ്റ്റ് റിസള്‍റ്റില്‍ 
നെഗറ്റീവ് എനര്‍ജിയോടെ 
സ്‌നേഹമെന്നാല്‍ വിട്ടുകൊടുക്കലാണെന്ന് 
കവിളില്‍തട്ടി പറഞ്ഞുകൊണ്ട് 
വൈറസുകള്‍ ഇറങ്ങിപ്പോയത്.

പത്താം ദിവസം.

ഉടലിലൊരു
കാട്ടുചെമ്പകം 
പൂത്തിരിക്കുന്നു,
ദഹിച്ചസ്തമിച്ചിരുന്ന
എന്നിലേയ്‌ക്കൊരു
തഴുകലിന്‍ വാക്ക് പടരുന്നു.
സിരകളില്‍ വസന്തത്തിന്‍
ഋതു പാടുന്നു.

click me!