ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അംബി ബാല എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മേപ്പിള്‍ മരങ്ങള്‍ നിറഞ്ഞ പാതയോരത്തിലെ
വെളുപ്പും കറുപ്പും നിറങ്ങള്‍ പൂശിയ
സിമന്റ് ബെഞ്ചില്‍
നമ്മില്‍ നിന്ന് അന്ന്
നിറഞ്ഞു തൂവിയ പ്രണയത്തിന്റെ
നെഞ്ചിടിപ്പ് ഉറഞ്ഞുകിടപ്പുണ്ടാവും.
നമുക്ക് മാത്രം കേള്‍ക്കാന്‍ പാകത്തിന്
പെയ്ത മഴയില്‍ നിറയെ
ഹൃദയ ചിഹ്നങ്ങള്‍ പേറിയ
രണ്ടുമേഘങ്ങളുടെ
നീണ്ട സ്‌നേഹത്തിന്റെ
തണുപ്പായിരുന്നു.
തമ്മില്‍ പെയ്തുചേര്‍ന്ന്
മണ്ണിലൂടെ പരന്നൊഴുകി
വേര്‍പെട്ടുപോയ രണ്ടുടലുകള്‍
മഴതോര്‍ന്ന് പൊങ്ങിയ മഞ്ഞിലൂടെ
ചെമന്ന മേപ്പിളിലകളെ നോവിക്കാതെ
മൗനത്തിലേക്ക് വീണതും
കണ്ണുകള്‍ തുറന്നു
നമ്മളെ കൊത്തിവച്ച താളുകള്‍ നനഞ്ഞു.
ഡയറിയേക്കാള്‍ പ്രിയപ്പെട്ടത് നീ ആകയാല്‍
നിറഞ്ഞ കണ്ണുകള്‍ മറച്ചുപിടിച്ച്
പുല്‍പാതയിലൂടെ നടക്കുമ്പോള്‍
മഞ്ഞയും ഓറഞ്ചും നിറങ്ങള്‍ വിതറിയ
ആകാശവും ഭൂമിയും
ഏതോ ഭാവനയിലെ ചിത്രങ്ങളായി.
അന്ന് രാത്രിയില്‍ കണ്ട സ്വപ്നത്തില്‍
വിഷാദം കൊണ്ടൊരാള്‍ മേപ്പിള്‍ ഇലകള്‍ വരച്ചു
അതില്‍ നിറയെ
എനിക്കിഷ്ടപ്പെട്ട ചെമന്ന ഇലകള്‍
നിറം മങ്ങിയ സിമന്റ്ബഞ്ച്
അതില്‍ ഹൃദയമില്ലാതെ ഒരുവള്‍ വയലിന്‍ വായിക്കുന്നു.
ഒക്ടോബര്‍ മാസം വീണ്ടും വന്നു.
മേപ്പിള്‍ മരങ്ങള്‍
സിമന്റ് ബഞ്ചുകളില്‍
പ്രണയം പൊഴിച്ചു.
പാതകള്‍ നിറയെ സൗഹൃദങ്ങള്‍,
ചിരികള്‍, പതിഞ്ഞ വാക്കുകള്‍
നിറഞ്ഞ ആലിംഗനങ്ങള്‍.
ഇവിടെ
ഒരു ബഞ്ചില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍
പ്രകൃതി എന്നിലേക്കുറ്റുനോക്കുന്നുണ്ട്
പ്രണയത്താല്‍ പൊഴിക്കുന്ന മഴ
ഞാന്‍ മാത്രം നനയുകയും
നടപ്പാതകള്‍ തിരക്കിലേക്ക് മുങ്ങുകയും ചെയ്യുന്നു
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...