Malayalam Poem : കരിമ്പു കച്ചവടക്കാര്‍, അജിത്ത് പി പി എഴുതിയ കവിത

By Chilla Lit Space  |  First Published Apr 19, 2023, 8:28 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. അജിത്ത് പി പി എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

വട്ടംകുളത്തു നിന്നു
താഴെക്കിറയ്ക്കം

ഉഷക്കാലവെയില്‍ത്തിളക്കം

ഇടതുവശത്തിരിക്കുന്നു,
നീളന്‍ കരിമ്പുതണ്ടുകള്‍
തുണ്ടുതുണ്ടാക്കി
ജ്യൂസാക്കുന്ന ഒരാള്‍

ചണ്ടിയും നീരും
വേര്‍തിരിക്കുന്ന യന്ത്രത്തിന്റെ 
കടകടശബ്ദം.


...


ആളുകള്‍ക്കറിയാം

കാലങ്ങളായി
ഇയാളിവിടെ ഇരിക്കുന്നു-
ചിരിക്കാതെ.

കരിമ്പുനീരു കുടിച്ചു
ദാഹം തീര്‍ത്ത്,
ഇരുപതു രൂപാ കൊടുത്ത്
ആളുകള്‍ മടങ്ങുന്നു.

ഇതിനും മുന്‍പ്
ഇയാളുടെ പൂര്‍വികര്‍ ഇവിടെയിരുന്നു

ഇതേ യന്ത്രം 

ഇതേ കരിമ്പുനീര്


ഇയാളുടെ മുത്തച്ഛന്‍-
ഇതേ ഇരുമ്പുസ്റ്റൂളില്‍.

പേര് ബഷീര്‍
വൈക്കത്തു നാട്.


ഇയാളെക്കാള്‍
ചിരിക്കാരന്‍
ഇത്തിരി പിരാന്തുള്ളവന്‍.

ദാഹിക്കുന്നോര്‍ക്കു
കരിമ്പിനു കാശു വാങ്ങാത്തവന്‍

അയാളുടേതും
അല്ലത്രേ യന്ത്രം.

അതില്‍ക്കും പണ്ട്,
കുടുമ വെച്ച കാരണവ
കൊണ്ടുവന്നത്.

എണ്ണയാട്ടുന്ന
കുടുംബത്തൊഴില്‍ വിട്ട്,
വട്ടംകുളത്ത് 
മധുരിക്കും കരിമ്പുനീരുമായ് വന്ന
നൊസ്സുകാരന്‍.

കാശു വാങ്ങാത്തവന്‍.

തിരൂരുമങ്ങാടിപ്പുറത്തും
പൊന്നാനിച്ചന്തയിലും,
അങ്ങനെ മലനാട്ടിലെല്ലാം
തേടിച്ചെന്നവര്‍ക്കു വെറുതേ 
മധുരം കൊടുത്തവന്‍.


അവന്റെ
പിന്മുറക്കാരത്രേ
ഇന്നും നാടുനീളെ നടന്നു
കരിമ്പുവില്‍ക്കുന്നവര്‍.

അവരെപ്പോല്‍ നീണ്ട,
അവരെപ്പോല്‍
വെയിലേറ്റു മെലിഞ്ഞ 
കരിമ്പുതണ്ടുകള്‍
കാണുമ്പോള്‍
അത്ഭുതത്തോടെ 
ഞാന്‍ അവരെയോര്‍ക്കും

അതില്‍നിന്നും
നീരുണ്ടാക്കുന്ന വിദ്യ
എനിക്കറിയില്ല.

...

എങ്കിലും,
ഇന്നിതാ
ഈ കച്ചവടക്കാരന്‍
എനിക്കു നേരെ
ചിരിച്ചു കൊണ്ടൊരു
കരിമ്പുതണ്ടു നീട്ടുന്നു.

'കൈനീട്ടി വാങ്ങൂ!

ഇതിന്റെ ഹൃദയത്തില്‍ നിന്നും
മധുരമുണ്ടാക്കുന്ന
ഒറ്റവരിമന്ത്രത്തിനു
പേര്,
മലയാളം!'

click me!