ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അജിത് പിപി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കുറ്റിപ്പാലുസ്‌കൂളില്‍
നടന്നുപോകും വഴിയില്‍
ഇരുപുറത്തും പൂക്കള്‍ക്കുപകരം
നായ്ക്കഥകളായിരുന്നു.
കുട്ടികളെ ഓടിക്കുന്ന,
ഓടിച്ചിട്ട് കടിക്കുന്ന,
കുട്ടേട്ടനെ കണ്ട് കുരയ്ക്കുന്ന,
നായ്ക്കൂട്ടത്തിന്റെ കഥകള്‍.
മനുഷ്യരുടെ
സ്വൈര്യവിഹാരത്തിലേക്ക്,
കുട്ടികളുടെ
'തുള്ളിച്ചാടി സ്‌കൂള്‍പോക്കി'ലേക്ക് നോക്കി,
കല്ലുകള്‍ പെറുക്കിയെറിയും പോലെ
കുരക്കുന്ന
കൂര്‍ത്ത പല്ലുകളുള്ള
നായ്‌മോറന്‍ കഥകള്‍.
'ആ മേലോടത്തേക്ക്
ഓടീണ്ട്, സൂക്ഷിച്ചു പൊക്കോ.'
'കണ്ടാല്‍ ഓടണ്ട,
മിണ്ടാതെ വേഗം പോരോണ്ടൂ.'
കരുതലോടെ,
കണ്ണില്‍ മിന്നുന്ന പേടിയോടെ,
കോലായകളില്‍ നിന്ന്
ഇറങ്ങിവന്ന
സൂക്ഷ്മതയുള്ള
നായ്ക്കളെക്കണ്ടാലു-
പദേശങ്ങള്‍.
തൊടിയില്‍,
എറിഞ്ഞാല്‍ കൊള്ളുന്ന വടിയുള്ള
നായപ്പേടിയില്ലാത്ത
കുറുക്കനമ്മാവന്‍.
ഇതൊന്നുമറിയാത്ത,
ഓടിയാലേറു കിട്ടുന്ന,
എറിഞ്ഞാലതിവേഗമോടുന്ന
നായ്ക്കള്‍.
കുന്നത്തെ, പാടത്തെ,
ഇല്ലിപ്പറമ്പിലെ നായ്ക്കള്‍.
കഥകളില്‍,
കുറുക്കനമ്മാവന്മാര്‍
ദൂരെയുള്ള പട്ടിയുടെ
കാലിനു പരിക്കേല്‍പ്പിച്ചു
വീരാളിപ്പട്ടു വാങ്ങി:
ഏറുകൊണ്ട
നായ്ക്കള്‍,
കടിക്കാനറിയാത്തവര്‍-
മനുഷ്യര്‍
പറയാറുള്ളതു പോലെ,
'നിന്നെ പിന്നെ എടുത്തോളാമെടാ'
എന്നു പറയാനറിയാത്തവര്‍-
ഒടിഞ്ഞ കാലുകളുമായ്
ഒഴിഞ്ഞ പറമ്പുകള്‍ തേടിപ്പോയി.
'നായ്ക്കളെ കല്ലെറിയല്ലേ.
ഓറ്റ കടിക്കൂല.'
-കുറുക്കനമ്മാവന്റെ
ചെറിയ മോന്‍ പറയും.
എങ്കിലും,
നായ്ക്കളെക്കണ്ടാല്‍
ഞാന്‍ കല്ലെടുക്കും.
കുറുക്കനമ്മാവന്‍,
പറഞ്ഞതോര്‍മ്മിക്കും.
-'ഓറ്റേടെ
പല്ലു കണ്ടാലറിയില്ലേ?'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...